കോവിഡ് പരിശോധനയും ഫലവും 10 മിനിറ്റിൽ; പുതിയ സംവിധാനം ഉടൻ
text_fieldsദോഹ: 10 മിനിറ്റിനുള്ളിൽ ഇനി കോവിഡ്–19 പരിശോധനയും ഫലവും അറിയാം. പുതിയ സംവിധാനം ഉടൻ ഖത്തറിൽ ലഭ്യമാകുമെന്നും പരിശോധനഫലം കൂടുതൽ കൃത്യതയുള്ളതായിരിക്കുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം മേധാവി ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്ത് ശരീരത്തിലെ ആൻറിജൻ പരിശോധിക്കുകയും പിന്നീട് അത് ടെസ്റ്റ് കാർഡിലേക്ക് നിക്ഷേപിക്കുകയും ചെയ്യുകയാണ് ഈ സംവിധാനത്തിലെ പരിശോധനാ നടപടികൾ. കോവിഡ് പ്രത്യക്ഷ ലക്ഷണങ്ങളായ ചുമ, ഉയർന്ന ശരീര താപനില തുടങ്ങിയവ പ്രകടമാക്കുന്നവരിലാണ് പരിശോധന നടത്തുക. രോഗബാധയുടെ ആദ്യ ആഴ്ചയിൽ തന്നെ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും. 97 ശതമാനം കൃത്യതയാണ് ഈ പരിശോധനക്ക് ലഭിക്കുന്നതെന്നും ഡോ. ഈനാസ് അൽ കുവാരി വ്യക്തമാക്കി.
റാപ്പിഡ് മാനുവൽ ആൻറിജൻ പരിശോധനക്ക് പുറമേ, പരിശോധനക്കായി പ്രത്യേക ഉപകരണവും ഇതോടൊപ്പമുണ്ടാകും.ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനയുടെ പരീക്ഷണം ആരംഭിച്ചതായും അവർ ചൂണ്ടിക്കാട്ടി. പുതിയ പരിശോധന സംവിധാനത്തിൽ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയക്കേണ്ട ആവശ്യം വരുകയില്ല. ആ ഉപകരണത്തിലൂടെ തന്നെ ഫലം അറിയാൻ സാധിക്കും. വളരെ വേഗത്തിൽ രോഗിക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ഇത് ഏറെ സഹായിക്കും.
മാനുവൽ റാപ്പിഡ് ആൻറിജൻ ഉപകരണം പരിശോധിക്കുകയും ബന്ധപ്പെട്ട റെഗുലേറ്ററികളിൽ നിന്നുള്ള അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ സംവിധാനം ഖത്തറിൽ ലഭ്യമാക്കുമെന്നും ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.