ഉപരോധം ഖത്തറിനെ കൂടുതൽ കരുത്തുറ്റതാക്കിയെന്ന് ജി സി ഒ
text_fieldsദോഹ: ജൂൺ അഞ്ചിന് അയൽരാജ്യങ്ങളേർപ്പെടുത്തിയ ഉപരോധത്തിെൻറ രണ്ടാം വർഷത്തിലേക്ക് കടക്കവേ, ഖത്തർ കൂടുതൽ കരുത്താർജിച്ചെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് (ജി സി ഒ) വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധം ഇതിനകം പരാജയപ്പെട്ടുവെന്നും ഇതിനെയെല്ലാം മറികടന്ന് വിവിധ മേഖലകളിൽ ഖത്തർ കൂടുതൽ കരുത്ത് തെളിയിച്ചുവെന്നും ജി സി ഒ വ്യക്തമാക്കി. രണ്ടാം വർഷത്തിലേക്ക് കടക്കവേ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളിലാണ് ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
ഖത്തറിലെ അൽ ഉദൈദ് സൈനികത്താവളം ദോഹയിൽ നിന്നും നീക്കം ചെയ്യണമെന്നതായിരുന്നു ഉപരോധരാജ്യങ്ങൾ മുന്നോട്ട് വെച്ചതെങ്കിലും ഖത്തറും അമേരിക്കയും ഈ വർഷം ആദ്യത്തിൽ തന്നെ സൈനികത്താവളം ഖത്തറിൽ തന്നെ നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് ജി സി ഒ ഓർമ്മിപ്പിച്ചു. ഖത്തർ സ്േട്രാങ്ങർ, ഖത്തർ മൂവിങ് ഫോർവേഡ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് ജി സി ഒ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന 11000ത്തോളം സൈനികരെ ഉൾക്കൊള്ളാൻ വിധത്തിലുള്ള ഉൽ ഉദൈദ് സൈനികത്താവളം ഐസിസിനെതിരായ അന്താരാഷ്ട്ര ആക്രമണത്തിൽ മുഖ്യ പങ്ക് വഹിച്ചുവെന്നും വരും വർഷത്തിനുള്ളിൽ സൈനികത്താവളത്തിെൻറ ക്ഷമത വർധിപ്പിക്കുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.
ഉപരോധത്തിനിടയിലും സുരക്ഷാ മേഖലയിൽ അന്താരാഷ്ട്ര സഖ്യങ്ങളുമായുള്ള സഹകരണം ഖത്തർ ശക്തിപ്പെടുത്തിയെന്ന് ജി സി ഒയുടെ മറ്റൊരു ട്വീറ്റിൽ വെളിപ്പെടുത്തുന്നു. 2017 ജൂലൈയിൽ ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായത്തിനെതിരായി ഖത്തറും അമേരിക്കയും കരാറിലെത്തിയിരുന്നു. ഇതേ മേഖലയിൽ 2017 ഡിസംബറിൽ ഫ്രാൻസുമായും ഖത്തർ കരാറിലെത്തിയെന്നും ജി സി ഒ വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി നാറ്റോ(നോർത്ത് അത്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ)യുമായും ഖത്തർ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
അൽ ജസീറ അടച്ചുപൂട്ടണമെന്ന ഉപരോധരാജ്യങ്ങളുടെ മറ്റൊരു പ്രധാന ആവശ്യവും നിരാകരിക്കപ്പെട്ടു.
ഇന്നും അറബി ഭാഷയിലെ നമ്പർ വൺ വാർത്താ ചാനൽ ശൃംഖലയായി അൽ ജസീറ മില്യൻ കണക്കിന് േപ്രക്ഷകരുടെ പിന്തുണയോടെ നിലനിൽക്കുന്നുവെന്നും ഓഫീസ് വ്യക്തമാക്കി. 70ലധികം ബ്യൂറോകളുമായി 140ലധികം രാജ്യങ്ങളിൽ 270 മില്യൻ േപ്രക്ഷകരാണ് അൽ ജസീറയുടെ കരുത്തെന്നും മിഡിലീസ്റ്റിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന സ്വതന്ത്ര പ്ലാറ്റ്ഫോമാണ് അൽ ജസീറയെന്നും ഓഫീസ് വിശദീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി ഖത്തറിനെ തകർക്കാനായി നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ഉപരോധരാജ്യങ്ങൾ മുൻനിരയിലുണ്ട്.
എന്നാൽ ഖത്തർ അതിനെയെല്ലാം അതിജീവിച്ചെന്നും ഖത്തറിനെ അസ്ഥിരപ്പെടുത്താനുള്ള അവരുടെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്ത് വ്യാജവാർത്തകൾ പടച്ചുവിടുക, ജി സി സി രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള വ്യാപാരബന്ധങ്ങൾ വിഛേദിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുക, ഖത്തർ സാമ്പത്തിക വ്യവസ്ഥ തകർക്കാനുള്ള നീക്കങ്ങൾ നടത്തുക, ഖത്തറിന് അനുകൂലമായ നിലപാടുകളെ ക്രിമിനൽവൽകരിക്കുക, ഭരണമാറ്റം തുടങ്ങിയ മാർഗങ്ങളിലൂടെയെല്ലാം ഉപരോധരാജ്യങ്ങൾ ഖത്തറിനെ അസ്ഥിരപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടുവെന്നും ഖത്തർ അതിനെയെല്ലാം അതിജീവിച്ചു കൂടുതൽ കരുത്താർജിച്ചെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് ട്വീറ്റുകളിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.