മൊറോക്കോയുടെ കഥപറയുന്ന ‘ദാർ അൽ മഗ്രിബ്’
text_fieldsദോഹ: മൊറോക്കോയുടെ സാംസ്കാരിക പൈതൃകവും സർഗാത്മകതയും ചരിത്രവുമെല്ലാം പറഞ്ഞുകൊണ്ട് മിയ പാർക്കിൽ ‘ദാർ അൽ മഗ്രിബ്’ തുറന്നു. ഖത്തർ-മൊറോക്കോ സാംസ്കാരിക വർഷത്തോടനുബന്ധിച്ചാണ് കോർണിഷിലെ മിയ പാർക്കിൽ ആകർഷകമായ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മൊറോക്കോയിലെ പരമ്പരാഗത മൺ നിർമാണ സാങ്കേതിക വിദ്യകൾക്ക് പേര് കേട്ട ക്സാർ എയ്ത് ബെൻ ഹാദൗവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ദാർ അൽ മഗ്രിബ് നിർമിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം നൽകുന്ന പവലിയനിൽ മൊറോക്കോയുടെ പാരമ്പര്യങ്ങളുമായി വിജ്ഞാന പ്രദർശനങ്ങളും വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങളും അവതരിപ്പിക്കും. സന്ദർശകർക്ക് ആധികാരിക മൊറോക്കൻ ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന ഗിഫ്റ്റ് ഷോപ്പിലെത്തി പരിചയപ്പെടാനും വാങ്ങാനും സാധിക്കും.
കൂടാതെ പരമ്പരാഗത മൊറോക്കൻ ചായയും മധുര പലഹാരങ്ങളും ആസ്വദിക്കാൻ ഒരു ചായമുറിയും നിർമിച്ചിട്ടുണ്ട്. സന്ദർശകർക്കിടയിൽ സാംസ്കാരിക വിനിമയം വളർത്താനും മൊറോക്കൻ പാരമ്പര്യങ്ങളോടുള്ള മതിപ്പ് വർധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. സംഗമഭൂമി, വെളിച്ചത്തിന്റെ നാട്, ഒത്തുചേരലിന്റെ നാട്, ലാൻഡ് ഓഫ് പാഷൻ എന്നിങ്ങനെ നാല് പ്രമേയങ്ങളിലാണ് പവലിയൻ സ്ഥാപിച്ചിരിക്കുന്നത്.
മൊറോക്കോയെ സംസ്കാരങ്ങളുടെയും നാഗരികതകളുടെയും സംഗമസ്ഥാനമായി ഉയർത്തിക്കാട്ടുന്ന സംഗമഭൂമി, വിവിധ പ്രദേശങ്ങൾ തമ്മിലുള്ള സാംസ്കാരിക, ആശയവിനിമയത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു.പരമ്പരാഗത മൊറോക്കൻ നടുമുറ്റത്തിലൂടെയാണ് വെളിച്ചത്തിന്റെ നാട്ടിലേക്ക് പ്രവേശിക്കുക.
മൊറോക്കൻ കരകൗശല വിദഗ്ധർ നിർമിച്ച പരമ്പരാഗത സെല്ലിജ് ടൈലുകളും മൊറോക്കൻ കലാകാരന്മാരുടെ കരവിരുത് തെളിയുന്ന തടിയിൽ തീർത്ത മുകൾതട്ട് എന്നിങ്ങനെ അഞ്ച് ഇടങ്ങളാണ് ഇവിടെയുള്ളത്. ആകർഷകമായ ഓഡിയോ, വിഡിയോ അവതരണങ്ങളിലൂടെ മൊറോക്കോയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശകർക്ക് കാണാൻ സാധിക്കും.
മൊറോക്കോയുടെ ഊർജസ്വലതയാണ് ‘ലാൻഡ് ഓഫ് ഗാതറിങ്’ അടയാളപ്പെടുത്തുന്നത്. 2016ലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി, വരാനിരിക്കുന്ന 2030 ലോകകപ്പ് എന്നിവയുൾപ്പെടെ ലോകത്തെ പ്രധാന ഇവന്റുകളും ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നതിലെ പങ്ക് ഇവിടെ ചൂണ്ടിക്കാട്ടുന്നു.
2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ നേട്ടങ്ങളും 2030 ലോകകപ്പിലേക്കുള്ള തയാറെടുപ്പുകളും ഉൾപ്പെടെ രാജ്യത്തെ ഫുട്ബാളിന്റെ പരിണാമം, മൊറോക്കോയുടെ ഫുട്ബാളിനോടുള്ള അഗാധമായ സ്നേഹം എന്നിവയെല്ലാം ലാൻഡ് ഓഫ് പാഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.