കാനിൽ തിളങ്ങി ഡി.എഫ്.ഐ സിനിമകൾ
text_fieldsദോഹ: ലോക സിനിമയുടെ പ്രധാന പ്രദർശന വേദികളിലൊന്നായി കാനിൽ തിളങ്ങി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.എഫ്.ഐ) ചിത്രങ്ങൾ. ഡി.എഫ്.ഐ പിന്തുണയിൽ നിർമിച്ച വിവിധ സിനിമകളാണ് കാനിൽ എട്ട് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. പുതു ചലച്ചിത്ര പ്രതിഭകൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമാണം വഹിച്ച കമാല്‍ ലസ്രാഖിന്റെ ‘ഹൗണ്ട്സ്’, അസ്മാഇ അൽ മൗദിറിന്റെ ‘ദ മദര്‍ ഓഫ് ഓള് ലൈസ്’, ‘ഫോര്‍ ഡോട്ടേഴ്സ്’, അമന്‍ഡ നെല്‍ ഇയുവിന്റെ ‘ടൈഗര്‍ സ്ട്രിപ്സ്’ മുറാദ് മുസ്തഫയുടെ ‘ഐ പ്രോമിസ് യു പാരഡൈസ്’, അംജാദ് അല്‍ റഷീദിന്റെ ‘ഇന്ഷാ അല്ലാഹ് എ ബോയ്’, വ്ലാദിമിര്‍ പെറിസിക്കിന്റെ ‘ലോസ്റ്റ് കണ്ട്രി’, ‘എബൗട്ട് ഡ്രൈ ഗ്രാസസ്’ എന്നീ ചിത്രങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
ഹൗണ്ട്സ് എന്ന സിനിമക്ക് ‘അൺസേര്ട്ടന് റിഗാര്‍ഡ്’ വിഭാഗത്തിലാണ് ജൂറി പുരസ്കാരം ലഭിച്ചത്. സംവിധായകന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണിത്. ദ മദര്‍ ഓഫ് ഓള് ലൈസ് എന്ന ചിത്രത്തിന് മികച്ച ഡയറക്ടര്‍ക്കുള്ള പുരസ്കാരവും മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പ്രൈസുമാണ് ലഭിച്ചത്. ഫോര്‍ ഡോട്ടേഴ്സ് എന്ന സിനിമയും ഗോള്‍ഡന്‍ ഐ പ്രൈസ് പങ്കിട്ടു. നൂറി ബില്ഗെ സെയ്ലന്‍ സംവിധാനം ചെയ്ത ‘എബൗട്ട് ഡ്രൈ ഗ്രാസസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച പെര്‍ഫോമന്‍സ് പുരസ്കാരം നടി മെര്‍വ് ഡിസ്ദറിന് ലഭിച്ചത്. ഈജിപ്തിലെ ആഫ്രിക്കൻ കുടിയേറ്റക്കാരനായ 17കാരന്റെ കഥപറയുന്ന ‘ഐ പ്രോമിസ് യു പാരഡൈസ്’ മികച്ച ഹ്രസ്വചിത്രത്തിനുള്ള റെയില്‍ ഡി ഓര് പുരസ്കാരവും സ്വന്തമാക്കി. ‘ഇന്ഷാ അല്ലാഹ് എ ബോയ്’ ഫീച്ചര്‍ ഫിലിമിനുള്ള റെയില്‍ ഡി ഓര് പുരസ്കാരവും നേടി. കാനിൽ ഇടം നേടുന്ന ആദ്യ ജോർഡനിയൻ ഫീച്ചർ ചിത്രമായാണ് ഇത് പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.