ചാമ്പ്യന്മാർക്ക് കോടികൾ സമ്മാനം
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ കിരീടമണിയുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ കപ്പുയർത്തുന്നവർക്ക് 42 ദശലക്ഷം ഡോളർ (319 കോടി രൂപ) ആണ് ഫിഫ സമ്മാനമായി നൽകുന്നത്.
റണ്ണേഴ്സ് അപ്പിന് 30 ദശലക്ഷം ഡോളറും (227 കോടി രൂപ), മൂന്നാം സ്ഥാനക്കാർക്ക് 27 ദശലക്ഷം ഡോളറും (205 കോടി രൂപ) ആണ് സമ്മാനത്തുക. നാലാം സ്ഥാനക്കാർക്ക് 25 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും.
440 ദശലക്ഷം ഡോളര്‍ (3350 കോടി രൂപ) ആണ് എല്ലാ ടീമുകൾക്കുമായി സമ്മാനമായി നല്‍കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകൾക്കും പ്രൈസ് മണിയായി നിശ്ചിത തുക നൽകും. ഗ്രൂപ് ഘട്ടത്തില്‍ മടങ്ങുന്നവർക്ക് 90 ലക്ഷം ഡോളർ (68 കോടി രൂപയിലേറെ) ആണ് പ്രതിഫലം. 16 ടീമുകൾക്കായി 144 ദശലക്ഷം ഡോളറാണ് ഇങ്ങനെ മാറ്റിവെച്ചത്.
പ്രീക്വാർട്ടറിൽ മടങ്ങുന്ന എട്ടു ടീമുകൾക്ക് 13 ദശലക്ഷം ഡോളർ വീതവും (98.7 കോടി രൂപ), ക്വാർട്ടർ ഫൈനലിൽ മടങ്ങുന്നവർക്ക് 17 ദശലക്ഷം ഡോളറും (130 കോടി രൂപ) ആണ് പ്രതിഫലമായി നിശ്ചയിച്ചത്.
2018ലെ റഷ്യന്‍ ലോകകപ്പില്‍ 400 ദശലക്ഷം ഡോളറായിരുന്നു ആകെ സമ്മാനത്തുക. ഇതില്‍ നിന്നും 10 ശതമാനം വർധിപ്പിച്ചാണ് ഖത്തറിൽ ഫിഫ ടീമുകളെ കോടീശ്വരന്മാരാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.