ഖത്തറിന്റെ നയതന്ത്ര വിജയം; റഷ്യൻ തടവിലായ യുക്രെയ്ൻ കുട്ടികൾ കുടുംബങ്ങളിലേക്ക്
text_fieldsദോഹ: നയതന്ത്ര രംഗത്ത് ഖത്തറിന് മറ്റൊരു പൊൻതൂവൽ കൂടി നൽകി, യുദ്ധത്തെ തുടർന്ന് റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികൾ മാതാപിതാക്കൾക്കരികിലേക്ക്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ സൈന്യം പിടികൂടുകയും അതിർത്തി കടന്ന റഷ്യൻ മേഖലയിൽ കുടുങ്ങുകയും ചെയ്ത് ഒറ്റപ്പെട്ട കുട്ടികളിൽ നാലുപേരുടെ മോചനമാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ സാധ്യമായത്. രണ്ട് മുതൽ 17 വയസ്സുവരെ പ്രായമുള്ളവരാണ് നാല് കുട്ടികൾ. മോചിതരായ എല്ലാവരും മോസ്കോയിലെ ഖത്തർ എംബസി വഴി തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ചേരുമെന്നും, മധ്യസ്ഥ ശ്രമവുമായി സഹകരിച്ച റഷ്യ, യുക്രെയ്ൻ സർക്കാറുകൾക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മാതാപിതാക്കൾക്കൊപ്പം ചേർന്ന് ബാലൻ സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങൾ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ കാതിർ ട്വിറ്ററിലൂടെ പങ്കുവെച്ചു. നാലുപേരിൽ ഒരാൾ റഷ്യയിൽനിന്ന് എസ്തോണിയ, ലാത്വിയ, പോളണ്ട് വഴി യുക്രെയ്നിലെ കുടുംബത്തിനൊപ്പം ഇതിനകം ചേർന്നു. ഒരാൾ ഖത്തർ വഴി മാതാവിനരികിലെത്തിയപ്പോൾ, രണ്ടു പേർ ഖത്തർ വഴി ഈയാഴ്ചതന്നെ യുക്രെയ്നിലെ കുടുംബത്തിലെത്തും. യുദ്ധത്തെ തുടർന്ന് ആയിരക്കണക്കിന് കുട്ടികളെയാണ് റഷ്യൻ സൈന്യം യുക്രെയ്നിൽനിന്ന് കടത്തിക്കൊണ്ടുപോയത്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മോസ്കോയിലെ ഖത്തർ എംബസിയിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആതിഥേയത്വം ഒരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിതമായ യാത്രക്ക് എല്ലാസൗകര്യവും നൽകുകയും അവരെ ഖത്തറിന്റെ സംഘം അനുഗമിക്കുകയും ചെയ്തതു.
ഖത്തറിന്റെ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് റഷ്യൻ കസ്റ്റഡിയിലുള്ള കുട്ടികളിൽനിന്ന് നാലുപേരുടെ മോചനം സാധ്യമായത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിനു പിന്നാലെ ഏറ്റവും സങ്കീർണവും വിവാദവുമായ പ്രശ്നങ്ങളിൽ ഒന്നായിരുന്നു റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികളുടെ ഭാവി. യുദ്ധത്തിനു പിന്നാലെ 16,000 കുട്ടികളെ റഷ്യൻ സൈന്യം കടത്തിക്കൊണ്ടുപോയെന്നായിരുന്നു യുക്രെയ്ൻ ആരോപണം. അതേസമയം, യുദ്ധഭൂമിയിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കാൻ റഷ്യൻ കുടുംബങ്ങൾക്ക് അനുമതിനൽകുന്ന പുടിന്റെ ഉത്തരവ് ഏറെ വിവാദമായിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങൾക്കും വഴിവെച്ചു. ഇതിനിടെയാണ് ഖത്തർ മധ്യസ്ഥശ്രമം ആരംഭിക്കുന്നത്.
കഴിഞ്ഞ ജൂണിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്താൻ ബിൻ ജാസിം ആൽഥാനി മോസ്കോ സന്ദർശിച്ച് പുടിൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് യുക്രെയ്നും സന്ദർശിച്ചു. ഇതിനിടെ, വിവിധ മധ്യസ്ഥശ്രമങ്ങളിൽ ഏതാനും കുട്ടികളെ കുടുംബങ്ങളിലെത്തിക്കാനും കഴിഞ്ഞിരുന്നു. മധ്യസ്ഥദൗത്യത്തിലെ വിജയം അന്തർദേശീയ തലത്തിൽ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആറാം മാസത്തിൽ ഒറ്റപ്പെട്ടവൻ; റഷ്യൻ അധിനിവേശസമയത്ത് ആറു മാസമായ ബാലൻ രണ്ടാം വയസ്സിലാണ് കുടുംബത്തിനൊപ്പം ചേരുന്നത്
ദോഹ: 2022 ഫെബ്രുവരിയിൽ റഷ്യൻസേന യുക്രെയ്ൻ മണ്ണിലേക്ക് അധിനിവേശം നടത്തുമ്പോൾ ആറു മാസം മാത്രമായിരുന്നു അവന്റെ പ്രായം. റഷ്യയിൽനിന്ന് മോചനവാർത്ത അറിയിച്ചുകൊണ്ട് ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്റർനാഷനൽ കോർപറേഷൻ മന്ത്രി ലുൽവ അൽ കാതിർ പങ്കുവെച്ച ചിത്രത്തിൽ മുത്തശ്ശിക്കും റഷ്യൻ പ്രസിഡന്റിന്റെ ബാലാവകാശ കമീഷൻ പ്രസിഡന്റ് മറിയ വോവ ബിലോവകക്കും നടുവിലിരിക്കുന്ന അവന്റെ പ്രായം രണ്ടു വയസ്സ് പിന്നിട്ടിരുന്നു. മോചനത്തിന് മധ്യസ്ഥത വഹിച്ച ഖത്തർ അധികൃതർ സമ്മാനിച്ച പൊതിയിൽനിന്നും ഖത്തറിന്റെ ദേശീയപതാക ഉയർത്തിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയാണ് രണ്ടു വയസ്സുകാരൻ.
യുക്രെയ്നെ റഷ്യ ആക്രമിക്കുമ്പോൾ സിതോമിർ മേഖലയിലെ ആശുപത്രിയിലായിരുന്നു ആറു മാസം മാത്രം പ്രായമുള്ള ബാലൻ. മേഖലയിൽ ആക്രമണം അരങ്ങേറിയതിനു പിന്നാലെ, അമ്മയും മകനും തമ്മിൽ ബന്ധങ്ങൾ നഷ്ടമായി. പിന്നെയാണ് റഷ്യയുടെ അധീനതയിലായി മാറുന്നത്. ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മോസ്കോയിലെ ഖത്തർ എംബസിയിൽ വെച്ച് മുത്തശ്ശിയെ കണ്ട് അവൻ വീണ്ടും കുടുംബത്തിന്റെ തണലിലെത്തുകയായിരുന്നു.
ഏഴുവയസ്സുകാരനായ മറ്റൊരു കുട്ടി എസ്തോണിയ, പോളണ്ട് വഴി യുക്രെയ്നിലെത്തി. അവന്റെ അമ്മ ഇപ്പോഴും റഷ്യൻ തടവിലാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒമ്പത്, 17 വയസ്സുകരാണ് മറ്റു രണ്ടു കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.