കപ്പൽ യാത്ര പാക്കേജുമായി ഡിസ്കവർ ഖത്തർ
text_fieldsദോഹ: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഖത്തർ സമുദ്രത്തിലൂടെ സഞ്ചരിക്കാനും ലോകത്തിലെ ഭീമൻ തിമിംഗല സ്രാവുകളെ കൺമുന്നിൽ തൊട്ടടുത്ത് കാണാനുമായി ഡിസ്കവർ ഖത്തർ അവസരമൊരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള ആഡംബര പര്യവേക്ഷണ കപ്പലിലൂടെയുള്ള രണ്ടാമത് യാത്ര പാക്കേജാണ് ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ഡിവിഷനായ ഡിസ്കവർ ഖത്തർ മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതും കടുത്ത നിയന്ത്രണത്തിലുള്ളതുമായ സമുദ്രമേഖലയിൽ പ്രവേശിക്കുന്നതിനും ഖത്തറിന്റെ സമുദ്ര വൈവിധ്യങ്ങൾ അടുത്തറിയുന്നതിനുമുള്ള അപൂർവ അവസരവുമാണ് ഡിസ്കവർ ഖത്തർ പാക്കേജ്.
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അനുഭവം മേയ് 18 മുതൽ ആഗസ്റ്റ് അവസാനം വരെ ലഭ്യമാകും. എല്ലാ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ 40 സീറ്റുകളുള്ള കാറ്റമരനിലാണ് എട്ടു മണിക്കൂർ നീണ്ട യാത്ര. പ്രകൃതിസ്നേഹികൾക്ക് 16 അതിഥികളെ വഹിക്കാൻ ശേഷിയുള്ള പ്രത്യേക ആഡംബര നൗകയിൽ സ്വകാര്യ ചാർട്ടറുകളും ലഭ്യമാണ്. രണ്ടു യാത്രകളിലും വൈഫൈ, റിഫ്രഷ്മെന്റുകൾ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ ലഭ്യമായിരിക്കും. 249 ഡോളർ മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നത്.
ആഡംബരക്കപ്പലിലെ പഞ്ചനക്ഷത്ര സേവനങ്ങൾക്കൊപ്പം ഖത്തറിന്റെ സമുദ്ര ആവാസവ്യവസ്ഥയെ കുറിച്ച് നേരിട്ടറിയുന്നതിനും യാത്ര സഹായമാകും. പരിചയസമ്പന്നരായ ഗൈഡുമാർ യാത്രികരെ അനുഗമിക്കും. 60 ദശലക്ഷം വർഷത്തിലേറെയായി ഭൂമിയിൽ വസിക്കുന്ന തിമിംഗല സ്രാവ് എന്ന വെയ്ൽ ഷാർക്ക് മത്സ്യത്തിന് 12 മീറ്ററിലധികം നീളം വരും. ഏകദേശം ഒരു വലിയ സ്കൂൾ ബസിനെക്കാളും വരുമിത്.
60 മുതൽ 100 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സായി കണക്കാക്കുന്നത്. വേനൽ ആരംഭിക്കുന്നത് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് തിമിംഗല സ്രാവുകളെ ഖത്തറിൽ കാണപ്പെടുന്നത്. ഖത്തറിന്റെ വടക്കൻ തീരത്തുനിന്നും 80 കിലോമീറ്റർ അകലെയുള്ള അറേബ്യൻ ഉൾക്കടലിനോട് ചേർന്ന അൽ ഷാഹീൻ സമുദ്ര മേഖലയിലാണ് ഇവയെ കൂട്ടത്തോടെ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലിനാണ് ഓരോ വർഷവും ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം മുന്നൂറോളം തിമിംഗല സ്രാവുകളാണ് ഇവിടെ വർഷവും ഒത്തുചേരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.