നീതി നിഷേധമെന്ന് ഖത്തർ
text_fieldsദോഹ: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് സമ്പൂർണാംഗത്വം നൽകുന്നതിനായി കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിൽ കടുത്ത നിരാശയും അമർഷവും അറിയിച്ച് ഖത്തർ. നീതി പരാജയപ്പെട്ട ദുഃഖകരമായ ദിനമെന്ന് വിശേഷിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായും യു.എന്നിലെ ഈ നീക്കത്തെ വിലയിരുത്തി.
ഫലസ്തീന് പൂർണാംഗത്വമെന്ന യു.എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്. സുരക്ഷസമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ നിലപാടെടുത്തില്ല. യു.എസ് പ്രമേയത്തിന് എതിരായി നിലപാടെടുക്കുകയും വീറ്റോ ചെയ്യുകയും ചെയ്തതോടെ ഈ ശ്രമവും പരാജയമായി മാറി.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വംശഹത്യയും ആക്രമണവും ഗസ്സ ഉൾപ്പെടെ ഫലസ്തീൻ മേഖലയിൽ നടക്കുന്ന പശ്ചാത്തലത്തിൽ, പൂർണ അംഗത്വമെന്ന കരട് പ്രമേയത്തിന് അംഗീകാരം നൽകുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടതിലൂടെ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിലും ഉത്തരവാദിത്തം നിർവഹിക്കുന്നതിലും അന്താരാഷ്ട്ര ബോഡി വീണ്ടും നിസ്സഹായരായി കീഴടങ്ങുന്നത് വെളിപ്പെടുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
193 അംഗ യു.എന്നിന്റെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷ സമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതിനാൽ പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പു തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത് തിരിച്ചടിയായി. 1967ലെ അതിർത്തികൾ കണക്കാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം രൂപവത്കരിച്ച് ദ്വിരാഷ്ട്ര പരിഹാരമാണ് ശാശ്വത സമാധാനമാർഗമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.