റോട്ടർഡാമിൽ തിളങ്ങി ഡി.എഫ്.ഐ ചിത്രങ്ങൾ
text_fieldsദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക പിന്തുണയിൽ നിർമിച്ച അഞ്ചു ചിത്രങ്ങൾ നെതർലൻഡ്സിലെ റോട്ടർഡാമിൽ നടക്കുന്ന അറബ് ചലച്ചിത്ര മേളയിലേക്ക്. മേളയുടെ ഷോർട്ട്സ് ടു പ്രോഗ്രാമിന്റെ ഭാഗമായാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. മാജിദ് അൽ റിമൈഹിയുടെ ആൻഡ് ദെൻ ദെയ് ബേൺ ദ സീ, സൂസന്ന മിർഗാനിയുടെ കോട്ടൻ ക്യൂൻ, ഷൈമി അൽ തമീമിയുടെ ഡോണ്ട് ഗെറ്റ് ടൂ കംഫർട്ടബ്ൾ, അലെസാന്ദ്ര എൽ ചാൻറിയുടെ വെൻ ബൈറൂത് വാസ് ബൈറൂത്, ഹസൻ അൽ ജഹ്നിയുടെ എംസഹർ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 15ന് ആരംഭിച്ച അറബ് ചലച്ചിത്രമേള ഞായറാഴ്ച സമാപിക്കും.
സുഡാനിലെ പരുത്തി കൃഷി ഗ്രാമത്തിൽ ജീവിക്കുന്ന 15കാരിയായ നഫീഷയുടെ കഥയാണ് സൂസന്ന മിർഗാനിയുടെ കോട്ടൻ ക്യൂൻ. രാജകീയ പ്രൗഢിയുള്ള, ഉപേക്ഷിക്കപ്പെട്ട മൂന്നു കെട്ടിടങ്ങളെ പരിചയപ്പെടുത്തുന്ന പോയറ്റിക് ഹൈബ്രിഡ് ഡോക്യുമെൻററിയാണ് വെൻ ബൈറൂത് വാസ് ബൈറൂത്. ബൈറൂത്തിന്റെ പ്രൗഢമായ ചരിത്രമാണ് കഥയുടെ ഇതിവൃത്തം.
അതേസമയം, ഹസൻ അൽ ജഹ്നിയുടെ എംസഹർ 2ഡി ആനിമേഷൻ ഹ്രസ്വചിത്രമാണ്. ഏറെ പ്രിയപ്പെട്ട മുത്തശ്ശിയുടെ മരണത്തെ തടയുന്നതിനുള്ള ശ്രമങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.
റോട്ടർഡാം അറബ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങളും നേരത്തേ തന്നെ നിരവധി പുരസ്കാരങ്ങൾക്കും ബഹുമതികൾക്കും അർഹമായിട്ടുണ്ട്. മിന മേഖലയിലെ ചലച്ചിത്ര നിർമാതാക്കളുമായും പങ്കാളികളുമായും സഹകരിച്ച് എല്ലാ വർഷവും സംഘടിപ്പിക്കുന്ന അറബ് ചലച്ചിത്രമേള റോട്ടർഡാമിലേക്ക് ഏറ്റവും മികച്ച നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
ഖത്തറിനു പുറമെ, മൊറോക്കോ, തുനീഷ്യ, ഈജിപ്ത്, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ഫലസ്തീൻ, ജോർഡൻ, സിറിയ, ഇറാഖ് തുടങ്ങിയ
രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളെല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.