കടലിന്റെ കഥയുമായി ഇനി ദൗ ഉത്സവം; കതാറ പായ്ക്കപ്പൽ മേളക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകങ്ങളുടെ പ്രദർശനവുമായി പരമ്പരാഗത പായ്ക്കപ്പൽ മേള (ദൗ ഫെസ്റ്റ്) ബുധനാഴ്ച മുതൽ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന് കീഴിൽ തുടക്കമാകുന്നു. എല്ലാ വർഷങ്ങളിലും മേഖലയിലെ തന്നെ മുൻനിര പായ്ക്കപ്പൽ മേളയായി ശ്രദ്ധിക്കപ്പെടുന്ന ഫെസ്റ്റിന്റെ 14ാമത് പതിപ്പിനാണ് ഇത്തവണ കതാറ വേദിയാകുന്നത്. ഡിസംബർ ഏഴുവരെ നീണ്ടുനിൽക്കും. കതാറയിലെ ബീച്ചിന്റെ തെക്കുഭാഗത്തായി ഉച്ചക്ക് മൂന്നു മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം.
ഖത്തറിന്റെയും മേഖലയുടെയും പരമ്പരാഗത കടൽ ജീവിതവും കാഴ്ചകളുമായി ഇനി ആഘോഷ നാളുകളാണ്. ആതിഥേയരായ ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഇന്ത്യ, താൻസനിയ, ഇറാൻ, ഫലസ്തീൻ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര പാരമ്പര്യത്തിന്റെ ആഘോഷം പ്രതിഫലിക്കുന്ന മേളയിൽ സാംസ്കാരിക പരിപാടികൾ, വിനോദങ്ങൾ, മത്സരങ്ങൾ എന്നിവയുമായി സജീവമാകും. പരമ്പരാഗത സമുദ്രയാന കലകളും ഇവിടെ അവതരിപ്പിക്കപ്പെടും. ആറാമത് ഫത് അൽ ഖെയ്ർ യാത്രക്കും മേളയിൽ തുടക്കമാകും.
പ്രത്യേക നാടകാവിഷ്കാരത്തോടെയാണ് തുടക്കം. അൽ നഹ്മ, അൽ ഫജിരി ഉൾപ്പെടെ സമുദ്ര കലാരൂപങ്ങളും ഗൾഫ് മേഖലയുടെ സമുദ്ര സാംസ്കാരിക വൈവിധ്യം ഉയർത്തിക്കാട്ടിയുള്ള ഒമാനി സമുദ്ര കലകളും സന്ദർശകരെ കാത്തിരിക്കുന്നു. പവിഴങ്ങളുടെ പ്രദർശനം, മുത്തും പവിഴവുംകൊണ്ട് കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും നിർമാണവും വിൽപനയും, പൗരാണിക കാലങ്ങളിൽ മേഖലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്ന ചിപ്പിയിൽനിന്ന് മുത്തെടുക്കുന്ന രീതി പകർന്നുനൽകൽ എന്നിവയും ‘ദൗ’ ഫെസ്റ്റിന്റെ ആകർഷണമാണ്.
കലാപരിപാടികൾക്ക് പുറമെ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ സാംസ്കാരിക സെമിനാറുകളുമുണ്ട്. സമുദ്ര പൈതൃകം പ്രതിഫലിപ്പിക്കുന്നതിനായി മീൻവല നെയ്യുന്ന വിധം, ചെറു പായ്ക്കപ്പൽ നിർമാണം, പനയോല കൊണ്ട് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന വിധം എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള വിദ്യാഭ്യാസ ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഡൈവിങ്, കടൽ നാവിഗേഷൻ, കടൽ ജീവിതവുമായി ബന്ധപ്പെട്ട് മേഖലയുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകളുണ്ട്. പേൾ ഡൈവിങ്, റോവിങ്, മീൻപിടിത്തം എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.