കോവിഡ്: മികച്ച പ്രതിരോധം ദശലക്ഷം പേർക്ക് തുണയായി
text_fieldsദോഹ: കോവിഡിന് തടയിടാൻ ഖത്തർ നടപ്പാക്കിയത് മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ. ഇതിലൂടെ ദശലക്ഷം പേർക്ക് കൊറോണ വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത തടയാനായി. ഹമദ് മെഡിക്കൽ കോർപറേഷൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ലതീഫ് അൽ ഖാലാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ്–19 വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിലും പൊതുജനാരോഗ്യ സുരക്ഷ മാനദണ്ഡങ്ങളിലും ഭരണകൂടം അയവ് വരുത്തിയിരുന്നെങ്കിൽ സ്ഥിതി ഭീകരമായേനെ. വൈറസ് വ്യാപനത്തിെൻറ പ്രത്യാഘാതം ദേശീയ ആരോഗ്യ സംവിധാനത്തെ വരെ ബാധിച്ചേക്കുമായിരുന്നു. എന്നാൽ, മികച്ച പ്രതിരോധ പ്രവർത്തനങ്ങൾമൂലം ഈ സാധ്യതകളൊക്കെ മറികടക്കാനായി. ഖത്തർ ഫൗണ്ടേഷനിൽ ടെക്സാസ് എ.എം യൂനിവേഴ്സിറ്റി ഖത്തർ സംഘടിപ്പിച്ച മആരിഫിയ വെബിനാർ സീരീസിൽ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിെൻറ തീരുമാനങ്ങളെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യം. സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. രോഗികൾക്കിടയിൽ വിവേചനം കാണിക്കാതെ എല്ലാവർക്കും തുല്യമായ, മികച്ച ചികിത്സ നൽകാൻ സാധിച്ചു. അത് ലോകത്തിൽതന്നെ ഏറ്റവും കുറവ് കോവിഡ്–19 മരണനിരക്കുള്ള രാജ്യമെന്ന നേട്ടത്തിലേക്ക് ഖത്തറിനെ എത്തിച്ചുവെന്നും ഡോ. അൽ ഖാൽ വിശദീകരിച്ചു. സർക്കാറിെൻറ നിയന്ത്രണങ്ങളിലെയും സുരക്ഷ മുൻകരുതലുകളിലെയും കാർക്കശ്യം രോഗവ്യാപനത്തിെൻറ തോത് കുറക്കാൻ സഹായിച്ചിട്ടുണ്ട്. വളരെ വേഗത്തിലാണ് ജനങ്ങൾക്കിടയിൽ രോഗം വ്യാപിച്ചത്. ഒരു ദശലക്ഷത്തോളം പേർക്ക് കോവിഡ്–19 ബാധിച്ചിരുന്നെങ്കിലുള്ള അവസ്ഥ ദയനീയമാകുമായിരുന്നു. രാജ്യത്തിെൻറ ആരോഗ്യ സംവിധാനത്തെതന്നെ അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. രാജ്യം നടപ്പാക്കിയ കർശന നിയന്ത്രണങ്ങളും നടപടികളും കാരണം പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിയിരുന്ന ഗുരുതരമായ കേസുകളിൽ 77 ശതമാനം കുറവ് വരുത്താനായിട്ടുണ്ട്.
കോവിഡ്–19 മൂലം ഇതുവരെ രാജ്യത്ത് 229 മരണങ്ങളാണ് ഉണ്ടായത്. മരണപ്പെട്ടവരുടെ കുടുംബത്തിെൻറ ദുഃഖങ്ങളിൽ പങ്കു ചേരുകയാണ്. എല്ലാവർക്കും ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാക്കിയത്. തുടക്കത്തിൽതന്നെ രോഗം കണ്ടെത്തി മികച്ച ചികിത്സ നൽകാൻ സാധിച്ചതിലൂടെ ലോകത്തിൽതന്നെ മരണ നിരക്ക് കുറവുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തറിന് എത്താൻ സാധിച്ചു.
വിദേശത്തുനിന്നെത്തിയ 48 പേർക്കുകൂടി കോവിഡ്
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച 249 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 48 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 271 പേർക്കാണ് വെള്ളിയാഴ്ച രോഗമുക്തി ഉണ്ടായത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 229 ആയി. നിലവിലുള്ള ആകെ രോഗികൾ 2883 ആണ്. വെള്ളിയാഴ്ച 9,665 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ ആകെ 9,18,548 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,30,711 പേർക്കാണ് ആകെ ൈവറസ്ബാധ ഉണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. 1,27,599 േപർക്കാണ് ഇതുവരെ രോഗം ഭേദമായത്. 378 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. 35 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.