മണ്ണിനും ജീവനും ആപത്ത്; പ്ലാസ്റ്റിക്കിനെ പുറത്താക്കാം
text_fieldsദോഹ: പൊതുജനങ്ങൾ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം സമൂഹ മാധ്യമ പേജുകൾ വഴി അറിയിച്ചു.
മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നും ഇത് കാലക്രമേണ അവയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ജീവൻ നഷ്ടപ്പെടാനും ഇടയാക്കുന്നുവെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ ചൂണ്ടിക്കാട്ടി.
മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്ര ആവാസവ്യവസ്ഥക്കും പ്ലാസ്റ്റിക് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച് ഈയിടെ മന്ത്രാലയം നിരവധി പോസ്റ്റുകളിലൂടെയും ഇൻഫോഗ്രാഫിക്സിലൂടെയും പങ്കുവെച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് വന്യജീവികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, വന്യജീവികൾ പ്ലാസ്റ്റിക് ബാഗുകളിലും അവയുടെ കയറുകളിലും കുരുങ്ങുകയും അവ ഭക്ഷിക്കാനും അതുമൂലം അവക്ക് ആരോഗ്യം അപകടത്തിലാക്കാനും ഇടയാകുന്നുവെന്നും മന്ത്രാലയം ആവർത്തിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുറന്തള്ളണമെന്നും അത് പക്ഷികളുടെയും മറ്റു മൃഗങ്ങളുടെയും ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്നും അങ്ങനെ നമ്മുടെ ജൈവവൈവിധ്യത്തെ നമുക്ക് നിലനിർത്താമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലും കൊട്ടകളിലും നിക്ഷേപിക്കാത്ത പ്ലാസ്റ്റിക് മത്സ്യ സമ്പത്തിനും വന്യമൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയാണ്. അതിനാൽ, നിശ്ചിത സ്ഥലങ്ങളിൽ മാത്രം അവ നിക്ഷേപിക്കണം. പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിന് സുസ്ഥിര മാർഗങ്ങൾ പിന്തുടരണമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കാൻ പൊതുജനം മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തു.
നമ്മുടെ ഗ്രഹം പ്ലാസ്റ്റിക്കിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, സുസ്ഥിരമായ ബദലുകളാണ് ആവശ്യമെന്നും മന്ത്രാലയം ബോധവത്കരണ പോസ്റ്ററുകളിലൂടെ വിശദീകരിച്ചു. പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ, ബയോഡീഗ്രേഡബ്ൾ ബാഗുകൾ, പേപ്പർ ബാഗുകൾ, സ്ട്രോബാഗുകൾ, റീസൈക്കിൾ ചെയ്ത ബാഗുകൾ, കാർഡ്ബോർഡ്, ഗ്ലാസ് പാത്രങ്ങൾ, മെറ്റൽ പാക്കേജിങ് എന്നിവ പരിസ്ഥിതി സൗഹൃദ മാർഗങ്ങളാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.