േദശീയദിനാഘോഷ പ്രൗഢിയിൽ ദർബ് അൽ സാഈ
text_fieldsദേശീയദിന പരിപാടികളുമായി ദർബ് അൽ സാഈ വീണ്ടും സജീവമായി
ദോഹ: ഖത്തറിന്റെ ചരിത്രവും പൈതൃകവും വാനോളമുയർത്തി ദേശീയദിനം അടുത്തെത്തിയിരിക്കെ, നൂറോളം പരിപാടികളുമായി ഉംസലാലിലെ ദർബ് അൽ സാഇ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം ആരംഭിച്ച പരിപാടികൾ ദേശീയദിനമായ ഡിസംബർ 18 വരെ തുടരും.
പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി ഏകോപിപ്പിച്ച് സാംസ്കാരിക മന്ത്രാലയമാണ് ഒമ്പതു ദിവസം നീളുന്ന ദേശീയദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. 1.50 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സാഇ ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയാണ് പ്രവർത്തിക്കുക.
ദർബ് അൽ സാഇയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാഗ് സ്ക്വയറിൽ ഖത്തറിന്റെ ദേശീയപതാക ഉയർത്തി. സൈനിക ബാൻഡ്, കുതിര, ഒട്ടക സവാരിക്കാരുടെ പ്രദർശനം എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ചക്രങ്ങൾ ഘടിപ്പിച്ച പാരമ്പര്യ പായ്ക്കപ്പലായ ദൗ ബോട്ടിന്റെ പ്രദർശനവും ദർബ് അൽ സാഇയിൽ നടന്നു.
സാംസ്കാരിക സെമിനാറുകൾ, കവിതസായാഹ്നങ്ങൾ, ദൈനംദിന സാംസ്കാരിക, പൈതൃക പരിപാടികൾ എന്നിവ വേദിയിലെ പ്രധാന തിയറ്ററിലാണ് നടക്കുക. വിവിധ സ്റ്റേജുകളിലായി നിരവധി പരിപാടികളാണ് ഡിസംബർ 18 വരെ മന്ത്രാലയം സംഘടിപ്പിക്കുന്നത്.
കുട്ടികൾക്ക് ഒട്ടകസവാരിയുടെ അനുഭവം ആസ്വദിക്കാനും മരുഭൂമിയിലെ അതിന്റെ ജീവിതത്തെക്കുറിച്ച് വിശദാംശങ്ങൾ പഠിക്കാനും അവസരമൊരുക്കുന്ന അൽ അദ്ബ ദർബ് അൽ സാഇയിലെ പ്രധാന പരിപാടികളിലൊന്നാണ്. കൂടാരത്തിൽ അതിഥികളെ സ്വീകരിക്കുന്നതിനൊപ്പം പരമ്പരാഗത നാടൻകളികൾ കളിക്കാനും ഇവിടെ അവസരമുണ്ടാകുമെന്ന് അൽ അദ്ബ ഇവന്റ് മേധാവി അബ്ദുറഹ്മാൻ അഹ്മദ് അൽ ബദീ അൽ മആദീദ് പറഞ്ഞു.
ഖത്തറിന്റെ സമുദ്ര പൈതൃക പരിസ്ഥിതിയെ ഉൾക്കൊള്ളുന്നതാണ് ഇവിടത്തെ അൽ ബിദ്ദ പരിപാടി. അൽബിദ്ദ കൗൺസിൽ, അൽ മുതവ്വ ഹൗസ്, പോപ്പുലർ കഫേ, അൽ നുഖദ അൽ നഹം മജ്ലിസ്, അക്കാസ് അൽ ഫ്രീജ്, അൽ തവാഷ് എന്നിവയും ഖത്തറിന്റെ നാവികപൈതൃകത്തെ അടയാളപ്പെടുത്തുന്ന അൽ ബിദ്ദയിലെ പ്രധാന ഭാഗങ്ങളാണ്. സമുദ്ര പൈതൃകത്തിന്റെ സവിശേഷതകളുള്ള മ്യൂസിയവും വടംവലി, കപ്പൽ പിടിച്ചെടുക്കൽ, അതിനെ പിന്തിരിപ്പിക്കൽ തുടങ്ങിയ സാംസ്കാരിക മത്സരങ്ങളും ഇവിടെ നടക്കുന്നു.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ പവിലിയനിൽ നിരവധി വന്യജീവികളെയും വിവിധയിനം സസ്യങ്ങളുമായി ഖത്തരി പരിസ്ഥിതിയുടെ സവിശേഷതകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അറേബ്യൻ കുതിരകളുമായി ഖത്തറിലെ കുതിരസവാരിയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടി ഖത്തർ ഫൗണ്ടേഷൻ അംഗമായ അൽ ഷഖബും ദർബ് അൽ സാഇയിൽ തങ്ങളുടേതായ മുദ്രപതിപ്പിക്കുന്നുണ്ട്.
സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ വിഷ്വൽ ആർട്ട് സെന്റർ കലാമത്സരങ്ങൾ, സെറാമിക് ശിൽപശാല, ലിയുവാൻ ആർട്ട്, അറബി കലിഗ്രഫി ശിൽപശാല, കാരിക്കേച്ചർ ഡ്രോയിങ് ശിൽപശാല, ഖത്തർ പാരമ്പര്യത്തെക്കുറിച്ച പ്രത്യേക പ്രദർശനം തുടങ്ങി നിരവധി പരിപാടികളാണ് സന്ദർശകർക്കായി അണിനിരത്തിയിരിക്കുന്നത്.
കുട്ടികൾക്കായി പ്രത്യേക ഇടംതന്നെ ദർബ് അൽ സാഇയിൽ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കുട്ടികൾക്കായുള്ള ട്രാക്കാണ് പ്രധാനപ്പെട്ടത്. ചെറിയ വാഹനങ്ങൾ ഓടിക്കാനും ഫുട്ബാൾ കളിക്കാനും മറ്റു വിനോദപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരവും അത് വാഗ്ദാനം ചെയ്യുന്നു.
അഷ്ഗാലും വിവിധ പങ്കാളികളും ചേർന്നാണ് ലൈറ്റ്ഷോ ഒരുക്കിയത്
ദോഹ: ദേശീയ ദിനാഘോഷത്തെ വരവേറ്റ് അലങ്കാരങ്ങളുമായി ദോഹ കോർണിഷ് സജ്ജമായി. ഖത്തർ ടൂറിസം, ഖത്തർ മ്യൂസിയംസ്, ദോഹ എക്സ്പോ എന്നിവരുമായി സഹകരിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് ‘ദോഹ ഫെസ്റ്റിവ് ലൈറ്റിങ്’ എന്നപേരിൽ വെളിച്ചങ്ങളുടെ ആഘോഷത്തിന് തുടക്കം കുറിച്ചത്.
സൂര്യൻ മായുന്നതോടെ പലനിറങ്ങളിൽ സമ്മേളിക്കുന്ന വെളിച്ചം ദോഹ കോർണിഷ് നടപ്പാതയിലും അൽ മസ്റഹ് പാർക്കിലുമെല്ലാമായി സന്ദർശകർക്ക് വ്യത്യസ്തമായ വിരുന്നൊരുക്കുന്നു. ഡിസംബർ എട്ടിന് ആരംഭിച്ച ലൈറ്റ് ഷോ 31 വരെ തുടരും.
ദിവസവും വൈകീട്ട് 5.30ഓടെ തന്നെ തെളിയുന്ന ദീപങ്ങൾ രാത്രി ഒരു മണിവരെ പെഡസ്ട്രിയൻ ടണൽ പ്ലാസയിൽ സന്ദർശകർക്ക് വെളിച്ചങ്ങളുടെ ഉത്സവം സമ്മാനിക്കും. ദോഹ കോർണിഷും എക്സ്പോ വേദിയായ അൽബിദ പാർക്കുമെല്ലാമായി ബന്ധപ്പെടുത്തിയാണ് ലൈറ്റ് ഷോ ഒരുക്കിയത്. വെറുമൊരു ലൈറ്റ് ഷോ എന്നതിനപ്പുറം ഖത്തറിന്റെ സംസ്കാരവും പൈതൃകവുമെല്ലാം പ്രദർശിപ്പിക്കുന്ന കാഴ്ചകളും ഉൾക്കൊള്ളിച്ചാണ് നടവഴികൾ അലങ്കരിച്ചത്.
കടൽ ജീവിതം, വന്യജീവികൾ എല്ലാം ഏറ്റവും ഉയർന്ന സാങ്കേതികവിദ്യകളോടെ സജ്ജമാക്കിയ ഷോയിൽ മിന്നിമായുന്നു. കോർണിഷ് പ്ലാസയിൽ വെളിച്ചം കൊണ്ടൊരുക്കി ജലധാര മുതൽ ഹോളോഗ്രാം ജേണിവരെയായി ഹൈടെക് ലൈറ്റ് ഷോയാണ് കാത്തിരിക്കുന്നത്. ഏറെ വ്യത്യസ്തതയും പുതുമയും നിലനിർത്തിയാണ് മൂന്നാമത് എഡിഷൻ ദോഹ ഫെസ്റ്റിവ് ലൈറ്റിങ് ആരംഭിച്ചതെന്ന് അഷ്ഗാൽ എക്സ്റ്റേണൽ റിലേഷൻസ് ഹെഡ് ഫാമിത ജാബിർ അൽ കുബൈസി പറഞ്ഞു.
സാങ്കേതിക വൈദഗ്ധ്യവും ഖത്തറിന്റെ പരിസ്ഥിതിയും സംസ്കാരവും ജീവിതവുമെല്ലാം ഉൾക്കൊള്ളിച്ച് വേറിട്ടൊരു ലൈറ്റിങ് ഷോയാണ് ഒരുക്കിയതെന്ന് അഷ്ഗാൽ പ്രൊജക്ട് ഡിസൈൻ മാനേജർ എൻജി. ജാസ്മിൻ അൽ ശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.