കിരീട വിജയം പ്രവചനാതീതം -ജിൽ എല്ലിസ്
text_fieldsദോഹ: സംഘാടന മികവിലും കളിയുടെ നിലവാരത്തിലും മുൻകാല ലോകകപ്പുകളേക്കാൾ മികച്ചതായിരിക്കും ഖത്തർ ലോകകപ്പെന്ന് മുൻ അമേരിക്കൻ വനിതാ ടീം പരിശീലക ജിൽ എല്ലിസ്. ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകളാണ് ഖത്തറിൽ മത്സരിക്കാനിറങ്ങുന്നത്. തീർച്ചയായും ഏറെ മത്സരക്ഷമതയുള്ള ലോകകപ്പായിരിക്കും ഖത്തറിലേത്. സംഭവബഹുലമായ ലോകകപ്പ് എന്നുതന്നെ വിശേഷിപ്പിക്കാം- ആസ്പയർ അക്കാദമി ആഗോള ഉച്ചകോടി പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
2015ലും 2019ലും അമേരിക്കയെ ലോക കിരീടത്തിലേക്ക് നയിച്ച എല്ലിസ്, അതേ വർഷങ്ങളിൽ ഫിഫയുടെ മികച്ച പരിശീലകക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. 'ഓരോ ടീമുകളുടെയും ഡെപ്ത് വളരെ നിർണായകമാണ്. പരിശീലകന്റെ മനസ്സ് എനിക്ക് നന്നായറിയാം. ഒരു ടീമിനെ ഒരുമിപ്പിക്കാൻ 10 ദിവസത്തെ തയാറെടുപ്പ് വളരെ കഠിനമാണ്. അതോടൊപ്പം കളിക്കാരുടെ സസ്പെൻഷനുകളും പരിക്കുകളും കൈകാര്യം ചെയ്യുകയും വേണം. കൂടുതൽ ഡെപ്ത്തുള്ള ടീമിനാണ് കൂടുതൽ കിരീട സാധ്യത. എന്നാൽ, ഖത്തറിൽ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുക്കുന്നത് പ്രയാസമേറിയ കാര്യമാണ് -ജിൽ എല്ലിസ് പറഞ്ഞു.
ഓരോ പരിശീലകരും എത്തുന്നത് വ്യത്യസ്ത ഇടങ്ങളിൽ നിന്നാണ്. അമേരിക്കയിലെ സീസൺ അവസാനത്തോടടുക്കുകയാണ്. അതേസമയം, മറ്റിടങ്ങളിൽ സീസൺ അതിന്റെ മധ്യത്തിലാണ്. ഓരോ കളിക്കാരെയും വളരെ അടുത്ത് മനസ്സിലാക്കിയിരിക്കണം. ചിലർ കൂടുതൽ വിശ്രമം ആവശ്യപ്പെടുന്നുണ്ട്.
മറ്റു ചിലർ പ്രകടനം മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവരുമുണ്ട്. ഇത് നിങ്ങളുടെ ടീമിനെ നന്നായി മനസ്സിലാക്കുന്നിടത്താണ് സാധ്യമാവുക -പരിശീലകരോടായി അവർ പറഞ്ഞു.സാൻറയാഗോ വേവ് ഫുട്ബാൾ ക്ലബിന്റെ പരിശീലകയാണ് നിലവിൽ ജിൽ എല്ലിസ്.
ഖത്തർ ടീമിനെ സംബന്ധിച്ച് ഈ ലോകകപ്പ് വളരെ വിശേഷമുള്ളതാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറ് എന്നത് അവർക്ക് നേട്ടമാണ്.സ്വന്തം നാട്ടുകാരുടെ നിറഞ്ഞ പിന്തുണ എന്തുകൊണ്ടും മികച്ച ഘടകമാണ് -എല്ലിസ് കൂട്ടിച്ചേർത്തു.
മ്യൂസിയം സന്ദർശനത്തിന് ടിക്കറ്റ്
ദോഹ: രാജ്യത്തെ വിവിധ മ്യൂസിയങ്ങളിലെ ടിക്കറ്റിങ് നയത്തിൽ മാറ്റംവരുത്തി ഖത്തർ മ്യൂസിയംസ്. ലോകകപ്പിനു മുന്നോടിയായാണ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ തീരുമാനം. ഡിസംബർ 31 വരെ ഖത്തർ മ്യൂസിയത്തിനു കീഴിലെ മുഴുവൻ കേന്ദ്രങ്ങളിലേക്കും താമസക്കാർക്കും സന്ദർശകർക്കും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തായിരിക്കും പ്രവേശനം. ടിക്കറ്റ് നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു.
ടിക്കറ്റ് നിരക്കുകൾ
• ഖത്തര്‍ നാഷനല്‍ മ്യൂസിയം, 3-2-1 ഒളിമ്പിക് സ്പോർട്സ് മ്യൂസിയം, ഇസ്‍ലാമിക് ആർട്ട് മ്യൂസിയം എന്നിവയില്‍ 100 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റില്ല
• മതാഫ് അറബ് മ്യൂസിയത്തില്‍ 50 റിയാലും അല്‍ സുബാറയില്‍ 35 റിയാലുമാണ് ടിക്കറ്റ്, ഡാഡു ഗാര്‍ഡനില്‍ ഹയാകാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി പ്രവേശിക്കാം.
• ഖത്തര്‍ മ്യൂസിയംസ് വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.