കൈവിടരുത് കരുതൽ
text_fieldsദോഹ: പ്രതിദിന കേസുകൾ നൂറിലോ അതിനു താഴെയായോ പിടിച്ചു നിർത്തിയ ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഖത്തറിൽ കോവിഡ് 200നു മുകളിലാണ്. ഡെൽറ്റ വകഭേദം കൂടി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, രോഗികളുടെ എണ്ണം വർധിക്കുേമ്പാൾ ജാഗ്രത കൈവെടിയരുതെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നു.
ലോകമെമ്പാടും കോവിഡിെൻറ രണ്ടാം തരംഗം വീണ്ടും ദുരിതം വിതക്കുകയും മരണസംഖ്യ ഉയർത്തുകയും ചെയ്തപ്പോൾ കർശനമായ യാത്ര, ക്വാറൻറീൻ വ്യവസ്ഥകൾ നടപ്പാക്കിയും കടുത്ത സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയും അതോടൊപ്പം വാക്സിനേഷനുമായി ഖത്തർ രണ്ടാം തരംഗത്തെ തടഞ്ഞു നിർത്തിയത് ശ്രദ്ധേയമായിരുന്നു. രണ്ടാം തരംഗം ഭൂരിഭാഗം രാജ്യങ്ങളിലും അതിെൻറ ഉയർന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഖത്തറിൽ പ്രതിദിന കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. മാതൃകാപരമായി തന്നെ ഖത്തർ ആരോഗ്യമന്ത്രാലയം കോവിഡിനെ ഫലപ്രദമായി തടഞ്ഞു.
ബലി പെരുന്നാളിനു ശേഷം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ദേശീയ കോവിഡ് സ്ട്രാറ്റജിക് ഗ്രൂപ് മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകളിൽ വരും ദിവസങ്ങളിൽ വർധനവുണ്ടാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതും പുതിയ കേസുകളിൽ സ്ഥിരത കൈവരിക്കാത്തതുമാണ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടം ദീർഘിപ്പിക്കാനും മൂന്നാം ഘട്ട ഇളവുകൾ കുറക്കാനും അധികൃതരെ േപ്രരിപ്പിച്ചത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും കൂടുതൽ പേർ രോഗികളാകുന്ന വേളയിലും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി വ്യക്തമാക്കി.
ഡെൽറ്റ ആഗമനം
ഈ വർഷം ഫെബ്രുവരിയിൽ തന്നെ കോവിഡിെൻറ ഡെൽറ്റ വകഭേദം ലോകത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും കർശന നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലെ കാർക്കശ്യവും യാത്ര നിയന്ത്രണങ്ങളും കാരണം ഖത്തറിൽ ഡെൽറ്റ എത്തിയിരുന്നില്ല. ഈയടുത്താണ് ഖത്തറിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയതെന്ന് ഡോ. അൽ മസ്ലമാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. നാലു മാസത്തോളം ഡെൽറ്റ വകഭേദത്തെ തടഞ്ഞു നിർത്തുന്നതിൽ രാജ്യം വിജയിച്ചു. ഇക്കാലയളവിൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വാക്സിൻ സ്വീകരിച്ചത് വലിയൊരളവോളം ഗുണകരമാണ്, സമൂഹത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇതു കാരണമായിട്ടുണ്ടെന്നും ഡോ. അൽ മസ്ലമാനി ചൂണ്ടിക്കാട്ടി.
യാത്ര കഴിഞ്ഞ് രാജ്യത്ത് മടങ്ങിയെത്തുന്നവർ നിർബന്ധമായും ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കണമെന്നും പ്രത്യേകിച്ചും വീടുകളിൽ സമ്പർക്ക വിലക്കിന് നിർദേശിക്കപ്പെട്ടവർ അത് പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ ഇത് അനിവാര്യമാണെന്നും ഡോ. മസ്ലമാനി ആവശ്യപ്പെട്ടിരുന്നു.
വാക്സിനെടുക്കാൻ നാമെന്തിന് മടിക്കണം?
രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഡെൽറ്റ വൈറസ് വകഭേദം ഏറെ അപകടകരവും വേഗത്തിൽ പരക്കാൻ സാധ്യതയുള്ളതുമാണെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. കോവിഡിെൻറ വകഭേദം ബാധിച്ചവരിൽ അമിതമായ ക്ഷീണം, നിരന്തരമായ കടുത്ത തലവേദന, ഓർമക്കുറവ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകുമെന്നും കൂടുതൽ ശ്രദ്ധ വേണമെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറയുന്നു.
സമൂഹത്തിലെ ഓരോ അംഗങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിത്. യോഗ്യരായ എല്ലാവരും വാക്സിനെടുക്കണം. വാക്സിനെടുക്കുന്നതിലൂടെ നാം നമ്മെ മാത്രമല്ല സംരക്ഷിക്കുന്നത്, മറ്റുള്ളവരെക്കൂടിയാണ്. കാരണം, വൈറസ് വ്യാപനത്തെ തടഞ്ഞു നിർത്തുന്നതിൽ വാക്സിൻ മുഖ്യപങ്കുവഹിക്കുന്നു -അദ്ദേഹം വിശദീകരിച്ചു. വാക്സിനെടുക്കാൻ നിർദേശം ലഭിച്ചിട്ടും വാക്സിനെടുക്കാത്തവരോട്, കോവിഡിെൻറ പുതിയ വകഭേദങ്ങൾ കൂടുതൽ അപകടകാരികളാണ്. നിർദേശം ഗൗരവത്തിലെടുക്കണമെന്നാണ് അദ്ദേഹത്തിെൻറ വാക്കുകൾ. അതിനു പുറമെ മാസ്ക്, സാമൂഹിക അകലം എന്നീ പ്രോട്ടോകോളുകളിലും വിട്ടുവീഴ്ച പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.