ഖത്തറിൽ നാളെ മുതൽ കോവിഡ് വാക്സിൻ നൽകും; എല്ലാവർക്കും സൗജന്യം
text_fieldsദോഹ: ഖത്തറിൽ ഡിസംബർ 23 മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കോവിഡ് 19 വാക്സിൻ കാമ്പയിൻ തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത് സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക.
ആദ്യഘട്ടത്തിൽ പ്രായമായവർ, ദീർഘകാല അസുഖങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് വാക്സിൻ നൽകുക. രാജ്യത്തെ എല്ലാവർക്കും നൽകാനുള്ള വാക്സിൻ എത്തിക്കുമെന്നും നിലവിൽ ആദ്യബാച്ചാണ് എത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ഫൈസർ, മൊഡേണ കമ്പനികളുടെ വാക്സിനാണ് രാജ്യത്ത് നൽകുന്നത്. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വിതരണം. തുടക്കത്തിൽ ആർക്കും നിർബന്ധമാക്കില്ല. രാജ്യത്ത് ഡിസംബർ 21ന് കോവിഡ് വാക്സിൻെറ ആദ്യബാച്ച് എത്തുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നൊരുക്കങ്ങൾ നടത്തിയിടുണ്ട്.
രാജ്യം കരാർ ഒപ്പിട്ട ഫൈസർ കമ്പനിയുടെയും മൊഡേണ കമ്പനിയുടെയും കോവിഡ് വാക്സിനുകൾക്ക് മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്തു. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകാനും നടപടിക്രമങ്ങൾക്കുമായി മന്ത്രാലയം പുതിയ മൈക്രോസൈറ്റ് തുടങ്ങുകയും ചെയ്തു.
https://covid19.moph.gov.qa/EN/Covid19Vaccine എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്. മന്ത്രാലയത്തിൻെറ ആരോഗ്യനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്സിൻ പൊതുജനങ്ങൾക്ക് നൽകുക. പൗരൻമാർക്കും താമസക്കാർക്കും സൗജന്യമായാണ് വാക്സിൻ നൽകുകയെന്ന് നേരത്തേ തന്നെ അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവിഡ് വാകസിൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയതാണ് പുതിയ മൈക്രോസൈറ്റ്. വാക്സിൻ എങ്ങെനയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമാണ്. പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യവ്രർത്തകർ എന്നിവർക്കായിരിക്കും വാക്സിൻ നൽകുന്നതിൽ മുൻഗനയുണ്ടാവുക.
ഖത്തറിലെയും ലോകത്തിറെ വിവിധ ഭാഗങ്ങളിലെയും അനുഭവങ്ങളുെട വെളിച്ചത്തിൽ പ്രായമായവരിൽ കോവിഡ് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും മരണത്തിന് വരെ കാരണമാകുന്നതായും തെളിഞ്ഞതാണ്. 65 വയസ്സിന് മുകളിൽ പ്രായമായവരിൽ കോവിഡ് രൂക്ഷമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവരിൽ മറ്റ് ദീർഘകാലരോഗങ്ങൾ ഉള്ളതുമാണ് കാരണം.
പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നം ഉള്ളവരിൽ പ്രായഭേദമന്യേ കോവിഡ് പ്രായാസം സൃഷ്ടിക്കുന്നുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ രോഗികളുമായി കൂടുതൽ അടുത്തിടപഴകുന്നവരാണ്. ഇതിനാൽ ഇത്തരക്കാർക്ക് രോഗികളിൽനിന്ന് രോഗബാധ ഏൽക്കാൻ സാധ്യത കൂടുതലുമാണ്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചാൽ മറ്റ് രോഗികൾ, വീട്ടിലുള്ളവർ തുടങ്ങിയവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലുമാണ്. ഇതിനാലാണ് ഈ ഗണത്തിൽപെടുന്നവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നത്.
വാക്സിൻ പൊതുസംശയങ്ങൾ, ഉത്തരങ്ങൾ
എന്ന് മുതൽ ഖത്തറിൽ കോവിഡ് വാക്സിൻ?
യു.എസ്.എ ആസ്ഥാനമായ ഫൈസർ, മൊഡേണ കമ്പനികളുമായാണ് ഖത്തർ കോവിഡ് വാക്സിനായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇരുകമ്പനികഷളുടെയും വാക്സിനുകൾ അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് നൽകാൻ ആരോഗ്യമന്ത്രാലയത്തിൻെറ ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ വകുപ്പാണ് അനുമതി നൽകിയിരിക്കുന്നത്.
വാക്സിനുകൾ സുരക്ഷിതവും അന്താരാഷ്ട്ര ഗുണമേൻമയുള്ളതുമാണെന്നാണ് വിലയിരുത്തൽ. യു.എസ്.എ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ഈ കമ്പനികളുെട വാക്സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. വാക്സിനുകൾ ഉപയോഗിച്ച് തുടങ്ങുന്നതോടെ കോവിഡ് പൂർണമായും നിയന്ത്രിക്കാനാവുമെന്നും സാധാരണ ജീവിതം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാകുമോ?
