മുൻധനകാര്യ മന്ത്രിക്കെതിരെ ക്രിമിനൽ കോടതി വിചാരണ
text_fieldsദോഹ: അഴിമതി ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായ മുൻ ഖത്തർ ധനകാര്യ മന്ത്രിക്കെതിരെ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കാൻ അറ്റോണി ജനറൽ ഉത്തരവ്.
2021 മേയ് ആറിന് അറസ്റ്റിലായ മുൻ ധനകാര്യ മന്ത്രി അലി ഷരിഫ് അൽ ഇമാദിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കുകയും പ്രതികൾ കുറ്റം ചെയ്തതതായി വ്യക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് ശിക്ഷാ നടപടികൾക്കായി ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കാൻ അറ്റോണി ജനറലിന്റെ ഉത്തരവിറങ്ങിയത്. ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മുൻ ധനകാര്യ മന്ത്രിയുൾപ്പെടെ അറസ്റ്റിലായവരെ ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും റിപ്പോർട്ടുകൾ പരിശോധിച്ചും കേസിൽ ആവശ്യമായ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികൾ ചെയ്ത കുറ്റകൃത്യം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, അഴിമതി, പൊതു ധന ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ വിചാരണയും ശിക്ഷാ നടപടിയും നേരിടുന്നതിനാണ് ക്രിമിനൽ കോടതിയിലേക്ക് മാറ്റിയത്.
ഓഫിസ് ദുരുപയോഗം, അധികാര ദുർവിനിയോഗം, പൊതുപണം നശിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് അധികാര ദുർവിനിയോഗം ഉൾപ്പെടെ കുറ്റങ്ങൾ ആരോപിച്ചായിരുന്നു 2021 മേയിൽ മന്ത്രിയെ അറസ്റ്റു ചെയ്തത്. ഖത്തർ അറ്റോണി ജനറലായിരുന്നു പദവിയിലിരിക്കെ മന്ത്രിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമായിരുന്നു അറസ്റ്റിന് നിർദേശിച്ചത്.
മിഡിൽ ഈസ്റ്റിലെ തന്നെ പ്രമുഖ ധനകാര്യ വിദഗ്ധനായി അറിയപ്പെട്ട അലി ഷരീഫ് അൽ ഇമാദി 2013 ജൂണിലാണ് ഖത്തർ ധനകാര്യ മന്ത്രിയായി അധികാരമേറ്റത്. ഖത്തർ നാഷനൽ ബാങ്ക് ഉൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.