മികച്ച ഈത്തപ്പഴ ഉൽപാദനത്തിന് സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ഖത്തർ
text_fieldsദോഹ: ഉയർന്ന ഗുണനിലവാരമുള്ള ഈത്തപ്പഴങ്ങൾ ഉൽപാദിപ്പിക്കാൻ സാങ്കേതിക വിദ്യയുമായി കൈകോർക്കാനൊരുങ്ങുകയാണ് ഖത്തർ. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താൽ ഇവ വൻതോതിൽ ഉൽപാദിപ്പിക്കുന്നതിനുള്ള സുസ്ഥിര സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനാണ് നീക്കം. ഇതുസംബന്ധിച്ച പദ്ധതികളുടെ പുരോഗതി ഖത്തറിലെയും മറ്റു ജി.സി.സി രാജ്യങ്ങളിലെയും വിദഗ്ധരുടെയും പ്രതിനിധികളുടെയും സംഘവും സെന്റർ ഫോർ അഗ്രികൾചറൽ റിസർച്ച് ഇൻ ദ ഡ്രൈ ഏരിയാസും (ഐ.സി.എ.ആർ.ഡി.എ) ചേർന്ന യോഗം വിലയിരുത്തി.
നാലു ദിവസത്തെ അവലോകന യോഗം ഞായറാഴ്ചയാണ് ആരംഭിച്ചത്. ജി.സി.സി അംഗരാജ്യങ്ങളിൽ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിലെ പ്രധാന വെല്ലുവിളികളായ ജലദൗർലഭ്യം, സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം, ഉൽപാദന സമയത്ത് ഫലം പാഴാകുന്നത് കുറക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് യോഗം ശ്രദ്ധ ചെലുത്തിയത്. ‘അറേബ്യൻ പെനിൻസുലയിലെ ജി.സി.സി രാജ്യങ്ങളിൽ സുസ്ഥിര ഈന്തപ്പന ഉൽപാദന സംവിധാനത്തിന്റെ വികസനം’ എന്ന വിഷയത്തിലൂന്നിയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ റിസർച്ച് വിഭാഗം ഈ വാർഷിക യോഗം സംഘടിപ്പിച്ചത്. ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്റെയും ഐ.സി.എ.ആർ.ഡി.എയുടെയും ഏകോപനത്തിലാണ് ആന്വൽ ടെക്നിക്കൽ കോഓഡിനേഷൻ ആൻഡ് സ്റ്റിയറിങ് കമ്മിറ്റി മീറ്റിങ് നടക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കാർഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ വൈദഗ്ധ്യം പങ്കിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വിഭാഗം ഡയറക്ടർ ഹമദ് സാകേത് അൽ ശമ്മാരി ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പ്രായോഗിക ഗവേഷണം, സാങ്കേതികവിദ്യ കൈമാറ്റം, ഉൽപാദനം വർധിപ്പിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്ന് അൽ ശമ്മാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്ധതിക്ക് കീഴിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ നിരവധി സംയുക്ത സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവ പ്രതീക്ഷ നൽകുന്ന ഫലങ്ങൾ നൽകിയിട്ടുമുണ്ട്. ഈത്തപ്പഴങ്ങളുടെ ഫലം പാഴാക്കൽ കുറക്കുന്നതിനും ഡ്രിപ് ഇറിഗേഷൻ പോലുള്ള ജലസേചന സംവിധാനങ്ങൾക്കും വേണ്ടി ഖത്തർ അത്യാധുനിക പോളികാർബണേറ്റ് ഡ്രൈയിങ് ഹൗസുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സബ്സർഫേസ് ഇറിഗേഷൻ കൃഷിയിൽ മികച്ച ഫലം നൽകിയിട്ടുണ്ട്. അത് ജലത്തെ സംരക്ഷിക്കുകയും ഉപരിതല ജലത്തിന്റെ ബാഷ്പീകരണം ഒഴിവാക്കി വിളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു -അൽ ശമ്മാരി പറഞ്ഞു. കാർഷിക ഗവേഷണ വകുപ്പ് നടത്തുന്ന റൗദത്ത് അൽ ഫറാസ് ഫാമിൽ പദ്ധതി വിജയകരമായി പരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2022ൽ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രാദേശിക ഫാമുകളിൽ ഈത്തപ്പഴങ്ങൾക്കായി 100 പോളികാർബണേറ്റ് ഡ്രൈയിങ് ഹൗസുകൾ വിതരണം ചെയ്തു. വാണിജ്യമൂല്യവും ജി.സി.സി രാജ്യങ്ങളിൽ ഉയർന്ന ഡിമാൻഡുമുള്ള എല്ലാത്തരം ഈത്തപ്പഴങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗവേഷണങ്ങളിൽ മജ്ഹോൾ, മജ്ഡോൾ തുടങ്ങിയ ചില പുതിയ തരം ഈത്തപ്പഴങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽ ശമ്മാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.