കോവിഷീല്ഡ് വാക്സിന് അംഗീകാരം : ഇന്ത്യൻ സമൂഹത്തിന് ആശ്വാസം
text_fieldsദോഹ: ഇന്ത്യയുടെ കോവിഷീൽഡ് കോവിഡ് വാക്സിന് അംഗീകാരം നൽകിയ ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം ഇന്ത്യൻ സമൂഹത്തിന് ആശ്വാസമാകും.
കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചുകഴിഞ്ഞുള്ള രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ക്വാറൻറീൻ ഒഴിവാക്കിയത്. ഇവർ കുത്തിവെപ്പ് എടുത്തതിെൻറ സർട്ടിഫിക്കറ്റ് കാണിക്കണം. കോവിഡ് രോഗം ഭേദമായി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. രോഗം ഭേദമായവർക്ക് തനിയെ രോഗപ്രതിരോധശേഷി രൂപപ്പെടുന്നു എന്ന പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇവർക്ക് ഇളവ് നൽകുന്നത്. രോഗം മാറിയവർ രോഗം സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ വേണ്ട. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. കോവിഡ് മാറി എന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനഫലം ഉണ്ടാകണം. ഈ ഇളവും ഏപ്രിൽ 25മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും 25മുതൽ കോവിഡ് നെഗറ്റിവ് ഫലം നിർബന്ധമാക്കിയിട്ടുമുണ്ട്.
നിലവിൽ ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. വാക്സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകളാണ് ഖത്തർ നൽകുന്നത്. ഡിസംബർ 27 മുതലാണ് രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. ഫൈസർ, മൊഡേണ എന്നീ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്.
ഖത്തറിൽനിന്ന് ഈ വാക്സിനുകൾ സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് നേരത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. മറ്റു രാജ്യങ്ങളിൽനിന്ന് ആസ്ട്രസെനക, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എടുത്തവർക്കും പിന്നീട് ഇളവ് നൽകി. ഏപ്രിൽ 25 മുതൽ ഇന്ത്യയുടെ കോവിഷീൽഡിനും ഇളവ് ബാധകമാക്കുകയാണ് ഖത്തർ ചെയ്തിരിക്കുന്നത്. ഇക്കാര്യം ദോഹയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഖത്തർ അധികൃതർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നുണ്ട്.
ഇതിനാൽതന്നെ മറ്റു രാജ്യങ്ങളിൽനിന്ന് ഈ വാക്സിൻ സ്വീകരിച്ചവർക്കും ഇനി മുതൽ ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കിയതിെൻറ ഗുണം കിട്ടും.
വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഖത്തർ പല ഇളവുകളും നൽകിത്തുടങ്ങിയിട്ടുണ്ട്. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ രാജ്യത്ത് പലവിധ നിയന്ത്രണങ്ങളും ഉണ്ട്. ഇതുപ്രകാരം പുറത്ത് ആളുകൾ കൂടിനിൽക്കാൻ പാടില്ല. എന്നാൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ അഞ്ചുപേരിൽ കൂടാത്തവർക്ക് പുറത്ത് ഒത്തുകൂടിയിരിക്കുന്നതിന് തടസ്സമില്ല. മറ്റുള്ളവർക്ക് ഇത് പാടില്ല.
2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഈയടുത്ത് പറഞ്ഞിരുന്നു. പൂർണമായും കോവിഡ്മുക്തമായ ലോകകപ്പ് നടത്തുകയെന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്.
ഈയടുത്ത് ഖത്തറിൽ നടന്ന മോട്ടോ ജി.പി 2021 ലോക ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും വാക്സിൻ ഉറപ്പാക്കിയിരുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കടക്കം പ്രേവശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
വിമാനയാത്രക്കടക്കം കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് വ്യോമയാനമേഖലയിലുള്ളവർ പറയുന്നു. നിലവിൽ പല കമ്പനികളും യാത്രക്കാരോട് വാക്സിനേഷെൻറ രേഖകൾ ആവശ്യെപ്പടുന്നുണ്ട്. വിമാനയാത്രയുടെ അടുത്ത ഘട്ടത്തിൽ എല്ലാവർക്കും വാക്സിനേഷൻ വേണ്ടിവരുന്ന സ്ഥിതിയാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറയുന്നു. കോവിഡ്പ്രതിസന്ധി തുടരുന്നതിനാൽ വാക്സിൻ സ്വീകരിച്ചവർക്കുമാത്രം പ്രവേശനം അനുവദിക്കാൻ വിവിധ രാജ്യങ്ങൾ നടപടി തുടങ്ങിയിട്ടുമുണ്ട്. വാക്സിൻ എടുക്കാത്ത ആളുകളെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ആസ്ട്രേലിയ അനുവദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.