ഈത്തപ്പഴ മേള; വിൽപനയിലും സന്ദർശകരിലും റെക്കോഡ്
text_fieldsദോഹ: ശനിയാഴ്ച സമാപിച്ച സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിലെ വിൽപന കണക്കുകൾ റെക്കോഡ് കുറിച്ചു. പത്തു ദിവസം നീണ്ടുനിന്ന മേളയിൽ 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഒപ്പം സന്ദർശക എണ്ണത്തിലും ഇത്തവണ റെക്കോഡ് പിറന്നു.
ജൂലൈ 25ന് തുടങ്ങി ആഗസ്റ്റ് അഞ്ചിന് സമാപിച്ച മേളയിലേക്ക് അരലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്. സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാരും സന്ദർശകരുമെല്ലാം ഒരുപോലെ എത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഈത്തപ്പഴ സീസണിന്റെ തുടക്കമെന്ന നിലയിലാണ് ഗൾഫ് മേഖലയിലെതന്നെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഫെസ്റ്റിന് കൊടിയേറുന്നത്. ഖത്തറിലെ 103 പ്രാദേശിക ഫാമുകളിൽ കൃഷിചെയ്ത മുന്തിയ ഇനം ഈത്തപ്പഴങ്ങളാണ് നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കൃഷി വകുപ്പിന് കീഴിൽ ഫെസ്റ്റ് നടത്തുന്നത്.
20ഓളം ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളാണ് ഫെസ്റ്റിൽ വിറ്റത്. ഓരോ ദിവസവും ശരാശരി 20 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. പത്ത് ദിവസംകൊണ്ട് ഇത് 219 ടൺ ആയി ഉയർന്നു. 20 ലക്ഷം റിയാലാണ് വിൽപന മൂല്യം. ബദാം, അത്തിപ്പഴം ഉൾപ്പെടെ പഴവർഗങ്ങൾ 1204 കിലോയും വിറ്റഴിച്ചു.
വിൽപനക്കും സന്ദർശക പങ്കാളിത്തത്തിനും പുറമെ, ഫാമുകളുടെ എണ്ണത്തിലും ഇത്തവണ റെക്കോഡുണ്ട്. 103 ഫാമുകളാണ് പങ്കെടുത്തത്. മികച്ച ഫാമുകൾക്ക് ഇത്തവണ കാഷ് അവാർഡും നൽകിയിരുന്നു.
2018ൽ 15 ദിവസത്തെ വിപണന മേളയിലാണ് വിൽപനയും സന്ദർശക പങ്കാളിത്തവും ഉയർന്നത്. പതിവുപോലെ ജനപ്രിയമായ അൽ ഖലാസ് ഇനം ഈത്തപ്പഴമാണ് വിൽപനയിൽ മുന്നിലെത്തിയത്.
അൽ ഷിഷി, അൽ ബർഹി, അൽ ഖനെയ്സി, അൽ റസീസി എന്നിവക്കും വലിയ തോതിൽ ആവശ്യക്കാരുണ്ടായിരുന്നു. ഹയാ സന്ദർശക വിസയിൽ എത്തിയ മലയാളി കുടുംബങ്ങളുടെ വർധിച്ച സാന്നിധ്യമായിരുന്നു ഇത്തവണ ശ്രദ്ധേയമായത്. ഇന്ത്യക്കാർ വലിയ തോതിൽ ഈത്തപ്പഴങ്ങൾ വാങ്ങുന്നതായി ഫെസ്റ്റിവൽ ജനറൽ സൂപ്പർ വൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.