ഇൻകാസിൽ ഭിന്നത; ജില്ല കമ്മിറ്റികൾക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsദോഹ: കോൺഗ്രസ് പ്രവാസി വിഭാഗമായ ഖത്തർ ഇൻകാസിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ ജില്ല കമ്മിറ്റികൾക്കെതിരെ കെ.പി.സി.സിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഖത്തർ ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ട് സെൻട്രൽ കമ്മിറ്റി തീരുമാനിച്ച പരിപാടികളുമായി സഹകരിക്കാതെ, ബദൽ പരിപാടികൾ നടത്തിയതിന്റെ പേരിലാണ് ഇൻകാസ് എറണാകുളം, തൃശൂർ ജില്ല കമ്മിറ്റികൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി എട്ടിന് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആസൂത്രണം ചെയ്ത കായികദിന പരിപാടികൾ മാറ്റിവെച്ചിരുന്നു. പകരം രക്തദാന ക്യാമ്പായിരുന്നു നടത്തിയത്. എന്നാൽ, സെൻട്രൽ കമ്മിറ്റിയുമായി സഹകരിക്കാതെ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ കായിക പരിപാടികൾ നടത്തിയെന്നാണ് കെ.പി.സി.സിക്ക് മുമ്പാകെ ലഭിച്ച പരാതികൾ. ഇതിന്റെ പേരിലാണ് ജില്ല കമ്മിറ്റികൾക്ക് എഴു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
എറണാകും ജില്ല പ്രസിഡന്റ് അബ്ദുൽ റഹീം, തൃശൂർ ജില്ല പ്രസിഡന്റ് കമാൽ കല്ലാത്തയിൽ എന്നിവർക്കു പുറമെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫാസിൽ ആലപ്പുഴക്കും കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ ഒപ്പോടുകൂടിയ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
'ഇൻകാസിന്റെ ഔദ്യോഗിക ഭാരവാഹിയായ താങ്കൾ സെൻട്രൽ കമ്മിറ്റി അറിയാതെ ഇൻകാസിന്റെ പേരിൽ സമാന്തരമായി സ്പോർട്സ് മീറ്റ് നടത്താൻ നേതൃത്വം നൽകിയതായി പരാതി ലഭിച്ചുവെന്നും, മറ്റുഭാരവാഹികളുമായി കൂടിയാലോചന നടത്താതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത അച്ചടക്കലംഘനമായി കണക്കാക്കുന്നതായും' ഫാസിൽ ആലപ്പുഴക്കുള്ള കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
'ജില്ല കമ്മിറ്റി നിരന്തരമായി അച്ചടക്ക ലംഘനം നടത്തുന്നതായും സെൻട്രൽ കമ്മിറ്റിയുമായി സഹകരിക്കാതെ വിമത പ്രവർത്തനങ്ങളുമായി പോകുന്നതായും പരാതി ലഭിച്ചതായും ഇത് തികച്ചും അച്ചടക്ക ലംഘനമായി പാർട്ടി വിലയിരുത്തുന്നതായും' എറണാകുളം, തൃശൂർ ജില്ല കമ്മിറ്റിക്കുള്ള വ്യത്യസ്ത കാരണം കാണിക്കൽ നോട്ടീസിൽ പരാമർശിക്കുന്നു. ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിലോ, മറുപടി തൃപ്തികരമല്ലെങ്കിലോ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
എന്നാൽ, സാങ്കേതിക കാരണങ്ങളാൽ സെൻട്രൽ കമ്മിറ്റി നടത്താതെ പോയ പരിപാടി ഏറ്റെടുത്തുനടത്തിയതിനെ സമാന്തരമായി കാണാൻ കഴിയില്ലെന്ന നിലപാടിലാണ് നോട്ടീസ് ലഭിച്ച ജില്ല കമ്മിറ്റികൾ. ദോഹയിലെ കോൺഗ്രസ് പ്രവർത്തകരിൽ വരും ദിവസങ്ങളിൽ ഇൻകാസ് വിഭാഗീയചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നതിനു കാരണമാകുകയാണ് പുതിയ ഷോക്കോസ് നോട്ടീസ്.
എംബസി അനുബന്ധ സംഘടനയായ ഐ.സി.സി തെരഞ്ഞെടുപ്പിൽ ഇൻകാസ് പിന്തുണച്ച സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചുവെന്നാരോപിച്ച് മുതിർന്ന ഇൻകാസ് ഒ.ഐ.സി.സി നേതാവിനെ സംഘടനയിൽനിന്നും മാസങ്ങൾക്ക് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് പുറത്താക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി മുതിർന്ന നേതാവിന്റെ രാജിയുമുണ്ടായി.
തുടർന്ന്, ചില ജില്ല കമ്മിറ്റികളും സെൻട്രൽ കമ്മിറ്റിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയിലെ ഏറ്റവും പുതിയ അധ്യായമാണ് കായിക ദിനത്തിലെ വ്യത്യസ്തമായ പരിപാടികൾ.
ഖത്തറിലെ സംഘടന പ്രവർത്തനങ്ങളിലെ വിഭാഗീയതക്ക് രമ്യമായ പരിഹാരം കാണണമെന്നാണ് സാധാരണ പ്രവർത്തകരായ അനുഭാവികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.