മൂന്നാം തരംഗം തുടരും
text_fieldsദോഹ: വരാനിരിക്കുന്നത് കോവിഡിന്റെ അതിവ്യാപന കാലമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആരംഭിച്ച മൂന്നാം തരംഗം ഏതാനും ആഴ്ചകൾ കൂടി തുടരുമെന്ന് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് തലവൻ ഡോ. അബ്ദുലത്തീഫ് അൽ ഖാൽ പറഞ്ഞു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരവും പിന്നിട്ട പശ്ചാത്തലത്തിലാണ് രാജ്യത്തെ രോഗവ്യാപനം സംബന്ധിച്ച് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
'മൂന്നാം തരംഗം ഇനിയും ഏതാനും ആഴ്ചകൾ തുടർന്നേക്കാം. ഇതുവരെ രോഗവ്യാപനത്തിന്റെ മൂർധന്യതയിൽ എത്തിയിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം കൂടുന്നത് പോലെ, വരും ആഴ്ചകളിൽ ഖത്തറിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടെ രോഗ വ്യാപനം ഉച്ചസ്ഥായിയിലെത്തും. എന്നാൽ, കോവിഡ് വാക്സിനേഷൻ വിജയത്തിലെത്തിക്കാൻ കഴിഞ്ഞത് രാജ്യത്തിന് കരുത്തായി മാറും. ജനസംഖ്യയുടെ 85 ശതമാനം പേരും വാക്സിനേറ്റഡ് ആയത് മൂന്നാം തരംഗത്തെ നേരിടാൻ ആത്മവിശ്വാസം പകരുന്നതാണ്. ഇത്രയേറെ പേർ വാക്സിനേറ്റഡ് ആയി, പ്രതിരോധ ശേഷി ആർജിച്ചിരുന്നില്ലെങ്കിൽ മൂന്നാം തരംഗത്തിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേനെ' -ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ പറഞ്ഞു.
നിലവിലെ മൂന്നാം തരംഗം, കോവിഡ് വകഭേദങ്ങളുടെ ഏറ്റവും അവസാനത്തേതാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി തുടരുന്ന മൂന്നാം തരംഗം കോവിഡിന്റെ അവസാന തരംഗമാവില്ല. വൈറസിൽ ഇനിയും വകഭേദങ്ങൾ സംഭവിച്ചേക്കാം. മറ്റൊരു വഴിയിലൂടെ പുതിയ തരംഗങ്ങൾ വീണ്ടും എത്തിയേക്കാം'.
'ഈ തരംഗത്തെ മറികടക്കാൻ നമ്മൾ ഒന്നിച്ച് പൊരുതണം. ഭാവിയിൽ പുതിയ വെല്ലുവിളികളെ നേരിടാനും നമ്മൾ തയാറാവണം. ഒക്ടോബർ മധ്യത്തോടെ തന്നെ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഒമിക്രോൺ റിപ്പോർട്ട് ചെയ്തതതിനു പിന്നാലെ, രണ്ടാഴ്ചക്കുള്ളിൽ അതിവേഗത്തിലായി രോഗ വ്യാപനം -അദ്ദേഹം പറഞ്ഞു.
രോഗവ്യാപനത്തിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. രോഗം പകരാതിരിക്കാനും, വാഹകരായി പടർത്താതിരിക്കാനും ശ്രദ്ധിക്കണം. വാക്സിനേഷനിൽ വേഗം കൈവന്നതായും, കൂടുതൽ പേർ കഴിഞ്ഞ ദിവസങ്ങളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടു വരുന്നതായും അദ്ദേഹം പറഞ്ഞു. അർഹരായ എല്ലാ വിഭാഗം ജനങ്ങളും എത്രയും വേഗം ബൂസ്റ്റർ ഡോസ് എടുത്ത് ആരോഗ്യ സുരക്ഷിതത്വം നേടണമെന്നും ഖത്തറിന്റെ കോവിഡ് പ്രതിരോധ പോരാട്ടങ്ങൾക്ക് നായകത്വം നൽകുന്ന ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
ഞായറാഴ്ച പുതിയ വാക്സിനേഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ പ്രതിരോധ കുത്തിവെപ്പ് ഇരട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.