മതസൗഹാർദത്തിന്റെ അവശേഷിക്കുന്ന കേന്ദ്രവും തകർക്കരുത് –പി.സി.സി
text_fieldsദോഹ: വിവിധ മതസ്ഥർ ഹൃദയം ചേർന്ന് സഹവർത്തിത്വത്തോടെ വസിക്കുന്ന ഗൾഫ് പ്രവാസ ലോകത്തേക്ക് വർഗീയവിദ്വേഷ പ്രചാരണങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നതാണെന്നും പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ഖത്തർ കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ വർഗീയമായി വേർതിരിക്കുന്ന പ്രസ്താവനയാണ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ കേരള മലയാളം മിഷൻ ഖത്തർ കോഓഡിനേറ്ററും കേരളീയം ഖത്തർ പ്രസിഡന്റുമായ ദുർഗാദാസ് ശിശുപാലൻ നടത്തിയതെന്ന് പ്രവാസി കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപെട്ടു. വർഷങ്ങളായി ഗൾഫ് മേഖലയും ഇന്ത്യയും കാത്തുസൂക്ഷിക്കുന്ന സൗഹൃദ ബന്ധങ്ങൾക്ക് തുരങ്കം വെക്കുന്നതും ഗൾഫ്‌മേഖലയിലെ തൊഴിൽ വിപണിയെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ് ദുർഗദാസിന്റെ പ്രസ്താവന. ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ പതിറ്റാണ്ടുകളുടെ തൊഴിൽ ബന്ധങ്ങളാണ് നിലനിൽക്കുന്നത്.
മതേതരത്വത്തിന് ശക്തിപകരുന്ന ഇടങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന പ്രദേശങ്ങളാണ് ഗൾഫ് രാജ്യങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല. അതുകൂടി തകർത്തുകളയാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവരെ ആരും ഉന്നയിക്കാത്ത ആരോപണമാണ് നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയത്.
മത വർഗീയത വളർത്തി നേട്ടം കൊയ്യാനുള്ള ഇത്തരം ശക്തികളുടെ ശ്രമങ്ങളെ പ്രവാസി സമൂഹം തിരിച്ചറിയണമെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫ് മേഖല ഉൾപ്പെടെ ലോകത്ത് ഏറെ അംഗീകാരവും ആദരവും ലഭിക്കുന്നവരാണ് ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ. അവരെ അപമാനിക്കുന്ന പ്രസ്താവന ഒരു സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
ദുർഗദാസിനെ മലയാള മിഷൻ ഖത്തർ കോഓഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കിയ കേരള സർക്കാർ നടപടി സ്വാഗതാർഹമാണെന്നും സർക്കാറിന്റെ ഇത്തരം സംരംഭങ്ങൾ രാജ്യത്തിന്റെ ബഹുസ്വരതയും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നവരിലൂടെ നടപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രവാസി കോഓഡിനേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
യോഗത്തിൽ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.