മരുഭൂമി കാത്തിരിക്കുന്ന ‘സൂപ്പർസ്റ്റാർ’ സുഹൈൽ
text_fieldsദോഹ: മാനത്ത് ‘സുഹൈൽ’ ഉദിക്കുന്നതും കാത്തിരിപ്പാണ് ഗൾഫ് നാട്. ആകാശത്തിൽ പത്തരമാറ്റ് തിളക്കത്തോടെ സുഹൈൽ നക്ഷത്രം തെളിഞ്ഞാൽ അടിമുടി വേവുന്ന ചൂടിൽനിന്നും നാട് പതിയെ തെന്നിത്തുടങ്ങുമെന്ന ആശ്വാസമാണ് ഈ കാത്തിരിപ്പിലെ സുഖം. രാവിലും പകലിലും 40 മുതൽ 50 ഡിഗ്രിവരെ താപനിലയിൽ വെന്തുരുകുമ്പോൾ മാനത്ത് സുഹൈൽ ഉദിക്കുന്നത് അകവും പുറവും കുളിരുപകരുന്നതാണ്.
ഖത്തറും ഇതര ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ളവർ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂടുകാലം തള്ളിനീക്കുന്നത് സുഹൈലിന്റെ വരവും പ്രതീക്ഷിച്ചാണ്. അവർക്കുള്ള ആശ്വാസ വാർത്തയാണ് ആഗസ്റ്റ് 24ഓടെ സുഹൈൽ നക്ഷത്രം ആകാശത്ത് തെളിയുമെന്നത്. ഖത്തർ കാലാവസ്ഥ വിഭാഗം ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്.
ആരാണീ സുഹൈൽ..
സുഹൈൽ നക്ഷത്രമുദിക്കുന്ന അറിയിപ്പെത്തുമ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രോളന്മാരുമുണരും. ആ പേരുകാരെയെല്ലാം കൂട്ടിപ്പിടിച്ച് സിനിമകളിലെ ദൃശ്യങ്ങളും മുറിച്ചെടുത്തിറക്കുന്ന ട്രോളുകൾ തമാശയും ചിന്തിപ്പിക്കുന്നതുമാണ്. എന്നാൽ, ആകാശത്തെത്തുന്ന നക്ഷത്രങ്ങളെ നോക്കി ഋതുഭേദങ്ങളുടെ മാറ്റം കണക്കാക്കുന്ന അറബികൾക്ക് സുഹൈലും കൂട്ടുകാരും വെറുമൊരു തമാശയല്ല. ചൂടിന്റെ തീവ്രത കുറഞ്ഞുവരും എന്നതിനൊപ്പം പുതിയ കാർഷിക സീസണിന്റെ വരവേൽപ്പ് കൂടിയാണ് അവർക്കിത്.
ചൂടും ഹുമിഡിറ്റിയുമായി വേവുന്ന അന്തരീക്ഷം കുറയുന്നതിന്റെയും കാലാവസ്ഥ മെച്ചപ്പെടുന്നതിന്റെയും കാലഘട്ടം ആരംഭിക്കുന്നത് ഇതോടെയാണ്. സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, സഫി സീസണ് ആരംഭിക്കുന്നു. തുടര്‍ന്നു വരുന്ന 40 ദിവസങ്ങൾക്കുള്ളിൽ ചൂട് കുറഞ്ഞ് മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബര്‍ പകുതിയോടെ ശീതകാലത്തിലേക്കും നീങ്ങുന്നു.
സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, വിവിധ ഗൾഫ് രാജ്യങ്ങളിലെ പർവതനിരകളിൽ മേഘങ്ങൾ താഴുകയും, തെക്ക്-കിഴക്കന്‍ കാറ്റിനൊപ്പം ചാറ്റല്മഴയുമെത്തും. മധ്യപൂർവേഷ്യ ഉൾപ്പെടുന്ന ഉത്തരാര്‍ധ ഗോളത്തിലെ ഋതുമാറ്റത്തിന്റെ ലക്ഷണമാണ് സുഹൈല്‍ നക്ഷത്ര ഉദയം. നിലവില്‍ ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലമാണ്.
ഗോളശാസ്ത്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാർ (Canopus Star) ആണ് സുഹൈൽ നക്ഷത്രം എന്നപേരിൽ അറബ് മേഖലയിൽ അറിയപ്പെടുന്നത്. ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ നക്ഷത്രമാണിത്. ആഗസ്റ്റ് 24 മുതൽ രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന നിലയിൽ സുഹൈലിനെ കാണാം. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
സൂര്യന്റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടെന്നാണ് കണക്കാക്കുന്നത്. ശക്തമായ വെളിച്ചം മൂലം പ്രഭാതത്തിലും ഈ നക്ഷത്രത്തെ കാണാം. സുഹൈൽ നക്ഷത്രം സംബന്ധിച്ച് അറബികൾക്ക് പുരാതന കാലം മുതൽ തന്നെ ധാരണയുണ്ടെന്ന് പൗരാണിക അറബ് കവിതകളും സാഹിത്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
കാലാവസ്ഥ മാറ്റമെങ്ങനെ
ഭൂമിയുടെയും സൂര്യന്റെയും സ്ഥാനമാറ്റം ഋതുമാറ്റത്തിന് കാരണമാകുന്നുണ്ട്. സൂര്യനെ ചുറ്റി കറങ്ങുന്ന ഭൂമി എവിടെയെത്തി എന്ന് അറിയാം സൂര്യന്റെയോ മറ്റു നക്ഷത്രങ്ങളുടെയോ സ്ഥാനം എവിടെ എന്ന് നിരീക്ഷിക്കുക മാത്രമാണ് വഴി. ഈ യാത്രക്കിടയിൽ മറ്റു നക്ഷത്ര സമൂഹങ്ങളുടെ സാന്നിധ്യം കാണുന്നത് ഭൂമിയിലുള്ള നാം അവിടെ കറങ്ങി എത്തുന്നത് കൊണ്ടാണ്.അങ്ങനെയാണ് ചൂടുകാലവും കടന്ന് ഭൂമിയുടെ കൺവെട്ടത്ത് സുഹൈൽ ഉൾപ്പെടുന്ന നക്ഷത്രപഥം ഉദിക്കുന്നത്.
52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രം 13 ദിവസങ്ങളുള്ള നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും.
അറബിയിൽ അൽ തർഫ, അൽ ജബ്ഹ, അൽ സെബ്റ, അൽ സെർഫ എന്നിവയാണ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങൾ. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അൽ സെർഫയിലേക്ക് എത്തുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.