മിനിമലിസ്റ്റ് ജീവിതശൈലിയുടെ കാലം
text_fieldsമുൻകാല പ്രവാചകരും മുനിവര്യരും ഗാന്ധിജിയടക്കമുള്ളവരും പിന്തുടർന്നിരുന്ന ലളിത ജീവിതശൈലി പല നാടുകളിലും ഇപ്പോൾ മിനിമലിസ്റ്റ് ജീവിതശൈലി എന്ന പേരിൽ തരംഗമാകുകയാണ്. കൈവശമുള്ള വസ്തുവകകൾ പരമാവധി ചുരുക്കി കൊണ്ടുവന്ന് ഉള്ളതു കൊണ്ട് തൃപ്തിയടഞ്ഞു ജീവിക്കാനും സ്വയംപര്യാപ്തത നേടാനും ശ്രമിക്കുക, സാധനങ്ങൾ എമ്പാടും വാങ്ങിക്കൂട്ടുന്ന ഉപഭോക്തൃ സംസ്കാരം ഒഴിവാക്കുക. പകരം അനുഭവങ്ങളും ദൃഢമായ ബന്ധങ്ങളും ഏറെ സ്വന്തമാക്കുക, സമയം അനാവശ്യമായി പാഴാക്കുന്നത് ഒഴിവാക്കുക എന്നിവയൊക്കെയാണ് ഈ ജീവിതശൈലിയുടെ ലക്ഷ്യങ്ങൾ. സമ്മർദ്ദ രഹിത ജീവിതം, സന്തോഷകരമായ ബന്ധങ്ങൾ, ധനലാഭം എന്നിവയൊക്കെയാണ് ഈ ജീവിതരീതി പിന്തുടരുന്നവർ ഗുണങ്ങളായി അവകാശപ്പെടുന്നത്.മഹാമാരിയുടെ ഈ കാലത്തു പലരും അനുഭവിച്ചറിഞ്ഞിട്ടുള്ള ഈ ജീവിതരീതി പ്രാവർത്തികമാക്കാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം:
എല്ലാ വർഷവും, കൈവശമുള്ള വസ്തുവകകളുടെ ഒരു കണക്കെടുപ്പ് നടത്തുക. ഓരോ വസ്തുവും ഇപ്പോഴും നിങ്ങൾക്ക് ഉപയോഗപ്രദമോ മനോഹരമോ വിലപ്പെട്ടതോ ആണോ? ഇല്ലെങ്കിൽ, അത് ഒഴിവാക്കാനുള്ള സമയമാണിത്.നിങ്ങളുടെ മിക്ക വസ്തുവകകളും ഫോട്ടോയെടുത്ത് കമ്പ്യൂട്ടറിൽ സംഭരിച്ചുകൊണ്ട് ഡിജിറ്റലൈസ് ചെയ്യുക. ഇത് അതിൻെറ നൊസ്റ്റാൾജിക് മൂല്യം നിലനിർത്തുകയും അത് എന്നെന്നേക്കുമായി കൊണ്ടുനടക്കുന്നത് ഒഴിവാക്കുകയും ചെയ്യും.
നിങ്ങൾ ഒരു പുതിയ സാധനം വാങ്ങുന്നതിന് മുമ്പ്, ഈ ചോദ്യങ്ങൾ ചോദിക്കുക: നിങ്ങൾക്ക് ഇത് ഇപ്പോൾ ശരിക്കും ആവശ്യമുണ്ടോ? കുറച്ചുകൂടെ കാത്തിരിക്കാമോ? നിങ്ങൾ ഇത് പലപ്പോഴും ഉപയോഗിക്കുമോ? ഇത് ഒരു പെട്ടെന്നുള്ള തീരുമാനമാണോ അതോ നന്നായി ചിന്തിച്ചെടുത്തതാണോ എന്ന് ഉറപ്പു വരുത്തുക. പുറത്തു പോകുമ്പോൾ സ്ഥിരമായി ഒരേ തരം വസ്ത്രം ധരിക്കണമെന്ന ആശയം പരിഗണിക്കുക. ചിലർ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന പോലെ ഓഫീസിൽ പോകുന്നവർക്ക് എല്ലാ ദിവസവും ഒരേ കളർ ഷർട്ടുകളിലേക്ക് മാറി നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ വസ്ത്രങ്ങളുടെ എണ്ണം കുറക്കാനും എന്ത് ധരിക്കണമെന്ന തീരുമാനം എളുപ്പമാക്കാനും സഹായിക്കും. ഒരു നിശ്ചിത എണ്ണം വസ്ത്രങ്ങൾ മാത്രം സൂക്ഷിക്കുക. ഓരോ തവണയും നിങ്ങൾ ഒരു പുതിയ വസ്ത്രം വാങ്ങുമ്പോൾ, പഴയത് ഉപേക്ഷിക്കുകയോ ദാനം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എല്ലാ വർഷവും ഒരിക്കൽ നിങ്ങളുടെ കൈവശമുള്ള എല്ലാ വസ്ത്രങ്ങളും ഒന്ന് പരിശോധിക്കുക. വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ അത് ധരിച്ചിട്ടില്ലെങ്കിൽ, അത് ഒഴിവാക്കാനുള്ള സമയമാണ്. തീർത്തും അത്യാവശ്യമില്ലെങ്കിൽ വായ്പയെടുക്കുകയോ ആരിൽ നിന്നും കടം വാങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ പക്കലുള്ള പണം ഉപയോഗിച്ച് നിങ്ങൾക്ക് ആ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ അതിനെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ട്. നിങ്ങൾക്ക് കൂടുതൽ പണം ലഭിക്കുന്നതുവരെ ഒരു പക്ഷേ കാത്തിരിക്കാം.