പൂത്തുലഞ്ഞ് ലുസൈൽ
text_fieldsദോഹ: പൂക്കളും പരേഡും വിവിധ രൂപങ്ങളുമായി നിറങ്ങളിൽ മുങ്ങി ലുസൈൽ ബൊളെവാഡിന് ആഘോഷരാവുകൾ. ഒപ്പം, വാദ്യമേളങ്ങളോടെ കലാകാരന്മാരും ഭക്ഷ്യ ഔട്ലറ്റും കുട്ടികൾക്ക് കളിച്ചു തിമിർക്കാൻ പ്രത്യേക കളിയിടങ്ങളും ചിത്രം വരക്കുന്ന കലാകാരന്മാരുടെ കാഴ്ചകളുമായി ലുസൈൽ ബൊളെവാഡ് വീണ്ടും ഉണർന്നു. വ്യാഴാഴ്ചയായിരുന്നു മൂന്നു ദിവസത്തെ ദർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിന് ബൊളെവാഡിൽ തുടക്കമായത്. രാത്രി ഏഴു മുതൽ 11 വരെ നീണ്ടുനിന്ന ഉത്സവക്കാഴ്ചകളിലേക്ക് സ്വദേശികളും താമസക്കാരും ഒഴുകിയെത്തിയപ്പോൾ ലുസൈൽ വീണ്ടും ഉത്സവത്തെരുവായി. മൂന്നു ദിവസം നീളുന്ന ദർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ശനിയാഴ്ച അവസാനിക്കും. അഞ്ചു മണിക്കൂർ നീളുന്ന ആഘോഷങ്ങളുടെ പൂരമാണ് ഇവിടെ ഒരുക്കിയത്. കഴിഞ്ഞ പെരുന്നാളിനും ഏതാനും മാസങ്ങൾക്കു മുമ്പ് ലോകകപ്പ് ഫുട്ബാൾ വേളയിലും കണ്ടതുപോലെ എങ്ങും ഉത്സവ നിറങ്ങൾ.
പരേഡ്, േഫ്ലാട്ടുകൾ, പ്രാദേശിക വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ആസ്വാദ്യകരമാണിത്. ലുസൈൽ ബൊളെവാഡിന്റെയും കതാറയുടെയും ചെറു രൂപങ്ങൾ പൂക്കൾകൊണ്ട് തന്നെ നിർമിച്ചിരിക്കുന്നു. ഇതിനിടയിൽ പ്രത്യേക വാഹനങ്ങളിൽ പൂക്കൾ അലങ്കരിച്ച് േഫ്ലാട്ടുകളായി നീങ്ങുന്നതും കാർട്ടൂൺ കഥാപാത്രങ്ങളും വിവിധ അലങ്കാര രൂപങ്ങളും ഖത്തർ വേദിയായ വിവിധ കായിക ചാമ്പ്യൻഷിപ്പുകളുടെ ഭാഗ്യചിഹ്നങ്ങളും നിറഞ്ഞ പരേഡുകളും ലുസൈലിനെ ആകർഷകമാക്കുന്നു. ഖത്തരി ദിയാറക്കു കീഴിലാണ് മൂന്നു ദിവസം നീളുന്ന പരിപാടികൾക്ക് ലുസൈൽ വേദിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.