സുഹൈൽ ഫാൽക്കൺ മേളക്ക് ‘ഡാം’ പിന്തുണ
text_fieldsദോഹ: സെപ്റ്റംബർ പത്തിന് കതാറയിൽ ആരംഭിക്കുന്ന ‘സുഹൈൽ’ അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷന് പിന്തുണയുമായി സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട് (ഡി.എ.എ.എം). ഖത്തറിലെ സാംസ്കാരിക, സാമൂഹിക, കായിക പദ്ധതികൾക്ക് പിന്തുണ നൽകുന്ന ‘ഡാം’ തുടർച്ചയായ ഏഴാം വർഷമാണ് സുഹൈൽ ഫാൽക്കൺ പ്രദർശനവുമായും കൈകോർക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഡാമും കതാറ കൾചറൽ വില്ലേജും ഒപ്പുവെച്ചു.
സെപ്റ്റംബർ 10 മുതൽ 14 വരെ കതാറയിൽ നടക്കുന്ന സുഹൈൽ 2024ൽ 19 രാജ്യങ്ങളിൽനിന്നായി 166 കമ്പനികളാണ് പങ്കെടുക്കുന്നത്. മികച്ച ഇനം ഫാൽക്കൺ പക്ഷികൾക്കൊപ്പം, വൈവിധ്യമാർന്ന വേട്ടയാടൽ ഉപകരണങ്ങളും വേട്ടയാടുന്നതിലെ പുതുമകളും പ്രദർശനത്തിൽ ഇവർ അവതരിപ്പിക്കും. ഖത്തരി സമൂഹത്തിലെ വേട്ടയാടലിലും ഫാൽക്കൺ പക്ഷികളുടെ സംരക്ഷണത്തിലുമുള്ള താൽപര്യത്തിനുള്ള പിന്തുണയായാണ് ‘ഡാം’ ധനസഹായ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നത്.
വേട്ടയാടൽ, ഫാൽക്കൺ രംഗത്ത് വാണിജ്യ, സാംസ്കാരിക, കായിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുഹൈൽ പ്രദർശനം വലിയ പങ്കുവഹിക്കുന്നതായി വിലയിരുത്തി.
പോയ വർഷങ്ങളിലെല്ലാം പ്രദർശനത്തിന്റെ വിജയത്തിൽ ഇരുവരും തമ്മിലുള്ള സഹകരണ കരാർ നിർണായക ഘടകമായിരുന്നു. ഫാൽക്കൺ ഉടമകൾക്കും വേട്ടയാടൽ, മരുഭൂമി യാത്രകൾ എന്നിവയെ ഇഷ്ടപ്പെടുന്നവർക്കും ആഗോള ലക്ഷ്യസ്ഥാനമായി സുഹൈലിനെ മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനും കാരണമായി.
2010ൽ സ്ഥാപിതമായത് മുതൽ സാമൂഹിക, കായിക, സാംസ്കാരിക മേഖലകളിലായി നിരവധി സുപ്രധാന പരിപാടികളും സംരംഭങ്ങളും പദ്ധതികളും ‘ഡി.എ.എ.എം’ ആരംഭിച്ചിട്ടുണ്ട്. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഷെയർ ഹോൾഡിങ് കമ്പനികളിൽനിന്നുള്ള സംഭാവനകളാണ് ഡി.എ.എ.എമ്മിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.