മിന്നും ജയവുമായി എൻ.വി.ബി.എസ് താരങ്ങൾ
text_fieldsദോഹ: തിരുവനന്തപുരം ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ച ജയം സ്വന്തമാക്കി ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന സ്ഥാപനമായ എൻ.വി.ബി.എസിലെ താരങ്ങൾ. മേയ് ആദ്യവാരം തിരുവനന്തപുരത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ 19 കളിക്കാരും, മൂന്ന് പരിശീലകരും ഉൾപ്പെട്ട എൻ.വി.ബി.എസ് ടീമാണ് വിവിധ പ്രായ വിഭാഗങ്ങളിലായി കോർട്ടിലിറങ്ങിയത്. കഴിഞ്ഞ വർഷവും എൻ.വി.ബി.എസിൽ നിന്നുള്ള താരങ്ങൾ നാട്ടിലെത്തി ജില്ലാ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷനു കീഴിൽ രജിസ്റ്റർ ചെയ്താണ് പരിശീലകരും രക്ഷിതാക്കളും ഉൾപ്പെടെ സംഘത്തിനൊപ്പം ടീം അംഗങ്ങൾ ദോഹയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. മത്സരത്തിൽ വിജയംകുറിച്ചവർ, സംസ്ഥാന റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി കോച്ചുമാരായ ആഷിഫ് അമീർജാൻ, ആദർശ് എം.എസ് എന്നിവർക്കു കീഴിൽ നാട്ടിൽ തന്നെ പരിശീലനം തുടരുകയാണ്.
വളർന്നുവരുന്ന താരങ്ങൾക്ക് അംഗീകാരമുള്ള മികച്ച ടൂർണമെന്റുകളിൽ മത്സരിക്കാൻ അവസരം ഒരുക്കുകയും, അതുവഴി ഉന്നത റാങ്കിങ് പോരാട്ടങ്ങളിലേക്ക് വാതിൽ തുറക്കുകയുമാണ് എൻ.വി.ബി.എസിന്റെ ലക്ഷ്യമെന്ന് ചീഫ് കോച്ചും സ്ഥാപകനുമായ മനോജ് സാഹിബ്ജാൻ പറഞ്ഞു. ഇത്തരം റാങ്കിങ് ടൂർണമെന്റുകളുടെ പ്രാധാന്യം രക്ഷിതാക്കളെ ബോധിപ്പിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. അക്കാദമിയിലെ സൂപ്പർതാരങ്ങളായ റിയ കുര്യൻ, അഡ്ലിൻ മേരി സോജൻ എന്നിവർ ഗോവയിൽ നടക്കുന്ന അഖിലേന്ത്യ സബ്ജൂനിയർ റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കും. കോച്ച് അഫ്സൽ ഒ.കെയാണ് ഇവരുടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ശക്തമായ മത്സരം നടന്ന അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ സഞ്ജന നകുലൻ ജേതാവായി. കഴിഞ്ഞ ഏപ്രിലിൽ നടന്ന അഖിലകേരള സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ സഞ്ജന റണ്ണർഅപ്പായിരുന്നു.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ് ഇവർ. അണ്ടർ 13 ആൺകുട്ടികളിൽ ജൊനാഹ് ജോബി മുൻ വർഷത്തെ ജേതാവ് അഭിരാമിനെ തോൽപിച്ച് ശ്രദ്ധേയമായ വിജയം നേടി. അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ ജൊനാഹ് മികച്ച പ്രകടനം നടത്തി. ചാമ്പ്യന്മാർ: അഡ്ലിൻ മേരി സോജൻ (അണ്ടർ 17 ഗേൾസ്), റിയ കുര്യൻ (അണ്ടർ 15 ഗേൾസ്), സഞ്ജന നകുലൻ (അണ്ടർ 13 ഗേൾസ്), ആൻഡ്രിയ റീത സോജൻ (അണ്ടർ 11 ഗേൾസ്), നിവേദ്യ അജി (അണ്ടർ 9 ഗേൾസ്), ആദം നൗജസ് (അണ്ടർ 9 ബോയ്സ്), ആൻഡ്രിയ റീത്ത-കാരൾ ബെഥനി (അണ്ടർ 11 ഗേൾസ് ഡബ്ൾസ്). റണ്ണേഴ്സ് അപ്പ്: റിയ കുര്യൻ (അണ്ടർ 17 ഗേൾസ്), കാരൾ ബെഥനി (അണ്ടർ 11 ഗേൾസ്), അർണവ് സന്ദീപ് നായർ (അണ്ടർ 11 ബോയ്സ്), തനിഷ് ദീപൻ (അണ്ടർ 9 ബോയ്സ്), റിയ കുര്യൻ-അഡ്ലിൻ മേരി സോജൻ (അണ്ടർ 17, അണ്ടർ 15 ഡബ്ൾസ്), അർണവ് സന്ദീപ് നായർ- സുഗന്ധ് സുന്ദരപാണ്ഡ്യൻ (അണ്ടർ 11 ബോയ്സ് ഡബ്ൾസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.