കാണികൾക്ക് കലാവിരുന്നാകാൻ 'ദർബ് അൽ സായി'
text_fieldsദോഹ: ദേശീയദിനാഘോഷങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ വേദിയായ ദർബ് അൽ സായി നവംബർ 25 മുതൽ ഡിസംബർ 18 വരെ സാംസ്കാരിക, പൈതൃക, കലാ, കായിക, വിനോദ മേഖലകളിലായി ഈ വർഷം 4500 പരിപാടികൾക്ക് വേദിയാകും.2022 മുതൽ ഉംസലാൽ മുഹമ്മദിലെ 1,50,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥിരം വേദിയിലാണ് ദർബ് അൽ സായി നടക്കുക. ദേശീയദിനാഘോഷ പരിപാടികൾക്കായി ദർബ് അൽ സായി സജ്ജമാണെന്ന് ദേശീയദിനാഘോഷ സംഘാടക സമിതി അറിയിച്ചു. ഉംസലാൽ മുഹമ്മദ് പൈതൃക സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രൗഢമായ ചടങ്ങിൽ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടിരുന്നു.
രാജ്യത്തോടുള്ള കൂറും ഐക്യദാർഢ്യവും ഐക്യവും ദേശീയസ്വത്വത്തിലെ അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനായി ഈ വർഷം 24 ദിവസം നീണ്ട ദേശീയദിനാഘോഷ പരിപാടികൾക്കാണ് ദർബ് അൽ സായി വേദിയാകുകയെന്നും ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 4500 പരിപാടികൾക്ക് ദർബ് അൽ സായി വേദിയാകുമെന്നും ചടങ്ങിൽ ജനറൽ സൂപ്പർവൈസർ ഡോ. ഗാനിം ബിൻ മുബാറക് അൽ അലി പറഞ്ഞു. ലോകകപ്പിനെത്തുന്ന ആരാധകർക്ക് മുന്നിൽ ഖത്തറിന്റെ ചരിത്രവും സംസ്കാരവും വിശ്വാസവും, അറബ്-ഇസ്ലാമിക മൂല്യങ്ങളും പരിചയപ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ദേശീയദിനാഘോഷ പരിപാടികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ പൈതൃകവും ദേശീയ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, പൈതൃക, കലാപരമായ പര്യടനം നടത്താൻ ദർബ് അൽ സായി സന്ദർശകർക്ക് അവസരം നൽകുമെന്നും ഡോ. ഗാനിം അൽ അലി പറഞ്ഞു.സന്ദർശകർക്ക് ആശ്വാസവും സുരക്ഷയും പ്രദാനംചെയ്യുന്ന ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായി സ്ഥിരം ആസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
ദർബ് അൽ സായിയിലെത്താം
ഈ വർഷം മുതൽ ഉംസലാൽ മുഹമ്മദിലാണ് ദർബ് അൽ സായിയുടെ പുതിയ സ്ഥിരം വേദി. ഷമാൽ റോഡ് ഉൾപ്പെടെ മൂന്ന് പ്രധാന റോഡുകളിൽനിന്ന് നേരിട്ട് ദർബ് അൽ സായി വേദിയിലെത്താം. ഗ്രീൻ ലൈൻ മെട്രോയിലെ ഓൾഡ് റയ്യാൻ സ്റ്റേഷനാണ് ഏറ്റവും അരികിലുള്ള മെട്രോ. 3500 കാറുകളെ ഉൾക്കൊള്ളുന്ന വിശാലമായ പാർക്കിങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
ഇത് ഏഴു പ്രധാന കവാടങ്ങളുമായും അഞ്ചു സർവിസ് കവാടങ്ങളുമായും ബന്ധിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. ദേശീയദിനാഘോഷ പരിപാടികൾ സന്ദർശകർക്ക് കൂടുതൽ സൗകര്യത്തിൽ വീക്ഷിക്കുന്നതിനായി കൂറ്റൻ സ്ക്രീനുകളും ദർബ് അൽ സായിയിൽ സ്ഥാപിച്ചിട്ടുണ്ട്. 80 സ്റ്റോറുകൾക്കു പുറമേ, 30ലധികം റസ്റ്റാറൻറുകളും കഫേകളും വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങൾ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.
191 പ്രധാന പരിപാടികൾക്കു കീഴിലായിരിക്കും 4500ലധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.കവിത-സംഗീത സായാഹ്നങ്ങൾ, സാഹിത്യ-ബൗദ്ധിക-കലാപരമായ സെമിനാറുകൾ, പ്രദർശനങ്ങൾ, രണ്ട് മ്യൂസിയങ്ങൾ, നിരവധി കരകൗശല പ്രദർശനവും പ്രാദേശിക കലകളും കളികളും, ശിൽപശാലകൾ എന്നിവയും 24 ദിവസം നീണ്ടുനിൽക്കുന്ന ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.