ദോഹയിൽ ഡയമണ്ട് പോരാട്ടം
text_fieldsദോഹ: വെള്ളിയാഴ്ച സായാഹ്നത്തിൽ ഖത്തറിന്റെ മണ്ണിൽ ലോക അത്ലറ്റിക്സിലെ സൂപ്പർ താരങ്ങൾ ഏറ്റുമുട്ടുന്നു. ലോക അത്ലറ്റിക്സ് സീസണിന്റെ ആരംഭം കുറിച്ച് ദോഹ ഡയമണ്ട് ലീഗിലൂടെ പുതു വർഷത്തെ ട്രാക്ക്-ഫീൽഡ് പോരാട്ടങ്ങൾക്ക് തുടക്കമാവുകയാണ്. മേയ് മുതൽ സെപ്റ്റംബർ വരെ 13 ലീഗുകളായി നീളുന്ന ഡയമണ്ട് ലീഗിലെ ആദ്യ ചാമ്പ്യൻഷിപ്പിനാണ് ദോഹ വേദിയാവുന്നത്. വിവിധ ഇനങ്ങളിലായി ലോക അത്ലറ്റിക്സിലെ സൂപ്പർ താരങ്ങൾ ട്രാക്കിൽ മാറ്റുരക്കും. പുരുഷ വിഭാഗത്തിൽ എട്ടും, വനിതകളിൽ ആറും ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഖത്തർ സ്പോർട്സ് ക്ലബിന്റെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്.
വൈകീട്ട് അഞ്ചിന് ഖത്തർ അത്ലറ്റുകളുടെ മത്സരങ്ങളോടെ തുടക്കമാവും. 6.10നാണ് ഡയമണ്ട് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. 14 ഇനങ്ങളിലായി 170 ഓളം അത്ലറ്റുകൾ മത്സരത്തിനിറങ്ങുന്നുണ്ട്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം ചൂടിയ ശേഷം ആദ്യ ജംപിനിറങ്ങുന്ന മുഅതസ് ബർഷിം തന്നെയാണ് താരം. സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ ഇറങ്ങാൻ കഴിയുന്നത് അഭിമാന നിമിഷമാണെന്ന് വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ താരം പറഞ്ഞു. എങ്കിലും, സീസണിലെ ആദ്യ മത്സരം തന്നെ അന്താരാഷ്ട്ര മേളയായി മാറിയതിൽ താരം ആശങ്ക പ്രകടിപ്പിച്ചു. 'ദോഹ അല്ലായിരുന്നു വേദിയെങ്കിൽ ഈ ചാമ്പ്യൻഷിപ്പിൽ ഞാനിറങ്ങുമായിരുന്നില്ല. എന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കൂടുതൽ ആവേശത്തോടെ മത്സരിക്കാൻ കഴിയും. സാധാരണ ചെറിയ ചാമ്പ്യൻഷിപ്പുകളിലൂടെയാണ് തുടക്കം.
ഇക്കുറി നേരിട്ട് വലിയ മത്സരത്തിലിറങ്ങുന്നത് കഠിനമാണ്. പരിചയ സമ്പത്തും, ഹോം ഇഫക്ടും ഗുണകരമാവും. കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ലക്ഷ്യം' -മുഅതസ് ബർഷിം പറഞ്ഞു. അബ്ദുറഹ്മാൻ സാംബ (400 മീ. ഹർഡിൽസ്), ഫെമി സെൻ ഒഗുനോഡെ (200 മീ.), മുസാഇബ് അബ്ദുൽറഹ്മാൻ ബല്ല,അബ്ദുറഹ്മാൻ സഈദ് ഹസൻ (800 മീ.), മുസാബ് ആദം അലി (1500 മീ.) എന്നീ ഖത്തരി താരങ്ങളും ട്രാക്കിലിറങ്ങുന്നുണ്ട്. -
ദോഹ ഡയമണ്ട് ലീഗ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദോഹ: 2019ന് ശേഷം ആദ്യമായി ദോഹ ഡയമണ്ട് ലീഗ് പഴയ വേദിയിലേക്ക് ഒരിക്കൽ കൂടിയെത്തുമ്പോൾ ലോക ചാമ്പ്യന്മാരും ഒളിമ്പിക് ചാമ്പ്യന്മാരും ഒരിക്കൽ കൂടി മുഖാമുഖം കാണുന്നുവെന്നത് അത്ലറ്റിക്സ് പ്രേമികൾക്ക് ആവേശം പകരും. ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് ഈ വർഷത്തെ വാൻഡ ഡയമണ്ട് ലീഗ് സീസണിന് കൊടിയേറുന്നത്.
