പതിനാറിൽ അരങ്ങേറ്റം; ചരിത്രം കുറിച്ച് സൗദിയുടെ തലാൽ
text_fieldsദോഹ: ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ തായ്ലൻഡിനെതിരെ സൗദി അറേബ്യയുടെ അവസാന മത്സരത്തിന്റെ 64ാം മിനിറ്റ്. അബ്ദുല്ല റദിഫിന് പകരക്കാരനായി ഒരു പയ്യൻ കളത്തിലേക്ക് വരുന്നു. പേര് തലാൽ ഹാജി. റദിഫിനെ ആലിംഗനം ചെയ്ത് തലാൽ കളത്തിലിറങ്ങിയതോടെ ഏഷ്യൻ കപ്പിന്റെ ഏടുകളിൽ തലാൽ തന്റെ നാമത്തിൽ പുതിയ ചരിത്രം കുറിച്ചു. ഏഷ്യൻ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 16 വയസ്സും 131 ദിവസവും മാത്രമായിരുന്നു അപ്പോൾ തലാലിന്റെ പ്രായം. കളത്തിലിറങ്ങിയ ഉടനെ നാസർ അൽ ദോസരിയുടെ ക്രോസിൽ വല ലക്ഷ്യമാക്കി തലവെച്ചെങ്കിലും തായ്ലൻഡ് ഗോൾകീപ്പർ സരനോൺ അന്വിൻ തടസ്സമായി.
‘എ.എഫ്.സി ഏഷ്യൻ കപ്പിൽ സൗദി അറേബ്യക്കുവേണ്ടി കളിക്കാനുള്ള അന്തിമ പട്ടികയിലേക്ക് പേര് വിളിച്ചപ്പോൾ എനിക്കുണ്ടായ വികാരം വിവരണാതീതമായിരുന്നു. ദേശീയ സീനിയർ ടീമിന് വേണ്ടി പന്തുതട്ടുകയെന്ന ലക്ഷ്യം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്’-മത്സരശേഷം തലാൽ പറഞ്ഞു. നോക്കൗട്ട് റൗണ്ട് മത്സരങ്ങളിലാണ് ഇനി ശ്രദ്ധയെന്നും സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിന് വേണ്ടി കളിക്കുന്ന തലാൽ കൂട്ടിച്ചേർത്തു. ഏറെ പരിചയസമ്പന്നരായ നിരവധി താരങ്ങൾക്കൊപ്പം പന്തുതട്ടുന്നതിലൂടെ ഏറെ പഠിക്കാൻ സാധിക്കുമെന്നും, ഈ കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും തലാൽ ഹാജി പ്രത്യാശ പ്രകടിപ്പിച്ചു. സൗദി അറേബ്യ തങ്ങളുടെ അവസാന എ.എഫ്.സി കിരീടം നേടുന്ന സമയം തലാൽ ജനിച്ചിട്ട് പോലുമില്ലായിരുന്നു.
1998ലെ ഏഷ്യൻ കപ്പിൽ സിറിയയുടെ മുനാഫ് റമദാൻ സ്ഥാപിച്ച റെക്കോഡാണ് തലാൽ ദോഹയിൽ തിരുത്തിയത്. സൗദി അണ്ടർ 17 ടീമിനായി 11 മത്സരങ്ങളിൽ നിന്നും 10 ഗോളടിച്ച താരം, സൗദി പ്രോ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്ഥാപിച്ചു. 16 വയസ്സും അഞ്ച് ദിവസവുമായിരുന്നു അന്ന് തലാലിന്റെ പ്രായം. ഗ്രീൻ ഫാൽക്കൺസ് എന്ന പേരിൽ അറിയപ്പെടുന്ന സൗദി അറേബ്യയുടെ പരിശീലകനായ റോബെർട്ടോ മാൻസിനി ഏറെ പ്രതീക്ഷയോടെയാണ് തലാലിനെ കാണുന്നത്.
ചെറിയ പ്രായമാണ് അവനെങ്കിലും, നല്ല കഴിവുള്ള താരമാണെന്നും ഞങ്ങളോടൊപ്പമുള്ളത് അവന് കൂടുതൽ പരിചയസമ്പത്ത് നൽകുമെന്നും ദേശീയ ടീമിനൊപ്പം അവന് കൂടുതൽ മത്സരങ്ങളിൽ ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോബെർട്ടോ മാൻസിനി പറഞ്ഞു.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായാണ് സൗദി അറേബ്യയുടെ പ്രീ ക്വാർട്ടർ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.