അതിവേഗം വായനപ്പുരയുടെ ഡിജിറ്റലൈസേഷൻ
text_fieldsദോഹ: രാജ്യത്തെ ഏറ്റവും വലിയ വായനപ്പുരയായ ഖത്തർ നാഷനൽ ലൈബ്രറിയിലെ ശേഖരങ്ങൾ ഡിജിറ്റലായി മാറുന്നു. ബ്രിട്ടീഷ് ലൈബ്രറിയുമായി ചേർന്ന് നടക്കുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായി നാഷനൽ ലൈബ്രറിയിലെ ചരിത്രരേഖകളും ഗ്രന്ഥങ്ങളും ചിത്രങ്ങളും ഭൂപടങ്ങളുമെല്ലാമായി 24 ലക്ഷത്തോളം പേജുകൾ വിജയകരമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഇതിനകം സുരക്ഷിതമാക്കിക്കഴിഞ്ഞു. അറേബ്യൻ, ഗൾഫ് മേഖലയുടെ തന്നെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന അതുല്യ ശേഖരങ്ങളുടെ ഡിജിറ്റലൈസേഷനാണ് പുരോഗമിക്കുന്നത്.
ചരിത്രരേഖകളും പുസ്തകങ്ങളും മറ്റും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ നാലാം ഘട്ടം പൂർത്തിയാക്കിയപ്പോഴാണ് 24 ലക്ഷം പിന്നിട്ടത്. ഖത്തർ നാഷനൽ ലൈബ്രറിക്കു കീഴിലെ മുഴുവൻ ശേഖരങ്ങളും 2025ഓടെ ഡിജിറ്റലൈസ് ചെയ്യുകയെന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി, കൈയെഴുത്ത് പ്രതികൾ, ചിത്രങ്ങൾ, ഭൂപടങ്ങൾ, വിവിധ ചരിത്രരേഖകൾ എല്ലാം ആധുനിക സാങ്കേതികവിദ്യകളുടെ കൂടി സഹായത്താലാണ് ഡിജിറ്റലൈസ് ചെയ്ത് മാറ്റുന്നത്. ഗവേഷകർ, ചരിത്രാന്വേഷികൾ, വിദഗ്ധർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആവശ്യക്കാർക്ക് ഖത്തർ നാഷനൽ ലൈബ്രറിയിലെ ഡിജിറ്റൽ രേഖകൾ ലഭ്യമാകും.
ബ്രിട്ടീഷ് ലൈബ്രറിയുമായുള്ള പങ്കാളിത്തം ഡിജിറ്റൽ ശേഖരങ്ങൾ വിപുലീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി ഖത്തർ നാഷനൽ ലൈബ്രറിയുടെ കളക്ഷൻ ഡയറക്ടർ സ്റ്റീഫൻ ജെ ഇപർട് പറഞ്ഞു. ‘കഴിഞ്ഞ ദശകത്തിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ നടന്ന ഇന്ത്യ ഓഫിസ് റെക്കോഡുകളിൽ ഖത്തറിനെയും ഗൾഫ് മേഖലയെയും കുറിച്ചുള്ള ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹകരിച്ചിരുന്നു. ഈ പങ്കാളിത്തം ഖത്തർ ഡിജിറ്റൽ ലൈബ്രറിയിലേക്ക് 24 ലക്ഷത്തിലധികം ചരിത്ര രേഖകളുടെ പേജുകൾ, രേഖകൾ, ഭൂപടങ്ങൾ, ഫോട്ടോഗ്രാഫുകൾ, ചാർട്ടുകൾ, ഡയറി എൻട്രികൾ എന്നിവ ചേർക്കാൻ സഹായകമായി’ -അദ്ദേഹം പറഞ്ഞു.
2022ൽ ആരംഭിച്ച നാലാം ഘട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനം 2025 ഡിസംബറോടെ പൂർത്തിയാവും. വരും നാളിൽ 6.75 പേജുകൾ കൂടി ഡിജിറ്റൽ ലൈബ്രറിയിലേക്ക് ചേർക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷികൾക്കും ഗവേഷകർക്കുമെല്ലാം സൗജന്യമായി ലൈബ്രറിയുടെ സേവനം ഉപയോഗപ്പെടുത്താനാവും. ഇസ്ലാമിക് രേഖകൾ, ഓഡിയോ ഫയൽ ഉൾപ്പെടെ എല്ലാം ഉപയോഗപ്പെടുത്താം.
ബ്രിട്ടീഷ് ലൈബ്രറിയുമായി ചേർന്നുള്ള ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്ക് 2012 ജൂലൈയിലാണ് തുടക്കംകുറിക്കുന്നത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്ര ശേഖരങ്ങളിലേക്ക് ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും ചരിത്രം, മധ്യകാല അറബ് ശാസ്ത്രം, മെഡിക്കൽ സയൻസ്, സാംസ്കാരിക ചരിത്രം എന്നിവയെല്ലാം ചേർക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകമെങ്ങുമുള്ള ആവശ്യക്കാരിലേക്ക് അറബ്, ഇസ്ലാമിക ലോകത്തിന്റെ ചരിത്രം പകർന്നുനൽകാനും ഡിജിറ്റലൈസേഷനിലൂടെ കഴിയും. ആദ്യ രണ്ട് ഘട്ടങ്ങളിൽ 15 ലക്ഷം പേജുകളാണ് ഡിജിറ്റലൈസ് ചെയ്തുതീർത്തത്. മൂന്നാം ഘട്ടത്തിൽ ഒമ്പത് ലക്ഷം പേജുകളും ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു.
വാതിൽ തുറന്ന് അറിവിന്റെ ലോകം
അറിവിന്റെ ലോകമായ ഖത്തർ നാഷനൽ ലൈബ്രറിയുടെ ഡിജിറ്റൽ ലൈബ്രറി ലോകത്തിന്റെ ഏത് കോണിലിരുന്നും ആവശ്യക്കാരന് ഉപയോഗപ്പെടുത്താം. രേഖപ്പെടുത്തപ്പെട്ടതും അപൂർവവുമായ ചരിത്രരേഖകളുടെയും പഠനങ്ങളുടെയും അമൂല്യശേഖരമാണ് ഈ ഡിജിറ്റൽ ലൈബ്രറി. https://www.qdl.qa/en എന്ന ലിങ്ക് വഴി ആർക്കും പ്രവേശിച്ച് ഉപയോഗിക്കാവുന്നതാണ്. വിവിധ വിഷയങ്ങളിലായി ലേഖനങ്ങൾ, ചരിത്രരേഖകൾ, അപൂർവി ചിത്രങ്ങൾ തുടങ്ങിയ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയത്. ഇന്ത്യ ഓഫിസ്, ശൈഖ് ഓഫ് ഖത്തർ, ഗൾഫ് മാപ്, സൗദി അറേബ്യ, കരാറുകൾ, ഫോട്ടോകൾ, വാണിജ്യം, അറബിക് സയൻസ്, ജിയോമെട്രി, മാനുസ്ക്രിപ്റ്റ് എന്നീ ഏറ്റവും കൂടുതൽ അന്വേഷണം നടക്കുന്ന പഠനങ്ങളും സൈറ്റിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.