ദോഹ ഡയമണ്ട് ലീഗിന്റെ പ്രധാനവേദിയായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ ഇത്തവണയും പഴയ വേദിയിലേക്ക് തന്നെ മത്സരങ്ങൾ മടങ്ങിയെത്തുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.
കൂടുതൽ ഡയമണ്ടിലേക്ക് കണ്ണും നട്ട് ആഷർ സ്മിത്ത്
200 മീറ്ററിൽ നിലവിലെ ലോക ചാമ്പ്യനായ ദിന ആഷർ സ്മിത്തും ഇത്തവണ പുതിയ റെക്കോഡുകൾ തേടി ഡയമണ്ട് ലീഗ് ട്രാക്കിലിറങ്ങുന്നുണ്ട്. 2019ലെ 100 മീറ്റർ ഡയമണ്ട് ലീഗ് ചാമ്പ്യനായ ആഷർ സ്മിത്ത് കഴിഞ്ഞ വർഷം േഫ്ലാറൻസിൽ 200 മീറ്ററിൽ മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. ഒളിമ്പിക്സ് മെഡലിസ്റ്റുകളായ ജമൈക്കൻ താരം ഷെരിക ജാക്സണും അമേരിക്കയുടെ ഗബ്രിയേല തോമസും ഇത്തവണ ദോഹയിൽ ഇറങ്ങും. നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യനായ ക്രിസ്റ്റീൻ എംബോമ പരിക്ക് മൂലംനേരത്തെ പിന്മാറിയിരുന്നു. 2019ൽ ഡയമണ്ട് ലീഗ് ചാമ്പ്യനായ ആഷർ സ്മിത്തിന് 100 മീറ്ററിൽ വീണ്ടും ചാമ്പ്യനാകുന്നതിന് പോയൻറ് കരസ്ഥമാക്കുന്നതിനുള്ള സുവർണാവസരമാണ് ദോഹയിൽ കൈവന്നിരിക്കുന്നത്.
ബർഷിമും ടാംബെരിയും വീണ്ടും
ടോക്യോ ഒളിമ്പിക്സ് ഹൈജംപിൽ സ്വർണം പങ്കിട്ട് ലോകശ്രദ്ധ നേടിയ ഖത്തറിന്റെ മുഅതസ് ബർഷിമും ഇറ്റലിയുടെ മാർകോ ടാംബെരിയും ദോഹ ഡയമണ്ട് ലീഗിൽ വെള്ളിയാഴ്ച സായാഹ്നത്തിൽ ഹൈജംപ് പിറ്റിലിറങ്ങും.ഒളിമ്പിക്സിന് ശേഷം ഇരുവരും ഇതാദ്യമായാണ് ഒരേ വേദിയിലെത്തുന്നത്.2021ലെ ഡയമണ്ട് ലീഗ് ചാമ്പ്യനായ ടാംബേരി കിരീടം നിലനിർത്താനൊരുങ്ങുമ്പോൾ, സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീട നേട്ടത്തിലേക്ക് ചാടാനൊരുങ്ങുകയാണ് ബർഷിം.400 മീറ്റർ ഹർഡിൽസിൽ ഖത്തറിന്റെ അബ്ദുറഹ്മാൻ സാംബയും സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇത്തവണ കിരീട പ്രതീക്ഷയോടെ ഓടാനിറങ്ങും. അമേരിക്കയുടെ റായ് ബെഞ്ചമിനും 400 മീറ്റർ ഹർഡിൽസിൽ സാംബക്ക് വെല്ലുവിളിയുയർത്തി ഓടാനിറങ്ങും.
