ആഘോഷവേദിയായി ദർബ് അൽ സാഇ; രാജ്യം ദേശീയദിന ഉത്സവത്തിലേക്ക്
text_fieldsദോഹ: ഉംസലാലിൽ ആരംഭിച്ച ദർബ് അൽ സാഇ ആഘോഷങ്ങളിലൂടെ ഖത്തർ ദേശീയ ദിന ഉത്സവത്തിലേക്ക്. നാടെങ്ങും ദേശീയ പതാക ഉയർത്തിയും, ഓഫിസുകളും കെട്ടിടങ്ങളും വീടും അലങ്കരിച്ചും ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഖത്തർ. റോഡരികുകളിലും പാർക്കുകളിലും ഖത്തറിന്റെ പതാകയുടെ മറൂൺ, വെള്ള നിറങ്ങളിൽ പൂക്കളും വിരിഞ്ഞു തുടങ്ങി.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.
ഡിസംബർ 18 വരെ നീളുന്ന ദർബ് അൽ സാഇ പരിപാടികളുടെ ആവേശത്തിലാണ് ഉം സലാൽ മുഹമ്മദ്. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ, ഖത്തർ നാഷനൽ ആർക്കൈവ്സ് ബോർഡ് ട്രസ്റ്റി ചെയർമാൻ അബ്ദുല്ല ബിൻ ഖലീഫ അൽ-അതിയ്യ, ശൂറാ കൗൺസിൽ മുൻ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദർബ് അൽ സാഇയുടെ ഉദ്ഘാടനം. വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൻതിരക്കാണ് ഇവിടെ.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ സന്ദർശകരുടെ സാന്നിധ്യവും ശ്രദ്ധേയമാകുന്നു. ദിവസവും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 11 വരെയാണ് സന്ദർശകർക്ക് പ്രവേശനം. സാംസ്കാരിക മന്ത്രാലയം 104 വ്യത്യസ്ത പരിപാടികളുമായി 15 പ്രധാന ഇവന്റുകളാണ് ദർബ് അൽ സാഇയിൽ തയാറാക്കിയിട്ടുള്ളത്.
പ്രധാന വേദിയായ ഖത്തരി ഹൗസ്, ലിവാൻ അൽ-ഫാൻ (ആർട്ട് പവിലിയൻ), അൽ-ബിദാ, അൽ-മക്തർ, അൽ-എസ്ബ, അൽ-ഷഖബ്, ദർബ് അൽ സായി ട്രാക്ക്, അൽ-മസീർ, പപ്പറ്റ് തിയറ്റർ, ഡെസേർട്ട് മ്യൂസിയം, ഖത്തരി മ്യൂസിക് മ്യൂസിയം, ഖത്തർ റീഡുകൾ, ഇന്ററാക്ടിവ് ഗെയിമുകൾ, മാർക്കറ്റ് പ്ലേസ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ വർഷം, ‘സന ഖത്തർ’ എന്ന പേരിൽ ഒരു പുതിയ ഡിജിറ്റൽ ആർട്ട് എക്സിബിഷനും സാംസ്കാരിക വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രധാന വേദിയിൽ കവിത സായാഹ്നങ്ങൾ, സാംസ്കാരികവും മതപരവുമായ ചർച്ചകൾ, നാടകങ്ങൾ, കുട്ടികളുടെ പ്രകടനങ്ങൾ, ഓപററ്റ ഷോകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.
‘ഖത്തരി ഫ്ലവേഴ്സ്’ എന്ന പേരിൽ ഒരു തത്സമയ പാചക മത്സരവും ഉണ്ടായിരിക്കും.മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 80,000 റിയാലും, രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 60,000 റിയാൽ, 40,000 റിയാൽ എന്നിവയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.