300ഉം കടന്ന് കോവിഡ്
text_fieldsദോഹ: ആശങ്ക വർധിപ്പിച്ച് ഖത്തറിലെ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു.
തിങ്കളാഴ്ച 343 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. മാസങ്ങളുടെ ഇടവേളക്കു ശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 300ന് മുകളിലായത്. കഴിഞ്ഞ ഒരാഴ്ചയായി ക്രമാതീതമായി രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ കരുതൽ നിർദേശങ്ങളും നൽകിത്തുടങ്ങി. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിൽ 235 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
108 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ആഗസ്റ്റ് 19നു ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കോവിഡ് 300നു മുകളിലാവുന്നത്. 306 പേർക്കായിരുന്നു ആഗസ്റ്റ് 19നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ, പിന്നീട് പ്രതിദിന കേസുകൾ താഴ്ന്ന് 62 വരെയെത്തി റെക്കോഡ് കുറിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തി തുടങ്ങിയത്. 26ന് 296ഉം, 25ന് 279ഉം, 24ന് 248ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയിലാണ് രാജ്യത്ത് ഏറ്റവും കൂടുതലായി 300ന് മുകളിൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരും എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ കൂടി.
162 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 36 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐ.സി.യുകളിൽ 18 പേരും ചികിത്സയിലുണ്ട്. ഒരാളെയാണ് പുതുതായി പ്രവേശിപ്പിച്ചത്.
രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പൊതുഇടങ്ങളിലും മറ്റുമായി കോവിഡ് മുൻകരുതലുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നിർദേശിക്കുന്നു. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി ഉറപ്പാക്കുക എന്നിവയാണ് രോഗത്തെ ചെറുക്കാനായി നിർദേശിക്കുന്ന പ്രധാന നിർദേശങ്ങൾ. 2923 രോഗികളാണ് നിലവിലുള്ളത്. തിങ്കളാഴ്ച 23,583 പേർ പരിശോധനക്ക് വിധേയരായി. തിങ്കളാഴ്ച 7701 പേർക്ക് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻ 51.63 ലക്ഷം ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.