അവധിക്കാലത്ത് ഹരമായി പായ്ക്കപ്പൽ യാത്രയും മരുഭൂ സഫാരിയും
text_fieldsദോഹ: ഈദ് അവധിക്കാലത്ത് കുടുംബത്തിനും കുട്ടികൾക്കും സുഹൃത്തുക്കൾക്കുമിടയിൽ ‘ട്രെന്റായി’ സ്വകാര്യ പായ്ക്കപ്പൽ (പരമ്പരാഗത ദൗ ബോട്ട്) യാത്രകളും മരുഭൂമിയിലൂടെയുള്ള സഫാരികളും.
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാന നാളുകൾക്കൊടുവിൽ ലഭിച്ച ചെറുതല്ലാത്ത അവധിക്കാലം ചെലവഴിക്കാനും വിശ്രമിക്കാനും കൂടുതൽ സ്ഥലങ്ങളെ അടുത്തറിയാനുമായി ജലം മുതൽ വിശാലമായ മരുഭൂമി വരെ തിരഞ്ഞെടുത്തു.
ലുസൈൽ ബൊളൊവാർഡ്, സൂഖ് വാഖിഫ്, സൂഖ് അൽ വക്റ, അൽ ബിദ്ദ പാർക്ക്, കോർണിഷ് എന്നിവിടങ്ങളിലായി നിരവധി പരിപാടികൾക്കു പുറമെയാണ് ബോട്ടുയാത്രയും ഡെസേർട്ട് സഫാരിയും ഹരമായത്.
പലവിധ ആഘോഷങ്ങൾക്കിടയിലും പരമ്പരാഗത പായ്ക്കപ്പൽ യാത്രക്കും മരുഭൂ സഫാരിക്കുമായി താമസക്കാരും സന്ദർശകരും പ്രത്യേകം സമയം കണ്ടെത്തുന്നത് ആശാവഹമാണെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു. വൈവിധ്യവും വ്യത്യസ്തവുമായ നിരവധി പാക്കേജുകളാണ് ടൂർ ഓപറേറ്റർമാർ വാഗ്ദാനം ചെയ്യുന്നത്.
നൂറ്റാണ്ടുകളായി ഖത്തറിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് ദൗ അഥവാ കൂറ്റൻ മരത്തടികളാൽ നിർമിച്ച പായ്ക്കപ്പലുകൾ. മുൻകാലങ്ങളിൽ വ്യാപാരത്തിനായാണ് ഇവ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. വലിയ ദൗ ബോട്ടിൽ 30 ആളുകൾക്കുവരെ യാത്രചെയ്യാം.
ഈദ് ആയതിനാൽ ആവശ്യക്കാരേറെയാണെന്നും 800 റിയാൽ മുതൽ പാക്കേജുകൾ ആരംഭിക്കുമെന്നും ഇതിൽ 25 പേർക്ക് വരെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ യാത്ര ചെയ്യാമെന്നും ടൂർ ഓപറേറ്റർമാർ പറയുന്നു. അധിക ചാർജ് നൽകിയാൽ ബാർബിക്യൂ ബുഫെയും ഓപറേറ്റർമാർ നൽകും. യാത്രക്കാർക്ക് നേരത്തെ തയാറാക്കിയ ഭക്ഷണവും കൂടെ കരുതാം.
മരുഭൂമി സന്ദർശിക്കുന്നതും നാല് മുതൽ ആറ് മണിക്കൂർ വരെ മരുഭൂമിയിലൂടെയുള്ള സഫാരി ആസ്വദിക്കാനും ആളുകൾ ഏറെ താൽപര്യം കാണിക്കുന്നതായും ഓപറേറ്റർമാർ പറയുന്നു. അവധിക്കാലമെത്തിയതോടെ നഗരജീവിതത്തിൽനിന്നകന്ന് പലരും വെള്ളത്തിലും മരുഭൂമിയിലുമായി ഒഴിവ് സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് മറ്റൊരു ടൂർ ഓപറേറ്റിങ് കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.