ഭക്തി പകരുന്ന പള്ളികൾ
text_fieldsഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും സത്കർമങ്ങൾക്ക് ഇരട്ടി പ്രതിഫലവുമുള്ള മാസമാണ് റമദാൻ. വിശുദ്ധ മാസത്തിൽ ആരാധനാ കർമങ്ങളിൽ സജീവമാകുമ്പോൾ തന്നെ വേറിട്ട അനുഭവങ്ങളാണ് ഖത്തറിന്റെ മണ്ണിലെ പ്രൗഢഗംഭീരമായ പള്ളികളിലെ അനുഭവങ്ങളും. പരമ്പരാഗത ഇസ്ലാമിക കലാരൂപങ്ങളും ഖത്തറിന്റെ പാരമ്പര്യവുമെല്ലാം പ്രതിഫലിക്കുന്ന നിർമാണ ഭംഗികൾ. ശ്രുതിമധുരമായ ഖുർആൻ പാരായണംകൊണ്ട് അമ്പരപ്പിക്കുന്ന പണ്ഡിതൻമാരുടെ സാന്നിധ്യം, വിവിധ ദേശ-ഭാഷക്കാരായ വിശ്വാസികൾ ഒന്നിച്ച് പ്രാർഥന നടത്തുന്ന മുഹൂർത്തങ്ങൾ. അങ്ങനെയൊക്കെയാണ് എന്നിലേക്ക് നോമ്പോർമകളെത്തുന്നത്.
ഖത്തറിൽ 2019ൽ വിസിറ്റിങ് വിസയിൽ എത്തിയ സമയത്തെ നോമ്പോർമകളിൽനിന്നും തുടങ്ങാം. ഒരുപാട് സുഖ, ദുഃഖ സമ്മിശ്ര അനുഭവങ്ങളാണുള്ളത്. പ്രിയ സുഹൃത്ത് അലി ഹസൻ ഹുദവിയോടൊപ്പം അഫ്ഗാൻ മന്തി കഴിച്ചാണ് ഖത്തറിലെ രുചിക്കൂട്ടുകൾ ആദ്യമായി അറിയുന്നത്. പ്രമുഖ ഇമാമുമാർ നേതൃത്വം കൊടുക്കുന്ന പള്ളികളിൽ നിസ്കരിക്കുന്നത് വിശിഷ്യാ റമദാനിൽ മനസ്സിന് വല്ലാത്ത കുളിർമയാണ്.
കഴിഞ്ഞദിവസമാണ് എജുക്കേഷൻ സിറ്റിയിലെ മസ്ജിദുൽ മാനാറത്തൈയിനിൽ പോയി ഇശായും തറാവീഹും തുടർന്ന് ഖിയാമുല്ലൈലും നിർവഹിച്ചത്. ആദ്യ കാഴ്ചയിൽതന്നെ പ്രൗഢിയും പ്രതാപവും വിളിച്ചറിയിക്കുന്ന ഈ പള്ളിയുടെ ശിൽപികൾ അലി മാഞ്ജറയും സഹധർമിണി അഡ ഇവരീസ് ബ്രാവോയുമാണ്.
മനോഹരമായി അറബിയിൽ കൊത്തു പണികളും ഖുർആൻ സൂക്തങ്ങളും ചുവരിലും മിനാരങ്ങളിലും ആലേഖനം ചെയ്തിട്ടുള്ളത് ഇറാഖ്കാരനായ താഹ ഹൈത്തിയാണ്. പള്ളിയെ താങ്ങിനിർത്തുന്ന അഞ്ചു തൂണുകൾ ഇസ്ലാം മത വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളായ ഏകദൈവം, അഞ്ചുനേരം പ്രാർഥന, സകാത്, വ്രതാനുഷ്ഠാനം, ഹജ്ജ് എന്നിവയെ സൂചിപ്പിക്കുന്നതാണ്. പാരമ്പര്യവും ആധുനികതയും മേളിക്കുന്ന ഈ പള്ളിയിൽ അകത്തു പ്രധാന പ്രാർഥനാഹാളിൽ 1800 പേർക്കും പുറംമുറ്റത്ത് 1000 പേർക്കും ഒരേസമയം നിസ്കാരസൗകര്യമുണ്ട്. നാല് അരുവികളും ഇതിന് നിറപ്പകിട്ടേകുന്നു. കൂടാതെ പള്ളിയുടെ ചുറ്റിനും ഖുർആനിൽ പരാമർശിക്കപ്പെട്ട ചെടികളുടെ ഉദ്യാനവുമുണ്ട്. പൂർണാർഥത്തിൽ ഇസ്ലാമിക കലയെയും തച്ചു ശാസ്ത്രത്തിന്റെ മഹിമയെയും വിളിച്ചറിയിക്കുന്നതാണ് ഈ ആരാധനാ കേന്ദ്രം. രാജകുടുംബാംഗങ്ങൾക്കും മന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കും പുറമെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പള്ളിയുടെ ചുറ്റുവട്ടത്തെ സർവകലാശാലകളിലെ അന്തേവാസികളായ അധ്യാപകരും വിദ്യാർഥികളും മറ്റു ജീവനക്കാരും ഇവിടെ ദിനവും എത്തിച്ചേരും. ലോക പ്രശസ്ത പണ്ഡിതനും ഖാരിഉമായ ഹൈസം അൽ ദുഖൈനാണ് പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നത്. ശ്രുതിമധുരമായി, ഹൃദ്യമായി ഖുർആൻ പാരായണം ചെയ്യുന്ന ദുഹൈനുമായി പരിചയപ്പെടാനും അൽപസമയം ആശയവിനിമയം നടത്താനും കഴിഞ്ഞത് മനോഹരമായ നോമ്പോർമയാണ്.
എഴതിയത് : ഡോ. മൻസൂർ ഹുദവി പുല്ലൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.