കോവിഡ് വ്യാപനം: സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു
text_fieldsദോഹ: കോവിഡ് വ്യാപനം കൂടുകയും ദിനംപ്രതി പരിശോധന നടത്തുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ഖത്തറിലെ സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു. ഫലം വൈകുന്നതുകാരണം പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെടുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനഫലം ലഭിക്കാൻ വൈകുന്നതാണ് യാത്രാ തടസ്സങ്ങൾക്ക് കാരണമാവുന്നത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നവർ യാത്രയുടെ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധനഫലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്തെങ്കിലേ യാത്രാനുമതി ലഭിക്കൂ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പലപ്പോഴും ഫലം ലഭിക്കാൻ വൈകുന്നത് തിരിച്ചടിയാവുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ആർ.ടി.പി.സി.ആർ പരിശോധന നടത്താനായി സ്വകാര്യ ലാബിൽ പുലർച്ച അഞ്ചിന് എത്തിയെങ്കിലും തനിക്ക് ലഭിച്ചത് 153ാം നമ്പർ ടോക്കൺ ആയിരുന്നുവെന്ന് ഇന്ത്യൻ പ്രവാസിയുടെ അനുഭവം 'ദി പെനിൻസുല'റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ രണ്ടുമുതൽ തന്നെ ആളുകൾ ലാബിനുമുന്നിൽ പരിശോധനക്കായെത്തുന്നുവെന്നും ഏഴിന് മുമ്പുതന്നെ പരിശോധന ക്വോട്ട അവസാനിക്കുന്നതായും റിപ്പോർട്ട് പറയുന്നു. പരിശോധന ഫലങ്ങള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുക്കുമെന്നും ചില സന്ദര്‍ഭങ്ങളില്‍ 48 മണിക്കൂറില്‍ അധികം സമയംപിടിക്കുമെന്നും മിക്ക ക്ലിനിക്കുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കേണ്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് യാത്ര മാറ്റിവെയ്ക്കുകയല്ലാതെ വഴിയില്ല. ചില സന്ദർഭങ്ങളിൽ പരിശോധനഫലം ലഭിക്കാൻ 70 മണിക്കൂറിലേറെയും സമയമെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ തങ്ങൾ ഉത്തരവാദിയല്ലെന്ന് ക്ലിനിക്കുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നത്.
മകന്റെ യാത്രാവശ്യത്തിന് പരിശോധന നടത്താൻ മൂന്ന് ക്ലിനിക്കുകൾ കയറിയിറങ്ങിയതായി ഒരു രക്ഷിതാവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച കാനഡയിലേക്ക് യാത്ര ചെയ്യേണ്ട മകന് ആർ.ടി.പി.സി.ആർ പരിശോധനഫലം ലഭിക്കുന്നതിനായി മൂന്നാമത്തെ ക്ലിനിക്കിൽ മാത്രമേ സാമ്പിൾ സ്വീകരിച്ചുള്ളൂവെന്നും എന്നാൽ ഫലം വൈകിയതുകാരണം നേരത്തെ ബുക്ക് ചെയ്ത വിമാനത്തിൽ യാത്രചെയ്യാൻ കഴിഞ്ഞില്ലെന്നും ടിക്കറ്റ് മാറ്റിയെടുത്തെന്നും ഇദ്ദേഹം പറയുന്നു. യാത്രക്കാർ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യുന്ന പ്രവണത സജീവമായതായി ട്രാവൽ ഏജൻസി മേഖലയിലുള്ളവരും പറയുന്നു. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.