ഹൃദയത്തെ പിണക്കരുതേ...
text_fieldsഡോ. ബിഗേഷ് ഉണ്ണികൃഷ്ണൻ നായർ (നസീം അൽ റബീഹ് മെഡിക്കൽ സെൻറർ) MBBS, MD, DM, FACC, FSCAI (USA) | Cardiology
ഇന്ന് ലോക ഹൃദയ ദിനമാണ്. ഹൃദ്രോഗം ലോകത്ത് വർധിച്ച് വരികയാണ്. ലോകമെമ്പാടും വ്യാപിക്കുന്ന ഹൃദയ സംബന്ധിയായ രോഗങ്ങളെ ചെറുക്കാൻ നടത്തേണ്ട ഇടപെടലുകൾക്കായി നമുക്ക് ഈ ഹൃദയദിനം മാറ്റിവെക്കാം. നിത്യ ജീവിത ചുറ്റുപാടുകളെ, ഹൃദയ രോഗ പരിപാലനത്തിന് ഉതകും വിധം നമുക്ക് ഓരോരുത്തർക്കും മാറ്റിയെടുക്കാം. അവ ഹൃദയ സംബന്ധിയായ നിങ്ങളുടെ ബുദ്ധിമുട്ടുകളെ ലഘൂകരിച്ച് നമുക്കുചുറ്റം ഒരു സുരക്ഷാ വലയം സൃഷ്ടിക്കും.
സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക ഹൃദയ ഫൗണ്ടേഷനാണ് ലോക ഹൃദയ ദിനത്തിൽ ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്നത്. സെപ്റ്റംബർ 29 ആണ് ലോക ഹൃദയ ദിനമായി ആചരിച്ചു വരുന്നത്. ഈ ദിവസത്തിൽ ലോകത്തെമ്പാടും സൗജന്യ ഹൃദയ പരിശോധന, വ്യായാമ പരിശീലനം, പ്രഭാഷണം, ശാസ്ത്രീയ ചർച്ചകൾ, പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ, ഭക്ഷ്യോത്സവങ്ങൾ എന്നിവ നടന്നുവരുന്നു. ഹൃദ്രോഗം ലോകത്ത് വർധിച്ചുവരികയാണെന്ന് പറഞ്ഞല്ലോ. ഹൃദ്രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണ ശരിയാണോ?.
ഞാൻ ചെറുപ്പമാണ്, എനിക്ക് ഹൃദ്രോഗം ഉണ്ടാവില്ല, ഇപ്പോഴത്തെ ആരോഗ്യ ശീലങ്ങളും ജീവിത രീതികളും ഹൃദ്രോഗത്തിൻെറ സാധ്യത വർധിപ്പിക്കും. ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗത്തിലേക്ക് വഴി തുറക്കാൻ ഇത് കാരണമാവും. ഉയർന്ന രക്തസമ്മർദം തിരിച്ചറിയാനാകും, എല്ലായ്പോഴും ഇത് ശരിയല്ല. നിശബ്ദ മരണമെന്ന് രക്തസമ്മർദത്തെ വിശേഷിപ്പിക്കാനും ഇതാണ് കാരണം. ഇടക്ക് രക്ത സമ്മർദം പരിശോധിക്കുകയാണ് ഇത് ചെറുക്കാനുള്ള ഒരേയൊരു മാർഗം.
ഹൃദയം വേഗത്തിൽ സ്പന്ദിക്കുന്നത് ഹാർട്ട് അറ്റാക്ക് വരുത്തും. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ അനുസരിച്ചിരിക്കും ഹൃദയമിടിപ്പിൻെറ വേഗതയും. വ്യായാമം ചെയ്താൽ ഹൃദയമിടിപ്പ് കൂടാം. അതൊന്നും ഹാർട്ട് അറ്റാക്കല്ല. പക്ഷേ, താളംതെറ്റുന്ന ഹൃദയമിടിപ്പിന് പിന്നിൽ രോഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ടാവാം. വിശ്രമിച്ചാൽ ഹൃദയ സ്തംഭനം ചെറുക്കാം. ഹൃദയ സ്തംഭനം നിങ്ങൾക്ക് വിശ്രമംകൊണ്ട് മാറ്റിയെടുക്കാവുന്നതല്ല. ഉടനടി ചികിത്സതേടണം. ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാം.
നെഞ്ചുവേദനിക്കുന്നില്ലെങ്കിൽ, അത് ഹൃദയാഘാതമല്ല. നെഞ്ചുവേദന ഹാർട്ട് അറ്റാക്കിൻെറ ഒരു ലക്ഷണം മാത്രമാണ്. ശ്വാസം കിട്ടാതിരിക്കുക, മനംപുരട്ടൽ, വിയർപ്പ്, തലചുറ്റൽ, ശരീരത്തിൽ വേദന, എല്ലാം ലക്ഷണങ്ങളാണ്.
ഹൃദയസംരക്ഷണത്തിന് നിർദേശങ്ങൾ
- പച്ചക്കറികൾ, പഴങ്ങൾ, പഴവർഗങ്ങൾ, ഉണക്കപ്പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- മത്സ്യങ്ങൾ (സാൽമൺ, മത്തി, അയല മത്സ്യങ്ങൾ ), ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- സസ്യ എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.
- അനാരോഗ്യകരമായ (ട്രാൻസ്ഫാറ്റ്) ഭക്ഷണങ്ങൾ ഒഴിവാക്കുക.
- പ്രമേഹം, ഉയർന്ന രക്ത സമ്മർദം, ഉയർന്ന കൊളസ്ട്രോൾ ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ഈ രോഗങ്ങൾ നിയന്ത്രണവിധേയമായി നിലനിർത്തുക.
- ശരീരത്തിൻെറ ഉയരത്തിന് ആനുപാതികമായിട്ടുള്ള ശരീരഭാരമാണ് ഒരാൾക്കുള്ളത് എന്ന് ഉറപ്പുവരുത്തുക.
- ദിവസേന നമ്മുടെ ദിനചര്യയുടെ ഭാഗമായി കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക.
- പുകവലി പരിപൂർണമായി ഉപേക്ഷിക്കുക.
- പതിവായി ആരോഗ്യപരിശോധന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.