വെള്ളവും വൈദ്യുതിയും ഓവറാക്കരുത്: ചൂടുകാലത്ത് ഉപഭോഗം കൂടി; മിതത്വം വേണമെന്ന് -കഹ്റമ
text_fieldsദോഹ: അകവും പുറവും ചുട്ടുപൊള്ളുന്ന വേനലിൽ വെള്ളം-വൈദ്യുതി ഉപയോഗത്തിൽ കരുതൽവേണമെന്ന് അധികൃതർ. ചൂട് കൂടിയതോടെ ആളുകൾ പുറത്തിറങ്ങാതായി. മുഴുവൻ സമയവും വീട്ടിലും മുറിയിലും ഇരിക്കാൻ നിർബന്ധിതരാക്കിയതോടെ വർധിച്ച തോതിലാണ് വൈദ്യുതി-ജല ഉപയോഗം. വരുംദിവസങ്ങളിൽ ഉപഭോഗത്തിൽ നിയന്ത്രണം വേണമെന്ന് ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) ജനങ്ങളോട് നിർദേശിക്കുന്നു. പ്രതിദിനം 8000 മെഗാവാട്ടിന് മുകളിൽ രാജ്യത്തെ ഉപഭോഗം മാറിയതായും അധികൃതർ പറയുന്നു.
ജൂലൈ 18ൽ പ്രതിദിന ഉപയോഗം 7905 മെഗാവാട്ടായിരുന്നെങ്കിൽ ജൂലൈ 24ൽ ഉപയോഗം 8435 മെഗാവാട്ടിലെത്തിയതായി കോർപറേഷൻ ചൂണ്ടിക്കാട്ടി. വെള്ളത്തേക്കാൾ, വൈദ്യുതി ഉപഭോഗമാണ് അതിവേഗത്തിൽ കൂടിയത്. ശോഭനമായ ഭാവിക്ക് വൈദ്യുതി, ജലസംരക്ഷണം അനിവാര്യമാണ്, അതുകൊണ്ട് കരുതലോടെ ഉപയോഗിക്കാം -കഹ്റമ ട്വീറ്റ് ചെയ്തു. വൈദ്യുതി വിതരണത്തിൽ പ്രധാന തടസ്സങ്ങളില്ലാതെ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ ഗ്രിഡിെൻറ സാങ്കേതികപ്രവർത്തനം മെച്ചപ്പെട്ടിരുന്നുവെന്നും കഹ്റമ വ്യക്തമാക്കി.
വൈദ്യുതി, ജല ഉപയോഗം കുറക്കുന്നതിനായി 2012ൽ കഹ്റമ ആരംഭിച്ച ദേശീയ ഈർജക്ഷമത, സംരക്ഷണപരിപാടിയായ തർശീദ് വഴി വൈദ്യുതി, ജല ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഹ്റമക്ക് സാധിച്ചിരുന്നു. തർശീദിലൂടെ 2020ൽ വൈദ്യുതി ഉപഭോഗം 289 ജിഗാവാട്ടായി കുറക്കാനും ജല ഉപഭോഗം 32 ദശലക്ഷം ഘനമീറ്റർ കുറക്കാനും സാധിച്ചിരുന്നുവെന്ന് കഹ്റമ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.