ബൂസ്റ്റർ ഡോസ് വൈകിപ്പിക്കരുത്
text_fieldsദോഹ: രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈറസിനെതിരെ കരുതലിെൻറ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് പൊതുജനാരോഗ്യ മന്ത്രാലയം. രണ്ടു ഡോസ് വാക്സിനെടുത്ത് ആറുമാസം പിന്നിട്ടവർ ഉടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ടു ലക്ഷത്തോളം ബൂസ്റ്റർ ഡോസ് വാക്സിൻ ഇതിനകം വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് അവസാനത്തിൽ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം സെപ്റ്റംബർ മധ്യത്തോടെയാണ് തുടങ്ങിയത്. കഴിഞ്ഞദിവസം വരെ 1,98,733 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് ആറുമാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് യോഗ്യരാണെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ആറുമാസം പിന്നിടുന്നതോടെ വാക്സിൻ മൂലം ആർജിച്ചെടുത്ത പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി ക്ലിനിക്കൽ പരിശോധനയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്നാണിത്.
കോവിഡ് വാക്സിൻ സ്വീകരിച്ച് ആറുമാസം പിന്നിട്ടവർ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും മന്ത്രാലയം അഭ്യർഥിക്കുന്നുണ്ട്. ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവും പുതിയ ഒമിേക്രാൺ വകഭേദം കണ്ടെത്തിയതും കാരണം, ജനങ്ങൾ സുരക്ഷ ഉറപ്പാക്കണം. ഇതിന് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനങ്ങളിൽ 85.8 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. 12 വയസ്സിൽ താഴെയുള്ളവരും, മറ്റു ഗുരുതര രോഗങ്ങൾ കാരണം ഇളവുനൽകിയവരുമാണ് വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളത്. അതേസമയം, അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ജനുവരിയിൽ രാജ്യത്ത് എത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ബൂസ്റ്റർ ഡോസിന് അപ്പോയിൻമെൻറ് എടുക്കാം
ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവർ 40277077 നമ്പറിൽ പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് അപ്പോയിൻമെൻറ് എടുക്കണം. പി.എച്ച്.സി.സിയുടെ മൊബൈൽ ആപ് 'നർആകും' വഴിയും അപ്പോയിൻമെൻറ് എടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.