സംസ്‌കൃതി സ്പോർട്സ് ഡേ: മൻസൂറ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാർ
text_fieldsദോഹ: വിപുലമായ പരിപാടികളോടെ 'സംസ്‌കൃതി സ്പോർട്സ് ഡേ 2022' ആഘോഷിച്ചു. സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലമായി നടന്നുവരുന്ന പരിപാടികൾക്കു ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ആവേശകരമായ കായിക മത്സരങ്ങളോടെ സമാപനമായി. സംസ്‌കൃതിയുടെ വിവിധ യൂനിറ്റുകൾ പങ്കെടുത്ത ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, വടംവലി, മറ്റു വ്യക്തിഗത കായിക മത്സരങ്ങൾ എന്നിവ സ്പോർട്സ് ഡേയുടെ ഭാഗമായി നടന്നു.
യൂനിറ്റുകൾ അണിനിരന്ന വർണാഭമായ മാർച്ച്പാസ്റ്റ് പരിപാടികൾക്ക് മേളക്കൊഴുപ്പേകി. ചെണ്ട മേളങ്ങൾ, കേരളത്തനിമയുള്ള വിവിധ ദൃശ്യങ്ങൾ, ഖത്തറിൽ അരങ്ങേറാൻ പോകുന്ന ഫിഫ ലോകകപ്പ് ഫുട്‌ബാളിന് ഐക്യദാർഢ്യമേകുന്ന പ്ലക്കാർഡുകൾ തുടങ്ങി വിവിധങ്ങളായ കാഴ്ചകളൊരുക്കി അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിന് വർണപ്പൊലിമയേകിയ മാർച്ച്പാസ്റ്റ് ആവേശം വിതറി.
വിവിധ ഇടങ്ങളിലായി നടന്ന ഫുട്‌ബാൾ മത്സരത്തിൽ മൻസൂറ യൂനിറ്റ് വിജയികളായി. ക്രിക്കറ്റ് മത്സരത്തിൽ മിസൈദ് യൂനിറ്റും പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരത്തിൽ അബുഹമൂർ യൂനിറ്റും വിജയികളായി. മൻസൂറ യൂനിറ്റ് ഓവറോൾ ചാമ്പ്യൻമാരായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്‌കൃതി ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്‌കൃതി സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. വനിതകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിന് സംസ്‌കൃതി അംഗങ്ങൾ പരിപാടിയുടെ ഭാഗമായി. ഇമാറ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ എന്നിവയുടെ പ്രാഥമിക വൈദ്യസഹായങ്ങൾ ലഭ്യമായിരുന്നു.
മുൻ ഖത്തർ വോളി ബോൾ ടീം ക്യാപ്റ്റൻ മുബാറക്ക് ഈദ് മുഖ്യാതിഥിയായി. ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്‍റ് ഷെജി വലിയകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ, ഇ.എം സുധീർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി കൺവീനർ ശ്രീജിത്ത് പദ്മജൻ സ്വാഗതവും, സംസ്‌കൃതി സ്പോർട്സ് കമ്മിറ്റി ചുമതലയുള്ള സെക്രട്ടറി സൾട്ടസ് സാമുവൽ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന പരിപാടിയിൽ മത്സരവിജയികൾക്കുള്ള ട്രോഫികളും മെഡലുകളൂം സംസ്‌കൃതി നേതാക്കൾ സമ്മാനിച്ചു. മുൻ പ്രസിഡന്‍റ് പ്രമോദ് ചന്ദ്രൻ വിജയികൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.