കപ്പ് കണ്ടേ...!
text_fieldsദോഹ: ഇതിഹാസതാരങ്ങളായ മറഡോണയും കഫുവും സിനദിൻ സിദാനും ഫിലിപ് ലാമുമെല്ലാം പിടിച്ചുയർത്തിയ ലോകകപ്പ് ട്രോഫിയെ കൺനിറയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു കോഴിക്കോട് വടകര സ്വദേശി റംഷീദും കൂട്ടുകാരും.കാൽപന്തുലോകം കാത്തിരിക്കുന്ന ഫുട്ബാൾ ആവേശത്തിലേക്ക് പന്തുരുളാൻ മാസങ്ങളുടെ കാത്തിരിപ്പുമാത്രം ബാക്കിനിൽക്കെ, ആരാധകരെ തേടി ട്രോഫി പര്യടനം തുടങ്ങിയപ്പോൾ കൂട്ടുകാർക്കൊപ്പം കാണാനെത്തിയതായിരുന്നു ഇവർ. ഇതിഹാസതാരങ്ങൾ കരിയറിൽ ഒരിക്കലെങ്കിലും സ്പർശിക്കാനും ഉയർത്താനും കൊതിക്കുന്ന ലോകകപ്പിനെ അരികിൽനിന്ന് കാണുകയും ചിത്രമെടുക്കുകയും മാത്രമല്ല, അത് പ്രിന്റ് എടുത്ത് നല്ല ഫ്രെയിമിലാക്കി എന്നും സൂക്ഷിക്കാനാവുന്ന വിധത്തിൽ സംഘാടകർ നൽകിയതിന്റെയും സന്തോഷത്തിലാണ് ഇവർ.
ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാളായ വിസ നേതൃത്വത്തിലായിരുന്നു ആരാധകർക്ക് കാണാനും ചിത്രമെടുക്കാനുമായി ചാമ്പ്യൻകപ്പ് എത്തിച്ചത്. ആദ്യമായാണ് ലോകകപ്പ് ട്രോഫിയുടെ പൊതുപ്രദർശനം നടക്കുന്നത്. മാൾ ഓഫ് ഖത്തറിൽ വ്യാഴാഴ്ച രാത്രി വൈകുംവരെ നീണ്ടുനിന്ന പ്രദർശനത്തിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ആരാധകർ ഒഴുകിയെത്തി. മണിക്കൂറുകൾ നീണ്ടുനിന്ന ക്യൂവിനൊടുവിലായിരുന്നു പലർക്കും ട്രോഫി പ്രദർശിപ്പിച്ച വേദിയിലേക്ക് കയറാൻ കഴിഞ്ഞത്. സ്വന്തം മൊബൈൽ ഫോണിൽ ഫോട്ടോ പകർത്താൻ സംഘാടകരുടെ വളന്റിയർമാർ സജ്ജം. ഒപ്പം, മറ്റൊരു സർപ്രൈസായി ഔദ്യോഗിക ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ചിത്രങ്ങൾ, മിനിറ്റുകൾക്കുള്ളിൽ പ്രത്യേക ഫ്രെയിമിൽ പ്രിന്റെടുത്ത് ലോകകപ്പിന്റെ അമൂല്യ സ്മരണികയായി സൂക്ഷിക്കാനുള്ള അവസരവും.
നിറഞ്ഞ കൈയടികൾക്കിടയിൽ ഭിന്നശേഷിക്കാരനായ ഖത്തരി യുവാവ് ഷാഫി അൽ ഹജ്രിയാണ് ആദ്യം ട്രോഫിക്ക് സമീപമെത്തിയത്. പിന്നാലെ, അറബികളും വിദേശികളും ഉൾപ്പെടെ നീണ്ടനിരയിൽ അണിനിരന്നവരും ഓരോരുത്തരായി ട്രോഫിക്കരികിലെത്തി ഒരുനിമിഷം കപ്പിന്റെ തിളക്കമറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. കപ്പിനെ കണ്ട അമൂല്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ അറിയാതെപോയവരുടെ നിരാശയും പ്രകടമായിരുന്നു. എന്തായാലും കളിയാവേശത്തിലേക്ക് നാളുകൾ അടുക്കവെ വരും ആഴ്ചകളിൽ ആരാധകരെ തേടി കൊതിപ്പിക്കുന്ന കനകകിരീടം എത്തുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.