പോൾ വാൾട്ടിൽ മൊണ്ടോ
ഇൻഡോറിലും ഔട്ട്ഡോറിലും റെക്കോഡുകൾ വാരിക്കൂട്ടുന്ന സ്വീഡന്റെ പോൾവാൾട്ട് താരം മൊണ്ടോ ഡ്യൂപ്ലാൻറിസ് ഡയമണ്ട് ലീഗ് കിരീടം നിലനിർത്താനാകും ദോഹയിൽ ഇറങ്ങുക. 6.20 മീറ്റർ ചാടി ഇൻഡോറിൽ ലോകറെക്കോഡ് സ്വന്തം പേരിലാക്കിയ ഡ്യൂപ്ലാൻറിസ്, 2020ൽ റോമിൽ നടന്ന ഡയമണ്ട് ലീഗിൽ ഔട്ട്ഡോറിൽ 6.15 ചാടി സ്വന്തം നേട്ടം ഉയർത്തുകയും ചെയ്തിരുന്നു.
സൂറിച്ചിന് ശേഷം മാഗി ഇവെൻ
സൂറിച്ചിൽ കഴിഞ്ഞ വർഷത്തെ ഫൈനലിൽ എല്ലാവരെയും ഞെട്ടിച്ച് ഷോട്ട്പുട്ടിൽ ഒന്നാമതെത്തിയ അമേരിക്കയുടെ മാഗി ഇവൻ ദോഹയിൽ സീസൺ തുടക്കത്തിൽ തന്നെ കിരീടം നിലനിർത്താനായി കളത്തിലിറങ്ങും. സ്വന്തം നാട്ടുകാരിയായ ചാസി ഈലെയ്, ജമൈക്കയുടെ ഡാനിയൽ തോമസ്
സ്പ്രിൻറിൽ ചാമ്പ്യന്മാർ മുഖാമുഖം
200 മീറ്ററിൽ തിളങ്ങി നിൽക്കുന്ന ആന്ദ്രേ ഡി ഗ്രാസേ, നോഹ് ലൈൽസ്, ഫ്രെഡ് കെർലി എന്നിവരെല്ലാം ഇത്തവണ ദോഹയിലെത്തിയിട്ടുണ്ട്. ടോക്യോവിൽ നടന്ന ഒളിമ്പിക്സിലെ 200 മീറ്റർ ചാമ്പ്യനാണ് ഡി ഗ്രാസ്. ഒരു നൂറ്റാണ്ടിനു ശേഷം 200 മീറ്റർ സ്വർണം കാനഡക്ക് നേടിക്കൊടുക്കുന്ന ആദ്യ താരമായി ഡി ഗ്രാസ് മാറിയിരുന്നു.
ഡി ഗ്രാസിന് പിന്നിലായി വെള്ളി നേടിയ അമേരിക്കയിൽ നിന്നുള്ള താരമാണ് കെർലി. ഡയമണ്ട് ലീഗിൽ നേരത്തെ സ്വർണം നേടിയ താരം കൂടിയാണ് കെർലി. അതേസമയം, മൂന്ന് ഡയമണ്ട് ലീഗ് ട്രോഫി സ്വന്തം പേരിൽ കുറിച്ച ലൈൽസ്, നിലവിലെ ലോക ചാമ്പ്യനുമാണ്.അവസാനമായി ദോഹയിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ലൈൽസ് സ്വർണം നേടിയത്.
മത്സര ഷെഡ്യൂൾ
• 6.10pm -പോൾവാൾട്ട് (പുരുഷ)
• 6.23pm- ട്രിപ്പ്ൾ ജംപ് (വനിത)
• 6.25pm -ഷോട്ട്പുട്ട് (വനിത)
• 7.04pm- 400മീറ്റർ (വനിത)
• 7.15pm -ഹൈജംപ് (പുരുഷ)
• 7.17pm- 300മീ (വനിത)
• 7.35pm- 400മീ ഹർഡ്ൽസ് (പുരുഷ)
• 7.47pm- ജാവലിൻ ത്രോ (പുരുഷ)
• 7.49pm- 800മീ (പുരുഷ)
• 8.02pm- 100മീ ഹർഡ്ൽസ് (വനിത)
• 8.12pm- 200 മീ (പുരുഷ)
• 8.23pm- 1500മീ (പുരുഷ)
• 8.36pm- 200മീ (വനിത)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.