ഖത്തർ എയർവേസ് ബ്രാൻഡ് അംബാസഡറായി ദ്യോകോവിച്
text_fieldsദോഹ: ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്. പതിറ്റാണ്ടിലേറെയായി ടെന്നിസിന്റെ ഹാർഡ് കോർട്ടിലും ക്ലേ കോർട്ടിലും കിരീടങ്ങൾ ചൂടിയ സെർബിയൻ സൂപ്പർ താരമായിരിക്കും ഇനി ലോകത്തെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയെന്ന അംഗീകാരങ്ങൾ പലതവണ നേടിയ ഖത്തർ എയർവേസിന്റെ ആഗോള മുഖം.
ദോഹയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ പങ്കാളിത്തം പ്രഖ്യാപിച്ചു. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളും പാരീസ് ഒളിമ്പിക്സ് സ്വർണം ഉൾപ്പെടെ ശ്രദ്ധേയമായ മെഡൽ നേട്ടങ്ങളും സ്വന്തമായുള്ള നൊവാക് ദ്യോകോവിച്, കായികലോകത്തിന് പുറത്തും ആരാധകരുള്ള സ്പോർട്സ് ഐക്കണാണ്.
ഖത്തർ എയർവേസ് കുടുംബത്തിലേക്ക് നൊവാക് ദ്യോകോവിചിനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമുള്ള സേവന മികവുകൊണ്ട് ശ്രദ്ധേയമാണ് ഖത്തർ എയർവേസെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170ലേറെ നഗരങ്ങളിലേക്ക് പറക്കുന്ന ഖത്തർ എയർവേസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ എന്നതിനൊപ്പം വിവിധ ടൂർണമെന്റുകളിലും താരം ഖത്തർ എയർവേസുമായി പങ്കാളിത്തം നിലനിർത്തും. അടുത്ത വർഷം നടക്കുന്ന ഖത്തർ ഓപൺ ടെന്നിസിലും ദ്യോകോവിച് ശ്രദ്ധേയ പങ്കാളിത്തം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.