മൂന്നുമാസം കൂടി ഖത്തറിലെ മ്യൂസിയങ്ങളിൽ നിലവിലെ നിരക്ക് തുടരും
text_fieldsദോഹ: രാജ്യത്തെ മ്യൂസിയങ്ങളിൽ നിലവിലുള്ള ടിക്കറ്റ് നിരക്കുകൾ ഏപ്രിൽ ഒന്നുവരെ തുടരും. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ലോകത്തെമ്പാടുമുള്ള നിരവധി ആളുകളാണ് ഖത്തറിലെ മ്യൂസിയങ്ങളും ഗാലറികളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കമുള്ളവ സന്ദർശിച്ചത്.
വസന്തകാലം അവസാനിക്കുന്നതുവരെ താൽക്കാലിക എക്സിബിഷനുകളും മറ്റും അരങ്ങേറുന്നതിനാൽ നിലവിലെ ടിക്കറ്റ് നിരക്ക് തുടരാൻ ഖത്തർ മ്യൂസിയംസ് തീരുമാനിക്കുകയായിരുന്നു. ഖത്തറിൽ ജീവിക്കുന്നവർക്കും സന്ദർശകർക്കും രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും മനസ്സിലാക്കാനും വിവിധ പരിപാടികൾ ആസ്വദിക്കാനുമുള്ള അവസരമൊരുക്കുന്നതിനായാണ് നിലവിലെ ടിക്കറ്റ് നിരക്ക് മൂന്നു മാസംകൂടി തുടരുന്നതെന്ന് ഖത്തർ മ്യൂസിയംസ് അധികൃതർ പറഞ്ഞു.
ഖത്തർ നാഷനൽ മ്യൂസിയം, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, അൽ സുബറാ ആർക്കിയോളജിക്കൽ സൈറ്റ് എന്നിവിടങ്ങളിലെല്ലാം ഏപ്രിൽ ഒന്നുവരെ ടിക്കറ്റ് നിരക്ക് ഇതേരീതിയിൽ തുടരും.
ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ഒഴികെയുള്ള മുഴുവൻ സൈറ്റുകളിലും ഹയ്യ കാർഡുള്ളവർക്ക് ജനുവരി 23 വരെ പ്രവേശനം സൗജന്യമായിരിക്കും. ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഖത്തറിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവും. അതോടൊപ്പം, ഖത്തർ പൗരന്മാർക്കും ഖത്തർ, ജി.സി.സി റെസിഡന്റ്സിനും സൗജന്യ പ്രവേശനം തുടരുമെന്നും ഖത്തർ മ്യൂസിയംസ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മണി മുതൽ രാത്രി ഏഴുവരെയാണ് എല്ലാ മ്യൂസിയങ്ങളുടെയും പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ ഇത് ഉച്ചക്ക് 1.30 മുതൽ രാത്രി ഏഴുവരെയായിരിക്കും.
എല്ലാ മ്യൂസിയങ്ങളിലും മ്യൂസിയം കഫേ, റസ്റ്റാറന്റുകൾ, ഗിഫ്റ്റ് ഷോപ്പുകൾ തുടങ്ങിയവയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. കോർണിഷ് സ്ട്രീറ്റ് ഇപ്പോൾ രണ്ടു ദിശകളിലേക്കും തുറന്നതിനാൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലേക്കും റൽ രിവാഖ് ഗാലറിയിലേക്കും കാറിലോ ടാക്സിയിലോ ഖത്തർ മ്യൂസിയംസിന്റെ ഫ്രീ ഷട്ടിൽ ബസുകളിലോ എത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും www.qm.org.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ടിക്കറ്റ് നിരക്കുകൾ
ഖത്തർ നാഷനൽ മ്യൂസിയം, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്: മുതിർന്നവർക്ക് 100 റിയാൽ (16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം)
മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ലേബർ ഓഫ് ലവ്: എംബ്രോയിഡറിങ് ഫലസ്തീനിയൻ ഹിസ്റ്ററി, ലുസൈൽ മ്യൂസിയം: ടേൽസ് ഓഫ് എ കണക്ടഡ് വേൾഡ്, എക്സ്പീരിയൻസ് അൽ ജസീറ -50 റിയാൽ (16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം)
അൽ സുബറാ വേൾഡ് ഹെറിറ്റേജ് സൈറ്റ് -35 റിയാൽ (16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം)
യയോയി കുസാമ: മൈ സോൾ ബ്ലൂംസ് ഫോറെവർ -10 റിയാൽ (16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം) ഫോറെവർ വാലന്റിനോ അറ്റ് എം7 -മുതിർന്നവർക്ക് 100 റിയാൽ
(ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ഒഴികെയുള്ള മുഴുവൻ സൈറ്റുകളിലും ഹയ്യ കാർഡുള്ളവർക്ക് ജനുവരി 23 വരെ പ്രവേശനം സൗജന്യം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.