കോവിഡ് വാക്സിൻ: രണ്ടാം ഡോസും സ്വീകരിക്കൽ അനിവാര്യം
text_fieldsദോഹ: കോവിഡ് വാക്സിനേഷന് പദ്ധതി ആരംഭിച്ചതിനു ശേഷം ആകെ 3,27,582 ഡോസുകള്‍ നൽകിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. വാക്സിന് ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ എല്ലാവരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പിെൻറ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവും ദുര്‍ബലരായവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രായാധിക്യം മൂലവും മറ്റും അപകട സാധ്യതയുമുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇതു സഹായിച്ചതായും മന്ത്രി പറഞ്ഞു. ശേഷിക്കുന്നവരോടും വാക്സിന് അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വാക്സിനേഷന് പദ്ധതി വികസിപ്പിക്കുകയാണ്. ഓരോ ആഴ്ചയിലുമുള്ള വാക്സിനുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫൈസര്‍ വാക്സിനോടൊപ്പം മോഡേണ കൂടി എത്തിയതോടെ വാക്സിന് പ്രോഗ്രാമിന് വേഗം കൂടിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
80 വയസ്സിനു മുകളിലുള്ള 61 ശതമാനം പേര്, 70 വയസ്സിനു മുകളിലുള്ള 61 ശതമാനം പേര്, 60 വയസ്സിനു മുകളിലുള്ള 55 ശതമാനം പേര് എന്നിങ്ങനെയാണ് ഇതുവരെ വാക്സിനേഷന് സ്വീകരിച്ചവരുടെ കണക്ക്. വാക്സിനേഷന് പ്രോഗ്രാമിെൻറ ആദ്യ ആറാഴ്ചയില്‍ 60,000 ഡോസുകളാണ് നൽകിയത്. കഴിഞ്ഞ ആറാഴ്ചക്കകം മുന്‍ഗണനാ ഗ്രൂപ്പുകാര്‍ക്ക് 2,67,000 ഡോസുകളാണ് നൽകിയത്. വാക്സിനുകളുടെ കൂടുതല്‍ ലഭ്യതയും ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെൻറര്‍, ലുസൈല്‍ ഡ്രൈവ് ത്രൂ വാക്സിനേഷന് സെൻറര്‍ എന്നിവ ഉള്‍പ്പെടെ അധിക വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറന്നതും നേട്ടമായി.
ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനും യോഗ്യത വിപുലീകരിക്കാനും ഇക്കാരണങ്ങളാൽ സാധിച്ചതായി കോവിഡ് ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിെൻറ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്പറേഷന് പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. മോഡേണ, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസിനു ശേഷം മികച്ച പരിരക്ഷ നൽകുന്നതായി ലോകമെമ്പാടും ക്ലിനിക്കല്‍ തെളിവുകളുണ്ട്. വാക്സിെൻറ ശരിയായ ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ എല്ലാവരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണെന്ന് ഡോ. അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ 50 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍, ഏതു പ്രായത്തിലായാലും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, ആരോഗ്യ സംരക്ഷണ രംഗത്തുള്ളവര്‍, വിവിധ മന്ത്രാലയങ്ങളിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പ്രധാനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടുന്നതാണ് മുന്‍ഗണനാ വിഭാഗം.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്, രണ്ടും അമേരിക്കൻ ഉൽപന്നം. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ സൗജന്യം. രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രം. ഫൈസർ 16 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് നൽകും. മൊഡേണ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്. രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.