എല്ലാ കടങ്ങളും എത്രയും വേഗം തിരിച്ചു വീട്ടാൻ ഓർമിക്കുക. നിങ്ങൾ ചെലവഴിക്കുന്ന ഓരോ തുകയും കണക്കെഴുതി ജീവിതം ഓഡിറ്റ് ചെയ്യരുത്. പകരം നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കാതെയും നിങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കാതെയും ഒരു നിശ്ചിത തുക നിർബന്ധിത നീക്കിയിരിപ്പായി മാറ്റുക. ഭാവിയിൽ നിങ്ങൾ ജീവിച്ചേക്കാവുന്ന ജീവിതത്തേക്കാൾ നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ജീവിതം വിലപ്പെട്ടതാണെന്ന് ഓർമ്മിക്കുക.
നല്ല ബന്ധങ്ങളിൽ നിക്ഷേപിക്കുക. സമ്പർക്കം പുലർത്തുന്നതിനും ബന്ധങ്ങൾ സൂക്ഷിക്കുന്നതിനും സമയവും ഊർജ്ജവും ചെലവഴിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂട്ടായ പങ്കിട്ട അനുഭവങ്ങളും നല്ല ഓർമകളും ഉണ്ടായിരിക്കുക എന്നതാണ് ആശയം. നിങ്ങൾ പ്രായമാകുമ്പോൾ, പ്രാധാന്യമുള്ള കാര്യങ്ങൾ ബന്ധങ്ങളും ഓർമകളും മാത്രമായിരിക്കും. നിങ്ങൾക്ക് പ്രാധാന്യമുള്ള ആളുകളുമായി കൂടിയിരിക്കുമ്പോൾ, അവർക്ക് പൂർണ്ണ ശ്രദ്ധയും ഗുണമേന്മയുള്ള സമയവും നൽകുക.നിങ്ങളുടെ ജീവിതത്തിൽ നിന്ന് ചീത്ത ബന്ധങ്ങൾ ഇല്ലാതാക്കുക. ഒരു വ്യക്തിക്ക് നിങ്ങളുടെ നേട്ടങ്ങളിൽ താൽപ്പര്യങ്ങൾ ഇല്ലെങ്കിൽ, ആ വ്യക്തിയുമായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം പാഴാക്കുന്നതിൽ അർത്ഥമില്ല.
സമൂഹ മാധ്യമങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക. മൊബൈലിൽ നിന്ന് ആപ്പുകൾ ഒഴിവാക്കിയും നിശ്ചിത സമയം മാത്രം കമ്പ്യൂട്ടറിൽ ഉപയോഗിച്ചും അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിന്നും ഒക്കെ നിങ്ങൾക്ക് സമയം ലാഭിക്കാം. പൊതുഗതാഗതം മാത്രം ഉപയോഗിക്കുക, ഫർണിച്ചറുകളുടെ എണ്ണം കുറക്കുക, ഒരു ചെറിയ വീട്ടിലേക്ക് താമസം മാറുക എന്നിങ്ങനെയുള്ള മിനിമലിസ്റ്റ് ജീവിതത്തിന് ഇനിയും നിരവധി മാർഗങ്ങളുണ്ട്. പുറത്തു പോകുമ്പോൾ നിങ്ങളുടെ സ്വന്തം വ്യക്തിഗത സാധനങ്ങൾ ഉപയോഗിച്ച് ഡിസ്പോസിബിൾ മാലിന്യങ്ങൾ കുറക്കാൻ ശ്രമിക്കുന്ന മറ്റൊരു വശമാണ് സീറോ വേസ്റ്റ് പോളിസി. തൂവാലകൾ, മെറ്റൽ സ്ട്രോ, വെള്ളക്കുപ്പികൾ, പലചരക്ക് ബാഗുകൾ എന്നിവ ഉദാഹരണം.
ചിലത് വളരെ തീവ്രമായി തോന്നാം, ചിലത് തീർത്തും അസൗകര്യമുണ്ടാക്കാം. നിങ്ങളുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സമീകൃത രീതി സ്വന്തമായി കണ്ടെത്തുക എന്നതാണ് മിനിമലിസ്റ്റ് ജീവിതത്തിൻെറ യഥാർത്ഥ ആശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.