എല്ലാ താമസക്കാർക്കും പൗരൻമാർക്കും നൽകാനാകുന്ന അളവിൽ വാക്സിൻ രാജ്യത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ചില വിഭാഗങ്ങൾക്ക് ആരോഗ്യകാരണങ്ങളാൽ മുൻഗണന നൽകും. പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യവ്രർത്തകർ എന്നിവർക്കായിരിക്കും വാക്സിൻ ആദ്യഘട്ടത്തിൽ നൽകുക.
ഞാൻ ആരോഗ്യവാനാണ്, വാക്സിൻ വേണോ?
യുവാക്കളിലും ആരോഗ്യവാൻമാരിലും കോവിഡ് ബാധ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കില്ല. എന്നാൽ, മറ്റുള്ളവർക്ക് വൈറസ് ബാധ ഏൽക്കുന്ന അതേ അളവിൽ തെന്ന ഇത്തരക്കാർക്കും ൈവറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ട്. ഇതിനാൽ യുവാക്കളിൽ വൈറസ് ബാധയുണ്ടായാൽ മറ്റുള്ളവർക്കും ൈവറസ് പടരാൻ സാധ്യത ഒരേ അളവിലാണ്.
ചെറുപ്പക്കാരിൽനിന്ന് വൈറസ് ബാധയേൽക്കുന്നത് ഒരുപക്ഷേ പ്രായമായവർക്കും ദീർഘകാല രോഗം പോലുള്ള, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമായിരിക്കും. ഇതിനാൽ ഒരാൾ സ്വയം വാക്സിൻ സ്വീകരിച്ചാൽ അത് മറ്റുള്ളവരെ ൈവറസ് ബാധയേൽക്കുന്നതിൽനിന്ന് രക്ഷിക്കുന്ന നടപടി കൂടിയാണ്.
കുട്ടികൾക്ക് കോവിഡ് വാക്സിൻ?
ഇതുവരെ കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിച്ച് അംഗീകാരം ലഭിച്ചിട്ടില്ല. നിലവിലെ പരീക്ഷണങ്ങളെല്ലാം മുതിർന്നവരിലാണ് നടത്തിയിട്ടുള്ളത്. മുതിർന്നവരിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സുരക്ഷയും ഗുണമേൻമയും മാത്രമേ നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഖത്തറിലും അടിയന്തരഘട്ടത്തിൽ മുതിർന്നവരിൽ കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയം നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്.
അലർജി പ്രശ്നങ്ങളുള്ളവർക്ക്?
അലർജിയും മരുന്നുകളുടെ പാർശ്വഫലപ്രശ്നങ്ങളും ഉള്ളവരിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനും നൽകില്ല. ഇത്തരം പ്രശ്നങ്ങളുള്ളവർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് തങ്ങളുെട ഡോക്ടർമാരുെട ഉപദേശ നിർദേശങ്ങൾ തേടണം.
വാക്സിൻ സുരക്ഷിതമാണോ?
കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട നിർമാണപ്രക്രിയകളും പരീക്ഷണകാര്യങ്ങളുമെല്ലാം നടന്നത് വളരെ ചുരുങ്ങിയ സമയത്തിലായതിനാൽ വാക്സിൻ സുരക്ഷിതമാണോ എന്ന സംശയം സ്വാഭാവികമാണ്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാഹചര്യങ്ങൾ ആയതിനാൽ വാക്സിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ പെട്ടെന്നാണ് നടന്നുവരുന്നത്. ഇപ്പോഴും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഫലപ്രദമായ വാക്സിൻ ഉണ്ടാക്കാൻ പരീക്ഷണങ്ങളു പ്രക്രിയകളും നടന്നുവരികയാണ്. എന്നാൽ, നിലവിലെ കാര്യങ്ങൾ െവച്ച് കോവിഡ് വാക്സിൻ സുരക്ഷതമാണെന്ന് പറയാനാകും.
വാക്സിന് ശേഷം സാധാരണ ജീവിതം?
2020 എന്നത് ലോകം മുഴുവൻ ഏറ്റവും പരീക്ഷണം നിറഞ്ഞ കാലമാണ്. പല വിധത്തിൽ ജീവിതത്തിൻെറ എല്ലാ മേഖലകളിലും കോവിഡ് മനുഷ്യനെ ബാധിച്ചിട്ടുണ്ട്. എന്നാൽ, ഫലപ്രദമായ കോവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കുന്ന അവസ്ഥ വന്നുകഴിഞ്ഞാൽ ഖത്തറിൽ ജനജീവിതം മുമ്പത്തേപോലെ സാധാരണ നിലയിൽ ആകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാക്സിൻ സൗജന്യം
ഖത്തറിൽ എല്ലാവാർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് നേരത്തേ തന്നെ ആരോഗ്യമന്ത്രലയം പറഞ്ഞിട്ടുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും അടക്കം എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.