സൈബർ ക്രൈം: ഇരകളാകരുത്, ജാഗ്രത പാലിക്കാം
text_fieldsദോഹ: സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. സൈബർ തട്ടിപ്പിന് ഇരകളാവാതെ സൂക്ഷിക്കണമെന്നും ഏതെങ്കിലും തരത്തിൽ ഇരയാക്കപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കുറ്റകൃത്യം സംഭവിച്ചാൽ ഉടൻ ആഭ്യന്തര മന്ത്രാലത്തിന് കീഴിലെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈം കോമ്പറ്റിങ് ഡിപ്പാർട്മെൻറുമായി ഇ–മെയിൽ, ഫോൺ, മെട്രാഷ് 2 തുടങ്ങിയ മാർഗങ്ങളിലൂടെ ബന്ധപ്പെടണം. തട്ടിപ്പ് സംബന്ധിച്ച് പൂർണ വിവരങ്ങളും നൽകണം. ബ്ലാക്ക് മെയിലിങ് മൂന്നുവർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ്. ഹാക്കിങ്, ഏത് രീതിയിലുമുള്ള വഞ്ചനകൾ, ഭീഷണി, ബ്ലാക്ക് മെയിലിങ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, അഭ്യൂഹം പരത്തുക തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങൾക്ക് കീഴിൽ വരും. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സൈബർ ആൻഡ് ഫിനാൻഷ്യൽ ക്രൈംസ് പ്രിവൻഷൻ ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. വെബിനാറിൽ 200ലധികം പേർ പങ്കെടുത്തു. ഖത്തർ നിയമപ്രകാരം ഇൻഫർമേഷൻ ടെക്നോളജി, ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് നിയമവിരുദ്ധ കാര്യങ്ങളിൽ ഇടപെടുന്നത് സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽപെടും.
രാജ്യങ്ങൾക്കെതിരായ കുറ്റം, വ്യക്തികൾക്കെതിരായ നീക്കം, സർക്കാർ സ്ഥാപനങ്ങൾക്കെതിരായ പുറമെനിന്നുള്ള ഭീഷണി, ഭൂമിശാസ്ത്രപരമായ അതിർത്തികളുടെ അഭാവം, സാമ്പത്തിക വഞ്ചന തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാകാമെന്ന് വെബിനാറിൽ സംസാരിച്ച ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കിരയായാൽ ആഭ്യന്തര മന്ത്രാലയത്തിൻെറ സേവനങ്ങൾ, സൈബർ ക്രൈമുകളിലെ പൊതു സ്വഭാവം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടേണ്ട രീതികൾ, ഖത്തരി നിയമമനുസരിച്ചുള്ള ശിക്ഷകൾ എന്നിവയും വെബിനാറിൽ വിശദീകരിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ വീണുപോകരുതെന്നും അജ്ഞാത മെസേജുകൾക്ക് മറുപടി നൽകരുതെന്നും തിരികെ വിളിക്കരുതെന്നും കുറ്റവാളികൾക്ക് ബന്ധപ്പെടാനുള്ള എല്ലാ വഴികളും തടസ്സപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.