തൃശൂർപൂരമാക്കിയ ഡീഗോയുടെ ലോകകപ്പ് വിജയം
text_fields1986ൽ തൃശൂരിലെ അയ്യന്തോളിൽ പത്തു വയസ്സുകാരന്‍റെ കൗതുകത്തോടെയായിരുന്നു ഓരോ പ്രഭാതത്തിലും പത്രത്തിനായി കാത്തിരുന്നത്. മെക്സികോയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ റിപ്പോർട്ടുകൾ ഒരു വരിപോലും വിടാതെ വായിക്കാനിരുന്ന കാലം.
അന്നായിരുന്നു തെക്കനമേരിക്കയിൽ അർജന്‍റീനയെന്ന രാജ്യമുണ്ടെന്നും അവിടെ ഡീഗോ മറഡോണയെന്ന ഫുട്ബാൾ ഇതിഹാസമുണ്ടെന്നുമെല്ലാം കേട്ടറിഞ്ഞത്. മെക്സികോ, വെസ്റ്റ് ജർമനി, ഫ്രാൻസ്, ബെൽജിയം അങ്ങനെ കുറെ രാജ്യങ്ങളും ഗാരി ലിനേകർ, റുഡി വോളർ, സോക്രട്ടീസ് അങ്ങനെ കുറെ കളിക്കാരുടെയും പേരുകളും അറിഞ്ഞു തുടങ്ങിയ നാളുകൾ.പാടങ്ങളിലും മൈതാനിയിലുമെല്ലാം മുതിർന്നവർ പന്തുതട്ടിക്കളിക്കുന്നത് കണ്ട് വളർന്നൊരാൾ എന്ന നിലയിൽ ഫുട്ബാളിനെ ഞാനും ഒപ്പം കൂട്ടുകയായിരുന്നു.
അതിനിടയിലാണ് മെക്സികോയിൽ ലോകകപ്പ് തുടങ്ങുന്നത് അറിയുന്നത്. പത്രവാർത്തകളും അയൽവീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയുമായിരുന്നു കളിയാവേശം തണുപ്പിക്കാൻ ഏക ആശ്രയം.
അയൽവാസിയായ ഷാലിമാർ റഷീദിക്കയുടെ വീട്ടിലെ ടി.വിക്കു മുന്നിലേക്ക് പാതിരാത്രിയിൽ ഞങ്ങളെത്തും. മുതിർന്നവരെല്ലാം വീടിനുള്ളിൽ ടി.വിക്കു മുന്നിലായി ഇടംപിടിക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് പുറത്തായിരുന്നു സ്ഥാനം. ഗോളടിക്കുമ്പോഴും മികച്ച നീക്കങ്ങൾ നടക്കുമ്പോഴും ഉയരുന്ന ആരവങ്ങൾ ആഘോഷമാകും. അങ്ങനെ ഓരോ രാത്രിയിലും കളികാണാനുള്ള യാത്രകൾ ഇന്നും ഓർമയിലുണ്ട്.
ഒടുവിൽ ഫൈനലിൽ ഡീഗോ മറഡോണ ലോക കിരീടം നേടിയപ്പോൾ ഏറെ പ്രിയപ്പെട്ട ഒരാളുടെ വിജയമായി മനസ്സിൽ കൂടുകെട്ടിയതാണ്. ആ കിരീടവിജയവും പിന്നീടുള്ള ഓരോ ലോകകപ്പും ഞങ്ങൾ ചെറു തൃശൂർപൂരമാക്കിതന്നെ മാറ്റി. അന്ന് മനസ്സിൽ കൂടുകെട്ടിയ ഡീഗോ പിന്നെ വിട്ടുപോയിട്ടില്ല. തുടർന്നുവന്ന ഓരോ ലോകകപ്പുകളും ആഘോഷമാക്കി തന്നെ ആസ്വദിച്ചു. 1990 ഇറ്റാലിയ കൂടുതൽ ആവേശത്തോടെ കണ്ടു. മറഡോണക്കുശേഷം സിനദിൻ സിദാനും ലയണൽ മെസ്സിയുടെ അർജന്‍റീനയുമെല്ലാം ഫുട്ബാളിലെ ഇഷ്ടങ്ങളായി ഇപ്പോഴും ഒപ്പമുണ്ട്.
പഴയ പത്താം ക്ലാസുകാരനിൽനിന്ന് വളർന്ന് പ്രഫഷനൽ ഫുട്ബാളിനെ വഴിയായി സ്വീകരിച്ചു.ജിംഖാന തൃശൂരിൽനിന്ന് ഇന്ത്യൻ താരങ്ങൾ ഐ.എം. വിജയനും ജോപോൾ അഞ്ചേരിക്കൊപ്പമെല്ലാം പന്തു തട്ടിയിരുന്നു. കോഴിക്കോട് കെ.ടി.സി, കെ.ആർ.എസ്, എഫ്.സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കുവേണ്ടി കളിച്ച് ഒടുവിലാണ് ദേശീയ ലീഗ് ടീമായ വാസ്കോ ഗോവയിലെത്തുന്നത്.
വലിയൊരു ഫുട്ബാളറാവാനുള്ള സ്വപ്നങ്ങളുമായി വാസ്കോയിൽ സജീവമാകുന്നതിനിടയിലെത്തിയ പരിക്ക് കരിയറിന് ഫുൾസ്റ്റോപ്പായി.പിന്നെ, ചികിത്സയും മറ്റും കഴിഞ്ഞ് കളത്തിൽ തിരിച്ചെത്തുന്നതിനിടയിൽ ജീവിത വഴികളിലേക്ക് നീങ്ങിയിരുന്നു.
ആദ്യ ദുബൈയിലും ശേഷം ഖത്തറിലും പ്രവാസിയായി. 2010ൽ ഖത്തറിലെത്തി, ഇപ്പോൾ തൗഫീഖ് ട്രാവൽസിൽ ജീവനക്കാരനാണ്. എങ്കിലും ഫുട്ബാളിനെ ആവേശത്തോടെ ഇപ്പോഴും നെഞ്ചേറ്റുന്നു. സോൾ ഖത്തർ എഫ്.സിയുടെ പ്രസിഡന്‍റ് കൂടിയാണ് ഹേമനാഥ്.
ടി.വിയിൽ കണ്ട് ആഘോഷമാക്കിയ ലോകകപ്പിൽനിന്നും ഇത്തവണ ഗാലറിയിലെത്തി അർജന്‍റീന, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ വമ്പന്മാരുടെ മത്സരങ്ങൾ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഹേമനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.