ലോകകപ്പ് ഓർമകൾ വീണ്ടെടുക്കണോ?
text_fieldsദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഓർമകളിലേക്കൊന്ന് തിരിച്ചുപോകണോ? വിശ്വമേളയുടെ വിജയത്തിനുപിന്നാലെ, ട്രാൻസിറ്റ് ടൂറുകളുടെ പരമ്പരയിലേക്ക് ഡിസ്കവർ ഖത്തർ പുതുതായി അവതരിപ്പിക്കുന്നവയിലൊന്നാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള സന്ദർശന യാത്രകൾ.
കായിക പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്നതും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. അൽ തുമാമ, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ, ലുസൈൽ ഐകണിക് സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നീ അഞ്ചു ഫിഫ വേൾഡ് കപ്പ് സ്റ്റേഡിയങ്ങളുടെ ബാഹ്യ സന്ദർശനമാണ് ടൂറിൽ ഉൾപ്പെടുന്നത്. ലോകകപ്പ് മുൻനിർത്തി രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ചരിത്രവും കോർത്തിണക്കി ഖത്തർ ലോകത്തിനുമുമ്പാകെ തുറന്നുവെച്ച വിസ്മയ കളിമുറ്റങ്ങളുടെ കാഴ്ചാനുഭവങ്ങളാണ് യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വാഗ്ദാനം ചെയ്യുന്നത്.
ഖത്തറിലെ അത്യാധുനിക സ്റ്റേഡിയങ്ങളിലൂടെ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന എക്സ്ക്ലൂസിവ് ട്രാൻസിറ്റ് ടൂറിൽ 2022 ഫിഫ ലോകകപ്പ് ഖത്തർ വീണ്ടും അനുഭവിക്കാൻ ട്രാൻസിറ്റ് യാത്രക്കാർക്ക് അവസരമൊരുക്കുകയാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഡിസ്കവർ ഖത്തർ വാഗ്ദാനം ചെയ്യുന്ന സ്പോർട്സ് സിമുലേറ്റർ സെഷനുകളിലൂടെ ട്രാൻസിറ്റ് യാത്രക്കാരെ അവരുടെ സജീവമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടൂർണമെന്റിന്റെ അവിസ്മരണീയ പതിപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന്റെ ഐക്കണിക് സ്റ്റേഡിയങ്ങൾ സന്ദർശിച്ച് കായിക പ്രേമികൾക്ക് 2022 ഫിഫ ലോകകപ്പ് ആവേശം വീണ്ടും തൊട്ടെടുക്കാനാകും’-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസ്കവർ ഖത്തർ ലോകകപ്പ് സ്റ്റേഡിയം ടൂർ ദോഹയിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് വരെ ഓൺലൈനായോ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഡ്യൂട്ടി ഫ്രീ പ്ലാസയിലെ ഖത്തർ ടൂറിസം/ഡിസ്കവർ ഖത്തർ കിയോസ്കിൽ ഓഫ്ലൈനായോ ബുക്ക് ചെയ്യാം. ടൂറിന്റെ നിരക്ക് മുതിർന്ന ഒരാൾക്ക് 42 ഡോളറും 12 വയസ്സിന് താഴെയുള്ള കുട്ടിക്ക് 21 ഡോളറും രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ്.
നാല് മണിക്കൂറോ അതിൽ കൂടുതലോ ട്രാൻസിറ്റ് ഉള്ള യാത്രക്കാർക്ക്, ഹമദ് ഇന്റർനാഷനൽ എയർപോർട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓറിക്സ് എയർപോർട്ട് ഹോട്ടലിലെ മനോഹരമായ സ്ക്വാഷ് കോർട്ടിൽ രണ്ട് മണിക്കൂർ സ്ക്വാഷിനായി ചെലവിടാനുള്ള അവസരം ഡിസ്കവർ ഖത്തർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓറിക്സ് എയർപോർട്ട് ഹോട്ടലിലെ വൈറ്റാലിറ്റി വെൽബീയിങ് ആൻഡ് ഫിറ്റ്നസ് സെന്ററിലെ ഷവറുകളിലേക്കുള്ള പ്രവേശനവും ആവശ്യമായ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സെഷന്റെ ചാർജ് ആളൊന്നിന് 25 ഡോളറാണ്. ഒരു ബുക്കിങ് നടത്താൻ കുറഞ്ഞത് രണ്ട് ഉപഭോക്താക്കളെങ്കിലും വേണം. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ അടുത്ത കണക്ടിങ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ ഗോൾഫ് ആരാധകർക്ക് ഓറിക്സ് എയർപോർട്ട് ഹോട്ടലി അതിനും അവസരമുണ്ട്. ഒരാൾക്ക് 33 ഡോളറാണ് ഗോൾഫ് ടൂറിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.