യാത്രക്കാർ കോടികൾ
text_fieldsദോഹ: ഖത്തറിലേക്ക് ലോകം ഒഴുകിയെത്തിയ ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങിയതിനു പിന്നാലെ ഈ വർഷവും ഹമദ് വിമാനത്താവളത്തിന് തിരക്കൊഴിയുന്നില്ല. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഹമദ് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധിച്ചതായാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യപകുതിയിൽ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 33.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 18.1 ശതമാനം മാത്രമായിരുന്നു യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന.
2023 ജനുവരി മുതൽ ജൂൺ വരെ 2.07 കോടി യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി യാത്രചെയ്തത്. ആദ്യ പാദത്തിലും രണ്ടാം പാദത്തിലുമായി യഥാക്രമം 10,315,695, 10,459,392 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. ഈ ആറുമാസത്തിനിടയിൽ ഇതുവഴിയുള്ള വിമാന ഗതാഗതത്തിലും വർധനവുണ്ടായി. ആദ്യ പാദത്തിൽ 56,417ഉം രണ്ടാം പാദത്തിൽ 59,879ഉം ഉൾപ്പെടെ ഈ വർഷം ആദ്യ പകുതിയിൽ 116296 വിമാനങ്ങളാണ് എച്ച്.ഐ.എയിൽ എത്തുകയും പുറപ്പെടുകയും ചെയ്തത്.
11.21 ലക്ഷം ടൺ ചരക്കുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്തപ്പോൾ 1.13 കോടി ട്രാൻസ്ഫർ ബാഗേജുകളുൾപ്പെടെ 1.75 കോടി ബാഗേജുകളും ആദ്യ ആറുമാസത്തിനിടയിൽ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തു. ഈ വർഷം രണ്ടാംപാദത്തിൽ പാസഞ്ചർ, കാർഗോ വിഭാഗങ്ങളിലായി 194 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തിയത്.
അത്യാധുനിക സാങ്കേതികവിദ്യകൾ വേഗത്തിൽ നടപ്പാക്കുന്നതിൽ പ്രതിബദ്ധതയുള്ള വിമാനത്താവളത്തിൽ വിപുലമായ സ്ക്രീനിങ് സാങ്കേതികവിദ്യ ആരംഭിച്ചതോടെ നടപടിക്രമങ്ങൾക്കെടുക്കുന്ന സമയത്തിൽ കുറവുണ്ടാകുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ സക്രീനിങ് സംവിധാനം സ്ഥാപിച്ചതിലൂടെ യാത്രക്കാർക്ക് ഹാൻഡ് ബാഗിൽ ദ്രാവക രൂപത്തിലുള്ള വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും കൂടെ കരുതാൻ അനുവദിക്കുന്നുണ്ട്.
ഈ വർഷം രണ്ടാം പാദത്തിൽ സുരക്ഷ ചെക്ക് പോയന്റുകളിൽ യാത്രക്കാരെ കടത്തിവിടുന്നതിനുള്ള ശരാശരി സമയം ഓരോ യാത്രക്കാരനും 28 സെക്കൻഡ് മാത്രമായിരുന്നു. അതേസമയം, ഹമദ് രാജ്യാന്തര വിമാനത്താവള വിപുലീകരണത്തിന്റെ ഘട്ടം ബി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അയാട്ടയുടെ റിപ്പോർട്ടുകൾ പ്രകാരം 2040ഓടെ മിഡിലീസ്റ്റിലെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ നേട്ടങ്ങളിലേക്ക് നയിക്കാൻ ഈ വിപുലീകരണം സഹായമാകും. ഈ വർഷം ജൂൺ 30 വരെ ദോഹയിലെത്തിയ സഞ്ചാരികളുടെ കണക്ക് ഏതാനും ആഴ്ച മുമ്പ് ഖത്തർ ടൂറിസം പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം 20 ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഖത്തറിലെത്തിയത് എന്നാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.