മീഡിയവൺ സുപ്രീംകോടതി വിധി സ്വാഗതംചെയ്ത് പ്രവാസലോകം
text_fieldsദോഹ: മീഡിയവൺ വിലക്ക് തള്ളിയ സുപ്രീംകോടതി വിധിയെ ഇരുകൈയും നീട്ടി സ്വാഗതംചെയ്ത് പ്രവാസ ലോകവും. 14 മാസംമുമ്പ് മീഡിയവൺ ചാനലിന്റെ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ ഉത്തരവിറങ്ങിയതിനു പിന്നാലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്ന പ്രവാസ ലോകം അതേ ആവേശത്തോടെയാണ് ബുധനാഴ്ച രാവിലെ ഉയർന്ന സുപ്രീംകോടതി വിധിയെയും സ്വാഗതംചെയ്തത്. സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും പോസ്റ്ററുകളും പങ്കുവെച്ചായിരുന്നു സംഘടനകളും വ്യക്തികളും വിധിയെ സ്വാഗതംചെയ്തത്. ഇത് നീതിയുടെ വിജയമാണെന്നായിരുന്നു ഒറ്റക്കെട്ടായുള്ള അഭിപ്രായം.
കെ.എം.സി.സി
പൗരാവകാശങ്ങൾക്കും ഭരണഘടനക്കും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരായ കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റങ്ങൾക്കെതിരായ ശക്തമായ താക്കീതാണ് മീഡിയവൺ കേസിലുണ്ടായ സുപ്രീംകോടതി വിധിയെന്ന് ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സർക്കാറിന്റെ ജനദ്രോഹ-പൗരാവകാശ ധ്വംസനങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന വായ്ത്താരി ഇതോടെ ബന്ധപ്പെട്ടവർ അവസാനിപ്പിക്കേണ്ട സമയമായെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഐ.എം.എഫ്
മീഡിയവൺ ചാനലിന്റെ പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രഗവൺമെൻറ് നടപടി തെറ്റാണെന്നും ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും നിരീക്ഷിച്ചുകൊണ്ടുണ്ടായ സുപ്രീംകോടതി വിധിയെ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്വാഗതം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്ന് ഇത്തരം വിധികൾ തെളിയിക്കുന്നു. നാടിന്റെ സമാധാനം നഷ്ടപ്പെടുത്തി അധികാരത്തിലിരിക്കാൻ വെമ്പുന്ന ശക്തികൾക്ക് താക്കീതും ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസവും നൽകുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ഐ.എം.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഹൈദർ ചുങ്കത്തറ (പ്രസിഡന്റ്, ഇൻകാസ് ഖത്തർ)
മീഡിയവണിനെതിരായ കേന്ദ്രസർക്കാർ വിലക്ക് റദ്ദാക്കിക്കൊണ്ടും ലൈസൻസ് പുതുക്കി നൽകണമെന്നും നിർദേശിച്ചുള്ള സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹവും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ പ്രതീക്ഷ നൽകുന്നതുമാണെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രസ്താവിച്ചു. ഭരണാധികാരികളെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നത് മാധ്യമ ധർമവും ജനാധിപത്യത്തിന്റെ ശക്തിയുമാണ്. ആ നിലക്ക് സുപ്രീംകോടതി വിധിയിലൂടെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. അനീതിക്കെതിരെ ശക്തമായി മുന്നോട്ടുപോകാൻ ഇത് മീഡിയവണിന് മാത്രമല്ല ഇന്ത്യയിലെ എല്ലാ മാധ്യമങ്ങൾക്കും പ്രചോദനമാകുമെന്നും വാർത്തക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
കൾചറൽ ഫോറം
ജനാധിപത്യത്തിന്റെ സൗന്ദര്യവും നാലാം തൂണുമാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ. ഭരണകൂടത്തിന്റെ വ്യതിയാനങ്ങളെയും ജനദ്രോഹ നടപടികളെയും തുറന്നുകാട്ടി ജനങ്ങളുടെ ഭാഗത്തുനിന്ന് സംസാരിച്ച് തിരുത്തൽശക്തിയായി പ്രവർത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് മാധ്യമസ്ഥാപനങ്ങൾ നിർവഹിച്ചുവരുന്നത്.
ഭരണകൂടത്തെ വിമർശിച്ചു എന്ന ഒറ്റക്കാരണത്താൽ മീഡിയവണിനെ വിലക്കിയ സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കൾചറൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ നേരിന്റെയും മർദിതന്റെയും ശബ്ദമായി മാറിയ മീഡിയവണിന്റെ സംപ്രേഷണം തടസ്സപ്പെടുത്തി സത്യം പറയുന്നവരുടെ വായ മൂടിക്കെട്ടുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുക എന്ന സർക്കാർ അജണ്ടയാണ് സുപ്രീംകോടതിവിധിയിലൂടെ പൊളിഞ്ഞത്. ഇത് ജനാധിപത്യ സ്നേഹികൾക്ക് ആഹ്ലാദം പകരുന്നതാണ്.
പ്രവാസ ലോകത്തിന്റെ ശബ്ദമായി എന്നും വർത്തിക്കാറുള്ള മീഡിയവണിന് ധീരമായ പത്രപ്രവർത്തനം തുടരാനാവട്ടെയെന്നും കൾചറൽ ഫോറം ആശംസിച്ചു.
ഐ.എം.സി.സി
അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേരളീയസമൂഹം ഒറ്റക്കെട്ടായി പോരാടിയതിന്റെ ഫലമാണ് മീഡിയവണിന് എതിരായ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി.
ഭരണാധികാരികളുടെ ഇംഗിതങ്ങൾക്കൊത്ത് രൂപപ്പെടുത്തേണ്ടതല്ല മാധ്യമസ്വാതന്ത്ര്യമെന്നും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്കപ്പുറമാണെന്നും കോടതിവിധി ഓർമപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ ജീവവായുവാണ് മാധ്യമസ്വാതന്ത്ര്യം. അത് സംരക്ഷിക്കാൻ സിവിൽ സമൂഹം എന്നും ജാഗരൂകരാകണമെന്നും വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും ഖത്തർ ഐ.എം.സി.സി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പി.സി.എഫ്
വിമർശിക്കുന്ന മാധ്യമങ്ങളെ നിരോധനത്തിലൂടെ തകർക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് മീഡിയവൺ ചാനലിന്റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയെന്ന് ഖത്തർ പി.സി.എഫ് അഭിപ്രായപ്പെട്ടു.
സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടന വിരുദ്ധമല്ലെന്നും ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്ന കോടതിയുടെ പരാമർശം സാധാരണക്കാരന് കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും നിരപരാധികളെ കരി നിയമങ്ങൾ ചുമത്തി ജയിലുകളിൽ അടക്കപ്പെട്ടവർക്കുവേണ്ടി നിയമപോരാട്ടം നടത്തുന്നവർക്ക് ആശ്വാസമാണെന്നും ഗ്ലോബൽ പി.സി.എഫ് അംഗം ഷഫാഅത്ത് വെളിയങ്കോട് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.